ന്യൂഡൽഹി: എച്ച്-1ബി വിസ ഫീസ് കുത്തവെ വർധിപ്പിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിലപാട് തള്ളി ശശി തരൂർ. യു.എസ് നടപടി ഭാവിയിൽ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് തരൂർ പറഞ്ഞു. ‘എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട യു.എസ് നടപടിയിൽ ദോഷൈക ദൃക്കാവേണ്ടതില്ല. ഇത് തിരിച്ചടിയാണ്, അപ്രതീക്ഷിതമാണ്. കുറഞ്ഞ കാലത്തേക്ക് വ്യക്തികൾക്കും കമ്പനികൾക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കിയേക്കും. എന്നാൽ, ദീർഘകാലത്തേക്ക് ഇത് ഇന്ത്യയെ ശക്തിപ്പെടുത്തും. എപ്പോഴും ഇരയാക്കപ്പെടുന്നുവെന്ന തോന്നൽ പാടില്ല,’- ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞു.
ട്രംപിന്റെ പെരുമാറ്റം പ്രവചനാതീതമാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. ‘അദ്ദേഹം പ്രവചനാതീതമായി ഈ വർഷം ആദ്യം നമ്മളെ പ്രതിരോധത്തിലാക്കി ഒരുപക്ഷേ, വരുന്ന മാസങ്ങളിൽ ഇതിന് വിപരീതമായി ഇന്ത്യക്ക് കൂടുതൽ ഗുണം ചെയ്യുന്ന തീരുമാനങ്ങളിലേക്ക് നീങ്ങിയേക്കാം,’-തരൂർ കൂട്ടിച്ചേർത്തു.
അമേരിക്കൻ വിസ പ്രോഗ്രാമിൻറെ കടക്കൽ കത്തിവെക്കുന്നതാണ് നിലവിൽ എച്ച്-1ബി വിസയിലെ സർക്കാർ തീരുമാനമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ഇത് ഇന്ത്യക്ക് ഗുണകരമാവും. അമേരിക്കക്ക് സോഫ്റ്റ്വെയർ മേഖലയിൽ വിദഗ്ദരുടെയും എഞ്ചിനീയർമാരുടെയും കുറവുണ്ട്. നിലവിൽ അവിടെ ഇന്ത്യക്കാർ ചെയ്യുന്ന ജോലികൾ ഭാവിയിൽ ഇംഗ്ളണ്ടിലോ അയർലാൻഡിലോ ഫ്രാൻസിലോ ജർമനിയിലോ ഉള്ള ശാഖകളിലേക്ക് മാറ്റാൻ കമ്പനികൾ നിർബന്ധിതരാവും. ഇന്ത്യയിലും സമാനമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടേക്കാമെന്നും തരൂർ പറഞ്ഞു.
എച്ച്-1ബി വിസയിലെ യു.എസ് തീരുമാനത്തിൽ തീവ്രവലതുപക്ഷത്തിന് വലിയ പങ്കുണ്ടെന്ന് തരൂർ പറഞ്ഞു. വിഷയത്തിൽ മോദി ഗവർണമെന്റിന്റെ പ്രതികരണം കൃത്യമാണ്. ഇന്ത്യ നിലപാടുകളിൽ കൂടുതൽ ശക്തമാകണം. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതാണ് അമേരിക്ക ഇന്ത്യക്ക് മേൽ അധിക നികുതി ചുമത്താനായുള്ള കാരണമായി വ്യക്തമാക്കിയത്. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ മരിച്ചുവെന്ന ട്രംപിന്റെ അപമാനകരമായ പ്രസ്താവനയും തരൂർ ചൂണ്ടിക്കാണിച്ചു. ഇത്തരം സന്ദർഭങ്ങളിൽ ഇന്ത്യ നിലപാടുകളിൽ കൂടുതൽ ദൃഢത കാണിക്കേണ്ടതുണ്ടെന്ന് തരൂർ പറഞ്ഞു. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ കുറിച്ചുള്ള ട്രംപിന്റെ പരാമർശത്തെ ശരിവെക്കുന്ന രീതിയിലുള്ള രാഹുൽ ഗാന്ധിയുടെ നിലപാടിനെ പരോക്ഷമായി വിമർശിക്കുന്നതായിരുന്നു തരൂരിന്റെ വാക്കുകൾ.
‘പൊടുന്നനെ ഇന്ത്യയുമായി നല്ല ബന്ധമാണെന്ന് ട്രംപ് പറയുന്നു. മോദി എന്റെ സുഹൃത്താണെന്ന് പറയുന്നു. ജന്മദിനത്തിന് ആശംസ അറിയിക്കുന്നു. വ്യാപാരക്കരാറിൽ ചർച്ചകൾ പുനരാരംഭിക്കുന്നു.’ ഇതെല്ലാം ഇന്ത്യ-യു.എസ് ബന്ധത്തെ കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങളാണ്. കുറഞ്ഞ കാലത്തേക്ക് പ്രക്ഷുബ്ദമായ കടലിലെ കപ്പൽ പോലെയാവും നമ്മൾ. എന്നാൽ, ഭാവിയിൽ ഈ ബന്ധം ശക്തമാവാൻ നിരവധി അടിസ്ഥാനപരമായ കാരണങ്ങളുണ്ട്. പ്രതിരോധമടക്കം മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടപാടുകൾ ചൂണ്ടിക്കാണിച്ച് തരൂർ പറഞ്ഞു. വീണ്ടും മോദിയെ വിളിച്ച ട്രംപിന്റെ നിലപാട് ഇരുരാജ്യങ്ങൾക്കുമിടയിൽ വഷളായ ബന്ധം പുനഃസ്ഥാപിക്കാനുള്ള നീക്കമായും വിലയിരുത്താം. എന്നാൽ, കോളിന് പിന്നാലെ എച്ച്-1ബി വിസ നിരക്ക് ട്രംപ് കുത്തനെ ഉയർത്തിയെന്നും തരൂർ പറഞ്ഞു.
വിഷയത്തിൽ പ്രധാനമന്ത്രി മോദിക്കെതിരെ കോൺഗ്രസ് കടുത്ത വിമർശനമുന്നയിക്കുന്നതിനിടെയാണ് തരൂരിന്റെ പരാമർശങ്ങൾ. യു.എസ് നടപടിക്ക് പിന്നാലെ, മോദി ദുർബലനായ പ്രധാനമന്ത്രിയാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. ആലിംഗനങ്ങൾക്കായി ഇന്ത്യയുടെ വിദേശ നയങ്ങളിൽ മോദി വെള്ളംചേർക്കുന്നുവെന്നായിരുന്നു കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വിമർശനം.
അതേസമയം, സമ്മർദ്ദങ്ങൾ സ്വയം സജ്ജരാവാൻ രാജ്യത്തെ ശക്തമാക്കുമെന്ന് പ്രചരിപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. യു.എസ് നടപടിക്ക് പിന്നാലെ, ഇതര രാജ്യങ്ങളോടുള്ള ആശ്രിതത്വമാണ് ഇന്ത്യയുടെ വലിയ ശത്രുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പരാമർശിച്ചതും ഈ നിലപാടിൽ നിന്നുകൊണ്ടാണ്. ഇതിന് സമാന്തരമായ നിലപാടാണ് നിലവിൽ തരൂർ സ്വീകരിക്കുന്നത്. ഇത് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.