ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് എന്നൊരു സംവിധാനം ഇല്ലെന്ന് വ്യാപക ബോധവത്കരണം നടത്തിയിട്ടും ആളുകൾ കെണിയിൽ വീഴുന്നത് തുടരുന്നു. ഡൽഹിയിൽ കഴിഞ്ഞദിവസം തട്ടിപ്പിന് ഇരയായത് ഡോക്ടർ ദമ്പതികളാണ്. ഓം തനേജ, ഇന്ദിര തനേജ എന്നീ വൃദ്ധ ദമ്പതികളെ ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 17 ദിവസത്തോളം വീട്ടുതടങ്കലിലാക്കി സൈബർ കുറ്റവാളികൾ 14.85 കോടി രൂപയാണ് തട്ടിയെടുത്തത്. ഡിസംബർ 24 മുതൽ ജനുവരി ഒമ്പതുവരെയാണ് ഇവരെ ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ വീട്ടു തടങ്കലിലാക്കിയത്.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായി) ഉദ്യോഗസ്ഥനാണെന്ന വ്യാജേന ഇന്ദിരയുടെ ഫോണിലേക്ക് ഒരാൾ വിളിച്ചാണ് തട്ടിപ്പിന്റെ തുടക്കം. ഇന്ദിരയുടെ ഫോൺ നമ്പർ അശ്ലീലവും അധിക്ഷേപകരവുമായ കാളുകൾക്ക് ഉപയോഗിക്കുകയാണെന്നും ഉടൻതന്നെ ബ്ലോക്ക് ചെയ്യപ്പെടുമെന്നും പറഞ്ഞ ഉദ്യോഗസ്ഥൻ പിന്നീട് ഇന്ദിര കള്ളപ്പണം വെളുപ്പിക്കലിൽ ഏർപ്പെട്ടിട്ടുണ്ടെന്നും മഹാരാഷ്ട്രയിൽ അറസ്റ്റ് വാറന്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു.
പിന്നാലെ, യൂനിഫോം ധരിച്ച ഒരാൾ വിഡിയോ കാൾ ചെയ്ത് ഇന്ദിരയുടെ പേരിലുള്ള കാനറ ബാങ്ക് അക്കൗണ്ട് രാജ്യസുരക്ഷയെ ബാധിക്കുന്ന തട്ടിപ്പിനായി ഉപയോഗിച്ചതായി പറഞ്ഞു. തുടർന്ന് ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്തെന്ന് അറിയിച്ച് രണ്ടാഴ്ചക്കാലം ദമ്പതികളെ വീട്ടുതടങ്കലിലാക്കി സദാ നിരീക്ഷണത്തിലാക്കുകയും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിൽ പണം അയപ്പിച്ച് 14.85 കോടി രൂപ തട്ടിയെടുക്കുകയുമായിരുന്നു.
48 വർഷം അമേരിക്കയിൽ ജീവിച്ച് 2015ൽ വിരമിച്ചതിനു ശേഷമാണ് ഇരുവരും തിരികെയെത്തിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റങ്ങൾ തങ്ങളുടെ പേരുകളിൽ ചുമത്തപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് പരിഭ്രാന്തരായതെന്ന് ഡോക്ടർ ദമ്പതികൾ പറഞ്ഞു.
ദിവസങ്ങളോളം ഇവരെ നിരീക്ഷണത്തിലെന്നു പറഞ്ഞ് പിടിച്ചു നിർത്തിയായിരുന്നു തട്ടിപ്പ്. ഇതിനിടെ, എട്ട് വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചു. രണ്ട് കോടിയും 2.10 കോടിയുമായി പല തവണകളായാണ് വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്തത്. ഓരോ തവണയും ബാങ്കിലെത്തി വൻ തുക അയക്കാൻ ശ്രമിക്കുമ്പോൾ സംശയങ്ങൾ ചോദിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥർക്ക് എന്ത് മറുപടി നൽകണമെന്നും തട്ടിപ്പുകാർ പരിശീലിപ്പിച്ചതായി ദമ്പതികൾ പൊലീസിനോട് പറഞ്ഞു. ബാങ്ക് മാനേജർ സംശയം പ്രകടിപ്പിച്ചപ്പോഴും തട്ടിപ്പുകാർ പറഞ്ഞു പഠിപ്പിച്ച മറുപടിയായിരുന്നു ഇവർ നൽകിയത്.
ഒടുവിൽ റിസർവ് ബാങ്കിൽ നിന്നും പണം തിരികെ ലഭിക്കുമെന്നും, പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തപ്പോൾ മാത്രമാണ് തട്ടിപ്പ് വിവരം പുറത്താവുന്നത്. തട്ടിപ്പുകാരുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് ലൈനിൽ എത്തിയപ്പോഴും തട്ടിപ്പു സംഘം ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചു. ഒടുവിൽ സ്റ്റേഷനിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥർ അറിയിക്കുമ്പോൾ മാത്രമാണ് ദമ്പതികൾ തങ്ങൾ സൈബർ തട്ടിപ്പിനിരയായ കാര്യം മനസ്സിലാക്കുന്നത്.
ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ രാജ്യത്തുനിന്നും 100 കോടി രൂപ തട്ടിയെടുത്ത, തായ്വാനുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സൈബർ കുറ്റവാളി സംഘത്തിലെ ഏഴുപേരെ പിടികൂടി ഡൽഹി പൊലീസ്. പഹൽഗാം ഭീകരാക്രമണം, ഡൽഹി സ്ഫോടനം തുടങ്ങി തീവ്രവാദ സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെയും മറ്റു സുരക്ഷാ ഏജൻസികളുടെയും ഉദ്യോഗസ്ഥരായി നടിച്ച് ഡിജിറ്റൽ അറസ്റ്റ് നടത്തി പണം തട്ടിയ തായ്വാൻ പൗരൻ ഉൾപ്പെടെ ഏഴുപേരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും 22 സിം ബോക്സ് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, റൂട്ടറുകൾ, സി.സി.ടി.വി കാമറകൾ, പാസ്പോർട്ടുകൾ, വിദേശ സിം കാർഡുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
വിദേശത്തുനിന്ന് ഫോൺ കാളുകൾ വിളിച്ചിരുന്ന പ്രതികൾ ഇരകളെ ഇന്ത്യൻ നമ്പറിൽ നിന്നാണ് കാൾ വരുന്നതെന്ന് വിശ്വസിപ്പിക്കാൻ സിം ബോക്സ് ഇൻസ്റ്റാലേഷനുകൾ ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.