ഡെറാഡൂൺ: ത്രിപുരയിലെ വിദ്യാർഥി ആഞ്ജൽ ചക്മയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇതുവരെ വംശീയ അധിക്ഷേപത്തിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന ഡെറാഡൂൺ പൊലീസ്. മദ്യവിൽപനശാലയിൽ കൂട്ടമായി എത്തിയ അക്രമികൾക്കിടയിലുള്ള ചില ‘പരിഹാസങ്ങളെ’ എതിർത്തപ്പോൾ യുവാവ് കോപിച്ചെന്നും ഇതെത്തുടർന്നാണ് ആക്രമിച്ചതെന്നുമാണ് പൊലീസിന്റെ വാദം.
സംഭവത്തിന് വംശീയ കാരണങ്ങളുണ്ടെന്ന് ആരോപിച്ചുള്ള സമൂഹ മാധ്യമ പോസ്റ്റുകൾ പൊലീസ് ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഡെറാഡൂൺ സീനിയർ പോലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു. ‘ഇതുവരെയുള്ള ഞങ്ങളുടെ അന്വേഷണത്തിൽ വംശീയ വിവേചനത്തിനോ അക്രമത്തിനോ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല’ എന്നാണ് എസ്.പി പറയുന്നത്.
എന്നാൽ, തന്നെ വംശീയമായി അധിക്ഷേപിച്ച് മെറ്റൽ ചെയ്ൻ കൊണ്ട് മർദിച്ചുവെന്നും ജ്യേഷ്ഠൻ രക്ഷിക്കാൻ വന്നപ്പോൾ അവന്റെ ദേഹത്ത് കത്തി കുത്തിയിറക്കിയെന്നും ഡെറാഡൂണിൽ കൊല്ലപ്പെട്ട എം.ബി.എ വിദ്യാർഥിയുടെ സഹോദരൻ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്.
അതേസമയം, സംഭവം നടന്ന ഡിസംബർ 9നും അഞ്ജൽ മരിച്ച ഡിസംബർ 26നും ഇടയിൽ, വംശീയ അധിക്ഷേപത്തിന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് എസ്.എസ്.പി പറയുന്നത്. കേസിൽ ഫയൽ ചെയ്ത എഫ്.ഐ.ആറിൽ ‘വംശീയ പക്ഷപാതപരമായ ആരോപണങ്ങളൊന്നും പരാമർശിക്കുന്നില്ല’ എന്നും കൂട്ടിച്ചേർത്തു. സെലാകി പ്രദേശത്ത് നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ നൽകിക്കൊണ്ട് പ്രതികളിലൊരാളായ മണിപ്പൂർ സ്വദേശിയായ സൂരജ് ഖ്വാസ് ഡിസംബർ 9ന് ഒരു ജന്മദിന പാർട്ടി സംഘടിപ്പിച്ചതായി സിങ് പറഞ്ഞു.
എഫ്.ഐ.ആറിൽ പേരുള്ള ആറ് പ്രതികളിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തതായി എസ്.എസ്.പി പറഞ്ഞു. ഇവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണെന്ന് കണ്ടെത്തി തിരുത്തൽ കേന്ദ്രത്തിലേക്ക് അയച്ചു. മൂന്ന് പേർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഹരിദ്വാറിലും മറ്റും മുമ്പ് ജോലി ചെയ്തിരുന്ന നേപ്പാൾ സ്വദേശിയായ യാഗ്‌രാജ് അവസ്തി (22) ഒളിവിലാണ്. അയാളെ കണ്ടെത്താൻ ഞങ്ങളുടെ ടീമുകൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അയാളുടെ പേരിൽ 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രദേശവാസികളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും സിംഗ് പറഞ്ഞു. ഇതുവരെ, മരിച്ചയാൾക്കെതിരെ വംശീയ അധിക്ഷേപം നടത്തിയതായി ഒരു പ്രതിയും കണ്ടെത്തിയിട്ടില്ല -അദ്ദേഹം പറഞ്ഞു. അന്വേഷണം ന്യായമായും സുതാര്യമായും നടക്കുന്നുണ്ടെന്നും അതനുസരിച്ച് കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.
‘വംശീയമായി അധിക്ഷേപിച്ച് മെറ്റൽ ചെയ്ൻ കൊണ്ട് മർദിച്ചു; രക്ഷിക്കാൻ വന്നപ്പോൾ കത്തി കുത്തിയിറക്കി’; ഡെറാഡൂണിൽ കൊല്ലപ്പെട്ട എം.ബി.എ വിദ്യാർഥിയുടെ സഹോദരൻ
ഡെറാഡൂൺ: എങ്ങനെയാണ് തങ്ങൾ ആക്രമിക്കപ്പെട്ടതെന്ന് വിവരിച്ച് ഡെറാഡൂണിൽ കൊല്ലപ്പെട്ട ത്രിപുരയിൽ നിന്നുള്ള എം.ബി.എ വിദ്യാർഥിയുടെ സഹോദരൻ. പടിഞ്ഞാറൻ ത്രിപുര ജില്ലയിലെ നന്ദനഗർ നിവാസിയായ 24 കാരനായ ആഞ്ചൽ ചക്മ, 17 ദിവസം ഡെറാഡൂണിലെ ആശുപത്രിയിൽ കഴിഞ്ഞതിന് ശേഷം ഡിസംബർ 26ന് മരണമടഞ്ഞു. ഒരു സംഘം പേർ മൂർച്ചയുള്ള വസ്തുക്കളും മെറ്റൽ ചെയ്നും ഉപയോഗിച്ച് തലക്കും പുറകിലും ഗുരുതരമായി മർദിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഡിസംബർ 9 ന് സെലാകുയി പ്രദേശത്താണ് സംഭവം.
തിങ്കളാഴ്ച പുറത്തുവന്ന ഒരു വിഡിയോയിൽ ഹിന്ദുത്വ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിലേക്ക് നയിച്ച സംഭവങ്ങൾ ആഞ്ചലിന്റെ ഇളയ സഹോദരൻ മൈക്കിൾ വിവരിക്കുന്നു. ‘ഞാനും എന്റെ സഹോദരനും ഞങ്ങളുടെ രണ്ട് സുഹൃത്തുക്കളും സാധനങ്ങൾ എടുക്കാൻ പോയതായിരുന്നു. അവിടെ എത്തിയപ്പോൾ ഒരു കൂട്ടം ആളുകളെ കണ്ടു. അവർ മദ്യപിച്ചിരുന്നു. ഞങ്ങൾ ബൈക്കുകളിൽ മടങ്ങാനൊരുങ്ങുമ്പോൾ അവരെന്നെ അധിക്ഷേപിക്കാൻ തുടങ്ങി. എന്നെ ‘ചിങ്കി’ എന്ന് വിളിക്കുകയും പരിഹസിക്കുകയും ചെയ്തു -അദ്ദേഹം കൂട്ടിച്ചേർത്തു. (‘ചിങ്കി‘ എന്നത് ചൈനീസ് അല്ലെങ്കിൽ കിഴക്കനേഷ്യൻ വംശജരെ ലക്ഷ്യം വെച്ചുള്ള നിന്ദ്യമായ വംശീയ അധിക്ഷേപമാണ്).
‘തുടർന്ന് എന്തിനാണ് തന്നെ അധിക്ഷേപിക്കുന്നതെന്ന് ചോദിച്ചപ്പോൾ അവർ ആക്രമിച്ചു. അവർ കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന് എനിക്കറിയില്ല. അവരെന്നെ നേരിട്ട് ആക്രമിച്ചു. ഒരു ലോഹച്ചെയ്ൻ കൊണ്ട് അടിക്കാൻ തുടങ്ങി. രക്ഷിക്കാൻ വന്ന സഹോദരന്റെ നട്ടെല്ലിനരികിൽ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് കുത്തി. അവിടെ നിന്നും അദ്ദേഹത്തെ ഐ.സിയുവിലേക്കാണ് കൊണ്ടുപോയത്’ - മൈക്കിൾ പറഞ്ഞു.
വിഡിയോയിൽ അവന്റെ തലയിലെ പരിക്കുകളും കാണാം. കുടുംബത്തിനൊപ്പം പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് കാറിൽവെച്ച് വിഡിയോ റെക്കോർഡുചെയ്‌തത്. ആഞ്ചൽ ചക്മയുടെ പിതാവും വാഹനത്തിലുണ്ടായിരുന്നു.
‘ഡെറാഡൂണിലെ ആഞ്ചൽ ചക്മക്കും സഹോദരൻ മൈക്കിളിനും സംഭവിച്ചത് ഭയാനകമായ ഒരു വിദ്വേഷ കുറ്റകൃത്യമാണ്. വെറുപ്പ് ഒറ്റരാത്രികൊണ്ട് പ്രത്യക്ഷപ്പെടുന്നില്ല. വർഷങ്ങളായി, ഇത് ദിവസവും പ്രത്യേകിച്ച് നമ്മുടെ യുവാക്കളിൽ വിഷലിപ്തമായ ഉള്ളടക്കത്തിലൂടെയും നിരുത്തരവാദപരമായ വിവരണങ്ങളിലൂടെയും പോഷിപ്പിക്കപ്പെടുന്നു. ഭരണകക്ഷിയായ ബി.ജെ.പിയുടെ വിദ്വേഷം വമിപ്പിക്കുന്ന നേതൃത്വം ഇത് സാധാരണവൽക്കരിക്കുന്നു’ എന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
‘ഭയത്തിലും ദുരുപയോഗത്തിലുമല്ല. ബഹുമാനത്തിലും ഐക്യത്തിലുമാണ് ഇന്ത്യ കെട്ടിപ്പടുത്തിരിക്കുന്നത്. സ്നേഹത്തിന്റെയും വൈവിധ്യത്തിന്റെയും രാജ്യമാണ് നമ്മുടേത്. സഹ ഇന്ത്യക്കാരെ ലക്ഷ്യമിടുന്ന സമയത്ത് തിരിഞ്ഞുനോക്കാത്ത നിർജീവ സമൂഹമായി നാം മാറരുത്. നമ്മുടെ രാജ്യം എന്തായിത്തീരുന്നുവെന്ന് നാം ചിന്തിക്കുകയും നേരിടുകയും വേണം -രാഹുൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.