അഗർത്തല: ത്രിപുരയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ജൽ ചക്മക്ക് തന്‍റെ കുടുംബത്തെ കുറിച്ചുണ്ടായത് വലിയ സ്വപ്നങ്ങളായിരുന്നു. തനിക്ക് മൾട്ടിനാഷനൽ കമ്പനിയിൽ ജോലി ലഭിച്ചതോടെ പിതാവിനോട് കഠിനാധ്വാനം ചെയ്തത് മതിയെന്നും ഇനി വിശ്രമിക്കേണ്ട സമയമാണെന്നും ഓർമിപ്പിക്കുമായിരുന്നു.
കുട്ടിക്കാലം മുതൽക്കെ അഞ്ജൽ മിടുക്കനായ വിദ്യാർഥിയായിരുന്നെന്നും കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്നു അവനെന്നും അഞ്ജലിന്‍റെ അമ്മാവൻ മോമെൻ ചക്മ പറഞ്ഞു. എം.ബി.എ വിദ്യാർഥിയായിരുന്ന അഞ്ജൽ കാമ്പസ് പ്ലേസ്മെന്റിലൂടെ ഒരു ഫ്രഞ്ച് മൾട്ടിനാഷനൽ കമ്പനിയിൽ ജോലി നേടിയത് അടുത്തകാലത്തായിരുന്നു. പിതാവ് ബി.എസ്.എഫ് ജവാനാണ്. ജോലിയിൽ നിന്നും സ്വമേധയാ വിരമിക്കാൻ പലപ്പോഴും അഞ്ജൽ പിതാവിനോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറയുന്നു.
തന്‍റെ ആദ്യ ശമ്പളം കൊണ്ട് കുടുംബത്തിന് സമ്മാനം നൽകാനും അഞ്ജൽ പദ്ധതിയിട്ടിരുന്നു. ഇളയ സഹോദരന്റെ വിദ്യാഭ്യാസ ചെലവുകളും ഏറ്റെടുക്കാൻ അവൻ തയാറായിരുന്നു. ഈ മാസം ഒമ്പതിന് സാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെയാണ് അഞ്ജലിനും സഹോദരനും ചിലരുമായി വാക്ക്തർക്കമുണ്ടായതും ആക്രമണത്തിൽ കലാശിച്ചതും. കഴുത്തിലും വയറിലും ഗുരുതര പരിക്കേറ്റ് ചികിത്സക്കിടെയാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.