കേന്ദ്രം കോടതികള്‍ അടച്ചിടാന്‍ നോക്കുന്നു -സുപ്രീംകോടതി

ന്യൂഡല്‍ഹി: ജഡ്ജിമാരില്ലാതെ കോടതികള്‍ അടച്ചിടാനാണ് കേന്ദ്ര സര്‍ക്കാര്‍ നോക്കുന്നതെന്ന് സുപ്രീംകോടതി. ജഡ്ജി നിയമനം നടത്താത്തതിന് പ്രധാനമന്ത്രിയുടെയും നിയമവകുപ്പിലെയും ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസയക്കുന്ന സാഹചര്യമുണ്ടാക്കരുതെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ച്  മുന്നറിയിപ്പുനല്‍കി. കോടതിയുടെ രോഷപ്രകടനത്തിന്‍െറ കാഠിന്യം മനസ്സിലാക്കിയ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി, നോട്ടീസയക്കരുതെന്നും നവംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കോടതിക്ക് അനുകൂലമായ വിവരവുമായി വരുമെന്നും പറഞ്ഞു.

സുപ്രീംകോടതി കൊളീജിയം സമര്‍പ്പിച്ച പട്ടികയില്‍ എട്ടില്‍ രണ്ട് നിയമനവും നടത്തിയെന്ന റോത്തഗിയുടെ പരാമര്‍ശമാണ് ബെഞ്ചിനെ ചൊടിപ്പിച്ചത്. ബാക്കി ആറ് നിയമനമെന്തായി എന്ന് ചോദിച്ച് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, 88 ജഡ്ജിമാരെ നിയമിക്കാനുള്ള പട്ടിക തങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഓര്‍മിപ്പിച്ചു. ഏതെങ്കിലും പേരുകളില്‍ സര്‍ക്കാറിന് പ്രശ്നമുണ്ടെങ്കില്‍ അക്കാര്യം പറയണം. അല്ലാതെ കോടതികളെ നിശ്ചലമാക്കരുതെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

165 ജഡ്ജിമാര്‍ ആവശ്യമുള്ള അലഹബാദ് ഹൈകോടതിയില്‍ 77 പേരേയുള്ളൂ. കര്‍ണാടക ഹൈകോടതിയില്‍ ഒരുനില ജഡ്ജിമാരില്ലാതെ അടച്ചിട്ടിരിക്കുകയാണ്. ജഡ്ജിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നടപടി പത്രത്തിന് അന്തിമരൂപം നല്‍കേണ്ടതുണ്ടെന്നായിരുന്നു റോത്തഗി ഇതിനുനല്‍കിയ മറുപടി. നടപടിപത്രം നിയമനത്തെ ബാധിക്കില്ളെന്നായിരുന്നില്ളേ സര്‍ക്കാര്‍ പറഞ്ഞിരുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. നടപടി പത്രത്തിനാണ് നിങ്ങള്‍ കാത്തിരിക്കുന്നതെങ്കില്‍ പിന്നെന്തിനാണ് തന്ന പട്ടികയില്‍നിന്ന് ചില ജഡ്ജിമാരെ മാത്രം നിയമിച്ചത്? സുപ്രീംകോടതിയുടെ സഹിഷ്ണുതാപരമായ സമീപനംകൊണ്ട് കാര്യം നടക്കുന്നില്ളെന്നാണ് തോന്നുന്നത്.

അതിനാല്‍ ജഡ്ജി നിയമനപ്രക്രിയ സര്‍ക്കാര്‍ മുക്കുന്നതുതടഞ്ഞ് ഒരുവിധി സുപ്രീംകോടതി ഇറക്കാം. സുപ്രീംകോടതികളിലും ഹൈകോടതികളിലും ജഡ്ജിമാരെ നിയമിക്കുന്നതിന് നടപടിപത്രമുണ്ട്. ഇതിന്‍െറ പേരില്‍ ജഡ്ജി നിയമനം വൈകാതിരിക്കാന്‍ അഞ്ചംഗ ബെഞ്ചിനെക്കൊണ്ട് ഒരു വിധിയങ്ങ് പുറപ്പെടുവിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Tags:    
News Summary - Don't Make It About Ego, Supreme Court Warns Centre Over Selecting Judges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.