എട്ട് മാസമായി മൻസൂർ അഹമ്മദ് മണ്ണിൽ തിരയുകയാണ്; സ്വന്തം മകന്‍റെ മൃതദേഹത്തിനായി

ശ്രീനഗർ: എട്ട് മാസമായി മൻസൂർ അഹമ്മദ് വഗായ് മണ്ണ് കിളച്ച് തെരച്ചിലിലാണ്. താൻ തെരഞ്ഞുകൊണ്ടിരിക്കുന്നത് ഒടുവിൽ കണ്ടെത്തുക തന്നെ ചെയ്യുമെന്നാണ് അയാളുടെ പ്രതീക്ഷ. അത്, സ്വന്തം മകന്‍റെ ചേതനയറ്റ ശരീരമായിരിക്കുമെന്നും അയാൾക്ക് അറിയാം. തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സ്വന്തം മകന്‍റെ മൃതദേഹമെങ്കിലും കണ്ടെത്താനായാണ് എട്ട് മാസമായി മൻസൂർ അഹമ്മദ് വഗായ് തെരഞ്ഞുകൊണ്ടിരിക്കുന്നത്.

കരസേനയിലെ പട്ടാളക്കാരനായിരുന്നു മൻസൂർ അഹമ്മദിന്‍റെ 25കാരനായ മകൻ ഷാക്കിർ മൻസൂർ. കഴിഞ്ഞ വർഷം ആഗസ്റ്റ് രണ്ടിനാണ് തീവ്രവാദികൾ ഷാക്കിറിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട്, തിരികെ ലഭിച്ചത് ഷാക്കിറിന്‍റെ രക്തത്തിൽ കുളിച്ച വസ്ത്രങ്ങൾ മാത്രമാണ്. വസ്ത്രം കണ്ടെത്തിയ സ്ഥലത്തും പരിസര പ്രദേശങ്ങളിലുമായി ഈ 56കാരൻ മാസങ്ങളായി സ്വന്തം മകന്‍റെ ചേതനയറ്റ ശരീരം തിരയുന്നു.

അവസാനമായി ഒരു പെരുന്നാൾ ദിനത്തിലാണ് ഷാക്കിർ വീട്ടിലെത്തിയതെന്ന് മൻസൂർ അഹമ്മദ് ഓർക്കുന്നു. അന്ന് എല്ലാവരും ഒത്തുകൂടി ഭക്ഷണം കഴിച്ചു. അൽപസമയം കഴിഞ്ഞ് ഷാക്കിർ വിളിച്ചു. സുഹൃത്തുക്കളുമായി ഒരു സ്ഥലം വരെ പോവുകയാണെന്നും സേനയിൽ നിന്ന് അന്വേഷിച്ചാൽ താൻ പോയതിനെ കുറിച്ച് പറയരുതെന്നും ഷാക്കിർ പറഞ്ഞു. എന്നാൽ, അപ്പോഴേക്കും അവനെ തീവ്രവാദികൾ പിടികൂടിക്കഴിഞ്ഞിരുന്നുവെന്ന് പിതാവ് പറയുന്നു. പിടികൂടിയവർ അവനെ അവസാനമായി വീട്ടിലേക്ക് വിളിക്കാൻ അനുവദിക്കുകയായിരുന്നു.



(ഷാക്കിർ മൻസൂർ)

 

ഷാക്കിർ ഉപയോഗിച്ചിരുന്ന വാഹനം അടുത്ത ദിവസം രാവിലെ കുൽഗാമിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഒരാഴ്ചക്ക് ശേഷം വീടിന് മൂന്ന് കിലോമീറ്റർ അകലെ ലാധുര എന്ന സ്ഥലത്തുനിന്ന് ഷാക്കിറിന്‍റെ രക്തത്തിൽ കുളിച്ച വസ്ത്രം കണ്ടെത്തി. ഷാക്കിറിന്‍റെ മൃതദേഹം എവിടെയെന്നതിനെ കുറിച്ച് ആർക്കും സൂചനയുണ്ടായിരുന്നില്ല.

''അടുത്ത ദിവസം എന്‍റെ മരുമകൾ ഉഫൈറ, ഷാക്കിറിനെ സ്വപ്നം കണ്ടു. തന്‍റെ വസ്ത്രം കണ്ട സ്ഥലത്ത് മൃതദേഹം കുഴിച്ചുമൂടിയിട്ടുണ്ടെന്ന് സ്വപ്നത്തിൽ ഷാക്കിർ ഉഫൈറയോട് പറഞ്ഞു. ഷാക്കിറിനെ എങ്ങനെയെങ്കിലും കണ്ടെത്തിയാൽ മതിയെന്നായിരുന്നു ഞങ്ങൾക്ക്. തുടർന്ന് അയൽക്കാരെല്ലാം ചേർന്ന് പ്രദേശത്താകെ മണ്ണിൽ പരിശോധന നടത്തി. എന്നാൽ ഒന്നും കിട്ടിയില്ല''



(ഷാക്കിർ മൻസൂർ)

 

''ഇക്കഴിഞ്ഞ മാസങ്ങളിലൊന്നും എനിക്ക് സ്വസ്ഥമായി ഉറങ്ങാൻ പോലും കഴിഞ്ഞിട്ടില്ല. ഷാക്കിറിന്‍റെ മൃതദേഹം ലഭിക്കാതെ, അവന് ശരിയായ അന്ത്യകർമങ്ങൾ ചെയ്ത് യാത്രയാക്കാതെ എനിക്കെങ്ങിനെ ഉറങ്ങാൻ സാധിക്കും. ഗ്രാമവാസികൾക്കെല്ലാം പ്രിയങ്കരനായിരുന്നു അവൻ. എല്ലാവരും തിരച്ചിലിനുണ്ടായിരുന്നു. പക്ഷേ, അവനെ കിട്ടിയില്ല'' -മൻസൂർ അഹമ്മദ് പറഞ്ഞു.

ആരാണ് ഷാക്കിറിനെ തട്ടിക്കൊണ്ടുപോയതെന്ന് തനിക്ക് അറിയാമെന്ന് മൻസൂർ അഹമ്മദ് പറയുന്നു. ഇവരെല്ലാം പിന്നീട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പല തീവ്രവാദ ഗ്രൂപ്പുകളോടും മകന്‍റെ മൃതദേഹത്തെ കുറിച്ച് അന്വേഷിച്ചിരുന്നു. പക്ഷേ, തട്ടിക്കൊണ്ടുപോയവരുമായി ബന്ധമില്ലെന്നാണ് അവരെല്ലാം അറിയിച്ചത്.

ഷാക്കിറിനെ കാണാതായതിന് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്രവാദികളുടെ ശബ്ദരേഖ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്ന പ്രദേശവാസികളായ തീവ്രവാദികളുടെ മൃതദേഹം കുടുംബത്തിന് കൈമാറാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഷാക്കിറിന്‍റെ മൃതദേഹവും കുടുംബത്തിന് കൈമാറില്ലെന്നായിരുന്നു അവർ പറഞ്ഞത്. 2020 മാർച്ചിന് ശേഷം തീവ്രവാദികളുടെ മൃതദേഹം കുടുംബത്തിന് കൈമാറുന്നില്ല.



(ഷാക്കിറിന്‍റെ രക്തം പുരണ്ട വസ്ത്രങ്ങളുമായി പിതാവ് മൻസൂർ അഹമ്മദ്)

 

ഷാക്കിറിനെ കാണാതായതായാണ് പൊലീസ് രേഖകളിലുള്ളത്. കൊലപ്പെടുത്തിയതായോ കുഴിച്ചുമൂടിയതായോ ഉള്ള തെളിവുകൾ തങ്ങൾക്ക് ഇല്ലെന്ന് പൊലീസ് പറയുന്നു.

മരിച്ചിട്ടും രാജ്യസ്നേഹിയായ തന്‍റെ മകനെ ഒരു രക്തസാക്ഷിയായി പ്രഖ്യാപിക്കാത്തതിൽ രോഷാകുലനാണ് പിതാവ്. രാജ്യത്തിന് വേണ്ടി നിലകൊണ്ടതിനാണ് അവൻ മരിച്ചത്. ജീവൻ രക്ഷിക്കാൻ അവർക്കായില്ല. മൃതദേഹം കണ്ടെത്താനും കഴിഞ്ഞില്ല. അവനെ തീവ്രവാദികൾ ക്രൂരമായി പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയത്. അവനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്നാണ് സർക്കാറിനോട് ആവശ്യപ്പെടാനുള്ളത്. അവന്‍റെ മൃതദേഹം കണ്ടെത്തിയാലെങ്കിലും അതിന് സാധിച്ചേക്കും എന്ന് കരുതിയാണ് മാസങ്ങളായി ഞാൻ അവനെ തിരയുന്നത് -മൻസൂർ അഹമ്മദ് പറയുന്നു.

സംഘർഷങ്ങളാൽ കലുഷിതമായ കശ്മീരിൽ കഴിഞ്ഞ 30 വർഷത്തിനിടെ എണ്ണായിരത്തോളം പേരെ കാണാതായെന്നാണ് കണക്ക്. ഇതിൽ നിരവധി പേരെ കൊണ്ടുപോയത് സുരക്ഷാ സേന തന്നെയാണെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു. 

Tags:    
News Summary - Digging Daily For 8 Months - A Father's Search For Missing Soldier In J&K

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.