യോഗശാല നിർത്തലാക്കൽ: ബി.ജെ.പിക്കെതിരെ ജനകീയ നീക്കവുമായി കെജ്രിവാൾ, വാട്സ്ആപ്പ് നമ്പർ പുറത്തിറക്കി

ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി നടപ്പാക്കിയ സൗജന്യ യോഗ പരിശീലന പദ്ധതിയായ 'ദില്ലി കി യോഗശാല' നിർത്തലാക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തെ ജനകീയമായി ചെറുക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി നിവാസികൾക്ക് സൗജന്യ യോഗ ക്ലാസുകൾ നൽകുന്നതിനായി 2021 ഡിസംബറിലാണ് പദ്ധതി ആരംഭിച്ചത്.

എന്നാൽ, ബി.ജെ.പിയുടെ സമ്മർദത്തെ തുടർന്ന് യോഗ പദ്ധതിക്ക് ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന അനുമതി നൽകിയിരുന്നില്ല. ഇതോടെ 250ഓളം അധ്യാപകർക്ക് ശമ്പളം മുടങ്ങി പദ്ധതി നിർത്തലാക്കേണ്ട ഘട്ടത്തിൽ എത്തിയിരുന്നു. എന്നാൽ, ജനകീയമായി ഫണ്ട് ശേഖരിച്ച് പദ്ധതി തുടരുമെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചു.

പദ്ധതിക്ക് പണം നൽകാൻ തയാറുള്ളവർ 7277972779 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടണ​മെന്ന് അദ്ദേഹം അറിയിച്ചു. 'ജനങ്ങൾക്ക് ജോലി നൽകാൻ ബി.ജെ.പി തയാറല്ല. ഡൽഹിയിലെ ജനങ്ങൾ ആരോഗ്യത്തോടെ ഇരിക്കാൻ സൗജന്യമായി യോഗ പഠിക്കുന്നു. ഇതും ബി.ജെ.പിക്ക് ഇഷ്ടമല്ല. യോഗ പരിശീലനം നിർത്തലാക്കാൻ ബി.ജെ.പി കഴിവതും ശ്രമിച്ചു. പക്ഷെ വിജയിച്ചില്ല. ഡൽഹിയിൽ സൗജന്യമായി ആളുകളെ യോഗ പഠിപ്പിക്കുന്നത് തുടരും. യോഗ ക്ലാസുകൾ നിർത്തില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു' -കെജ്രിവാൾ പറഞ്ഞു.

യോഗ അധ്യാപകരുമായി ​കെജ്രിവാൾ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഒപ്പമുണ്ടായിരുന്നു. 'ബി.ജെ.പിയും എൽ.ജി സാഹിബും (ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന) എത്ര ശ്രമിച്ചാലും ഡൽഹിക്കാർക്ക് നൽകുന്ന യോഗ ക്ലാസുകൾ നിർത്താൻ അനുവദിക്കില്ല. നിങ്ങൾ വിഷമിക്കേണ്ട, യോഗ അധയാപകരുടെ പ്രതിമാസ പ്രതിഫലം ഞാൻ തരും. രാജ്യമൊട്ടാകെ നടപ്പാക്കേണ്ടിയിരുന്ന മാതൃക തടയാൻ എല്ലാ രാഷ്ട്രീയ ശക്തികളും രംഗത്തിറങ്ങിയിരിക്കുകയാണ്' -കെജ്രിവാൾ പറഞ്ഞു.

'രാജ്യത്തെ 130 കോടി ജനങ്ങളും സൗജന്യമായി യോഗ ചെയ്യുന്ന ഒരു ദിവസമാണ് എന്റെ ലക്ഷ്യം. ഡൽഹിയിലെ യോഗശാലയിലെ പരിശീലനം വഴി ആസ്ത്മ, പക്ഷാഘാത രോഗികൾ സുഖം പ്രാപിച്ചു. ഇന്ന് ഡൽഹിയിൽ 17,000 പേർ സൗജന്യമായി യോഗ ചെയ്യുന്നുണ്ട്. ഡൽഹിയിലെ 17 ലക്ഷം പേർ യോഗ ചെയ്യണം. ഡൽഹിയിൽ ആരോഗ്യ സേവനങ്ങൾ ഞങ്ങൾ മികച്ചതാക്കി. നിരവധി മൊഹല്ല ക്ലിനിക്കുകൾ തുറന്നിട്ടുണ്ട്. ഇനി സ്ത്രീകൾക്കായി പ്രത്യേക മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിക്കും. നേരത്തെ ഡൽഹി സർക്കാർ ആശുപത്രികളുടെ സ്ഥിതി മോശമായിരുന്നു. അവ ഇപ്പോൾ മികച്ചതായിരിക്കുന്നു. മരുന്നുകളും പരിശോധനകളും എല്ലാം സൗജന്യമാക്കി' -അദ്ദേഹം കൂട്ടിച്ചേർത്തു.  

Tags:    
News Summary - Dilli Ki Yogshala: Delhi CM Kejriwal issues WhatsApp number to contribute towards salaries of yoga teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.