ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ടി.വി.കെയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കിയ കോൺഗ്രസിെന്റയും ഡി.എം.കെയുടെയും നേതാക്കൾ തമ്മിൽ പ്രസ്താവന പോര് രൂക്ഷം. പാർട്ടിയെ കോൺഗ്രസ് പിന്നിൽനിന്ന് കുത്തിയതായി ഡി.എം.കെ യുവജനവിഭാഗം സെക്രട്ടറി ഉദയനിധി സ്റ്റാലിൻ ആരോപിച്ചു. ചെന്നൈ അണ്ണാ അറിവാലയത്തിൽ നടന്ന യുവജനവിഭാഗം ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മതേതര സ്വഭാവം കാത്തുസൂക്ഷിക്കാൻ ഡി.എം.കെ പ്രവർത്തകർ വിയർപ്പും രക്തവും ചിന്തിയാണ് കോൺഗ്രസ് സ്ഥാനാർഥികളെപോലും വിജയിപ്പിച്ചത്. എന്നാൽ, രാഷ്ട്രീയ മര്യാദപോലും പാലിക്കാതെ, ഡി.എം.കെ അധ്യക്ഷൻ സ്റ്റാലിനോട് ഒരു നന്ദിവാക്കുപോലും പറയാതെയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസം കോൺഗ്രസ് മറുകണ്ടം ചാടിയത്. ഇനിയൊരിക്കലും ഡി.എം.കെ കോൺഗ്രസിനെ വിശ്വസിക്കില്ല. ഒരുകാലത്തും കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്നും ഉദയനിധി സ്റ്റാലിൻ പ്രഖ്യാപിച്ചു.
അതിനിടെ, ബി.ജെ.പി മുൻകൈയെടുത്ത് ഡി.എം.കെ, അണ്ണാ ഡി.എം.കെ കക്ഷികൾ ചേർന്ന് പുതിയ രാഷ്ട്രീയ സഖ്യം രൂപവത്കരിച്ച് സർക്കാറുണ്ടാക്കാൻ ശ്രമം നടന്നതായി കോൺഗ്രസ് നേതാവും എം.പിയുമായ മാണിക്കം ടാഗോർ പ്രസ്താവിച്ചു. വിജയ് യുടെ നേതൃത്വത്തിൽ സർക്കാർ വരുന്നത് തടയുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം ആരോപിച്ചു. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവും തമിഴ്നാട് ടൂറിസം മന്ത്രിയുമായ എസ്. രാജേഷ്‍കുമാറും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.