ഷോപ്പിങ് മാളിലെ പുള്ളിപ്പുലി, വനപാതക്കരികിൽ മദ്യം കുടിക്കുന്ന കടുവ, പാറക്കെട്ടിൽ നിന്ന് താഴെയുള്ള ട്രക്കിലേക്ക് വീഴുന്ന ആന...ഇതൊന്നും നടന്നതല്ല. എങ്കിലും 2025ൽ, ദശലക്ഷക്കണക്കിന് ആളുകൾ അത് യഥാർഥത്തിൽ സംഭവിച്ചതുപോലെ കാണുകയും പങ്കിടുകയും പ്രതികരിക്കുകയും ചെയ്തു.
ഇന്ത്യയിലുടനീളം കൃത്രിമബുദ്ധി സൃഷ്ടിച്ചതും വളരെയധികം കൃത്രിമത്വം കാണിക്കുകയും ചെയ്ത വന്യജീവി വിഡിയോകളുടെ ദ്രുതഗതിയിലുള്ള വളർച്ച കണ്ട വർഷമായും 2025 ഓർമിക്കപ്പെടും. യാഥാർത്ഥ്യത്തിനും കെട്ടിച്ചമക്കലിനും ഇടയിലുള്ള അതിരുകൾ വ്യാജ വിഡിയോ നിർമാതാക്കൾ അമ്പരപ്പിക്കും വിധം മങ്ങിച്ചു.
ഇത് നിരുപദ്രവകരമായ കബളിപ്പിക്കൽ മാത്രമായി ഒതുങ്ങുന്നില്ല. തെറ്റായ വിവരങ്ങൾ നൽകുന്നതിനേക്കാൾ കൂടുതലാണ് ഇത്തരം വിഡിയോകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ എന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. മനുഷ്യരെപ്പോലെ പെരുമാറുന്നതും മനുഷ്യവാസ കേന്ദ്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നതുമായ മൃഗങ്ങളെയാണ് ഇത്തരത്തിൽ ചിത്രീകരിക്കുന്നത്.
2025ൽ നഗരങ്ങൾതോറും പ്രചരിച്ച വ്യാജ വന്യജീവി വിഡിയോകൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ ആവർത്തിച്ചുള്ള വിശദീകരണങ്ങൾ നൽകാൻ നിർബന്ധിതരാക്കി. ചില സന്ദർഭങ്ങളിൽ പൊലീസ് നടപടിക്കും കാരണമായി.
കഴിഞ്ഞ ഒരു മാസമായി ഔന്ധ്, ബവ്ധാൻ, പാഷാൻ-സുതർവാഡി തുടങ്ങിയ പ്രദേശങ്ങളിലും വിമാനത്താവളത്തിനടുത്തും പുള്ളിപ്പുലിയെ കണ്ടതായി സ്ഥിരീകരിച്ചെന്ന വ്യാജ വാർത്തക്ക് മഹാരാഷ്ട്ര വനം വകുപ്പ് അടുത്തിടെ ഒരു മുന്നറിയിപ്പ് നൽകി. നഗരത്തിൽ പുള്ളിപ്പുലികളെക്കുറിച്ച് വ്യാജ ചിത്രങ്ങളോ സന്ദേശങ്ങളോ സൃഷ്ടിക്കുന്നതോ അറിഞ്ഞുകൊണ്ട് പ്രചരിപ്പിക്കുന്നതോ ആയ ആർക്കും ക്രിമിനൽ കേസുകൾ നേരിടേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ, രാജ്യമെമ്പാടും ഈ രീതി ആവർത്തിച്ചവർഷമാണിത്. കഴിഞ്ഞ ഒക്ടോബറിൽ പുള്ളിപ്പുലികൾ ചുറ്റിത്തിരിയുന്നുണ്ടെന്ന് അവകാശപ്പെടുന്ന വൈറൽ പോസ്റ്റുകൾ ലക്നോ നിവാസികളുടെ ഉറക്കം കെടുത്തി. അധികൃതരുടെ സൂക്ഷ്മ പരിശോധനയിൽ ദൃശ്യങ്ങൾ പൂർണമായും എ.ഐ സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി. ക്ലിപ്പുകൾ എഡിറ്റ് ചെയ്ത് യഥാർഥമെന്ന നിലയിൽ പ്രചരിപ്പിച്ചതിന് ഒരു യുവാവിനെ പിന്നീട് അറസ്റ്റ് ചെയ്തു.
ഈ വർഷം ആദ്യം മുംബൈയിലെ ഫീനിക്സ് മാർക്കറ്റ് സിറ്റി മാളിനുള്ളിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം കാണിക്കുന്ന ഒരു വൈറൽ ക്ലിപ്പ് പുറത്തുവന്നതിനെത്തുടർന്ന് സമാനമായ പരിഭ്രാന്തി ഉണ്ടായി. വിദഗ്ദ്ധർ ഇത് ഒരു ഡീപ്ഫേക്ക് ആണെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വാസ്തവത്തിൽ ഒരു മൃഗവും മാളിനുള്ളിൽ പ്രവേശിച്ചിരുന്നില്ല.
ഒക്ടോബർ അവസാനത്തിൽ പെഞ്ച് ടൈഗർ റിസർവിന് സമീപം ഒരു മനുഷ്യൻ വളരെ ലാഘവത്തോടെ ഒരു കടുവയെ ലാളിക്കുകയും മദ്യം നൽകുകയും ചെയ്യുന്ന ഒരു ക്ലിപ്പ് വൈറലായി. വിഡിയോ പൂർണമായും കെട്ടിച്ചമച്ചതാണെന്ന് വനം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എന്നാൽ, കാട്ടു കടുവകളെ സമീപിക്കാനും ഭക്ഷണം നൽകാനും കഴിയുമെന്ന ആശയം പ്രചരിച്ചത് ഈ രംഗത്തെ വിദഗ്ധരെ ആശങ്കാകുലരാക്കി. ഇത്തരം കെട്ടിച്ചമക്കലുകളുടെ വ്യാപ്തി വർധിച്ചുകൊണ്ടിരിക്കുകയാണ്.
ഇത്തരം ചിത്രീകരണങ്ങൾ മനുഷ്യ സ്വഭാവവിശേഷങ്ങൾ മൃഗങ്ങളിൽ പ്രദർശിപ്പിക്കുകയും യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത ആശയങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കടുവകൾ മനുഷ്യ സമ്പർക്കം തേടുകയില്ല. അവക്ക് ഭക്ഷണം നൽകാനോ സമീപിക്കാനോ കഴിയില്ല. ഇത്തരത്തിലുള്ള ഓരോ വൈറൽ ക്ലിപ്പും തുറന്നുകാട്ടപ്പെടുമ്പോൾ പോലും അവ തെറ്റിദ്ധാരണകൾ അവശേഷിപ്പിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കേസുകൾ രജിസ്റ്റർ ചെയ്യാനും വിഡിയോകൾ അന്വേഷിക്കാനും ഓൺലൈനിൽ അപ്‌ലോഡ് ചെയ്‌താൽ നീക്കം ചെയ്യാനും കഴിയും. എന്നാൽ വാട്സ്ആപ്പ് പോലുള്ള സ്വകാര്യ സന്ദേശമയക്കൽ പ്ലാറ്റ്‌ഫോമുകൾ വഴി ഉള്ളടക്കം പ്രചരിച്ചുകഴിഞ്ഞാൽ ഉറവിടം കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടായിത്തീരുന്നു.
ഇത്തരം വ്യാജ നിർമിതികൾ പുലികളിലും കടുവകളിലും ഒതുങ്ങുന്നില്ല. ഡിസംബർ 9ന്, പാറക്കെട്ടിൽ നിന്ന് ചലിക്കുന്ന ട്രക്കിലേക്ക് ഒരു ആന വീഴുന്നത് കാണിക്കുന്ന ഒരു ഹൈപ്പർ റിയലിസ്റ്റിക് വിഡിയോ ഓൺലൈനിൽ അതിവേഗം പ്രചരിച്ചു. ഇന്ത്യയിലെ ആന ഇടനാഴികൾ ഉൾപ്പെടുന്ന മേഖലയിലെ ദാരുണമായ അപകടത്തെയാണ് ഇത് ചിത്രീകരിക്കുന്നതെന്ന് ഉപയോക്താക്കൾ അവകാശപ്പെട്ടു. ഇത് പൂർണമായും എ.ഐ സൃഷ്ടിച്ചതായിരുന്നു. രാജ്യത്ത് എവിടെയും ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
എ.ഐ ഉള്ളടക്കം കൂടുതൽ ഭാവനാത്മകവും സവിശേഷവുമായി മാറിക്കൊണ്ടിരിക്കുകയാണെന്നും പല കാഴ്ചക്കാർക്കും യഥാർഥമായത് എന്താണെന്ന് പറയാൻ കഴിയാത്ത ഒരു ഘട്ടത്തിലെത്തിയിട്ടുണ്ടെന്നും ജാർഖണ്ഡിലെ ദുംകയിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ സാത്വിക് വ്യാസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.