ബുലന്ദ് ശഹർ (യു.പി): ജോലിയിൽ ഉത്തരവാദിത്തവും വിശ്വാസവും സൂക്ഷിച്ച തെൻറ ഭർത്താവിന് നീതികിട്ടിയില്ലെന്ന് ഇൻസ്പെക്ടർ സുബോധ് കുമാര്‍ സിങ്ങിെൻറ ഭാര്യ രജനി കണ്ണീരോടെ പറഞ്ഞു. നീതിക്കുവേണ്ടി നിലകൊണ്ടതിന് ഇതിനുമുമ്പ് രണ്ടു തവണ അദ്ദേഹത്തിനുനേരെ അക്രമികൾ നിറയൊഴിച്ചിരുന്നു.
അന്ന് രക്ഷപ്പെട്ട അദ്ദേഹത്തിന് ഇത്തവണ നീതി പൂർണമായും നിഷേധിക്കപ്പെട്ടു. ജീവൻ രക്ഷിക്കാൻ ആരും പ്രവർത്തിച്ചില്ല. കല്ലേറുകൊണ്ട് വീണ അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു.
പിതാവ് മതേതരവാദി -മകൻ
ലഖ്നോ: നാട്ടിൽ സമാധാനവും മതസൗഹാർദവും ആഗ്രഹിച്ച വ്യക്തിയായിരുന്നു പിതാവെന്ന് സുബോധ് സിങ്ങിെൻറ മകൻ അഭിഷേക് കുമാർ പറഞ്ഞു. പിതാവ് ഒടുവിൽ ഇരയായി. സമുദായ സംഘർഷം ഒഴിവാക്കാൻ അദ്ദേഹം ഏറെ പാടുപെട്ടു. സത്യസന്ധമായി ജോലി നിർവഹിച്ചു. എന്നെ നല്ല പൗരനായാണ് അദ്ദേഹം വളർത്തിയത്.
ദാദ്രി കേസുമായി ബന്ധമുണ്ട് -സഹോദരി
സുബോധിെൻറ കൊലപാതകത്തിന് പിന്നിൽ ദാദ്രി കേസുമായി ബന്ധമുണ്ടെന്ന് അദ്ദേഹത്തിെൻറ സഹോദരി പറഞ്ഞു. എെൻറ സഹോദരനാണ് ദാദ്രിയിൽ മുഹമ്മദ് അഖ്ലാഖിനെ കൊന്ന കേസ് അന്വേഷിച്ചത്. കൊലപാതകത്തിൽ പൊലീസിെൻറ ഭാഗത്ത് ഗൂഢാലോചനയുണ്ട്.
ഞങ്ങള്‍ക്ക് ഇനി പണമൊന്നും വേണ്ട. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ‘പശു’ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യില്ല -സഹോദരി രോഷത്തോടെ പറഞ്ഞു. സഹോദരൻ രക്തസാക്ഷിയാണെന്നും അവർ കൂട്ടിച്ചേർത്തു.
കലാപം ആർ.എസ്.എസ് സൃഷ്ടി –മന്ത്രി രാജ്ഭർ
ബുലന്ദ്ശഹർ: തിങ്കഴാഴ്ച ഉച്ചക്കുശേഷം ഇവടെ നടന്ന കലാപവും ഇൻസ്പെക്ടർ സുബോധ് സിങ്ങിെൻറ കൊലപാതകവും ആർ.എസ്.എസും കൂട്ടാളികളും മുൻ കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഉത്തർപ്രദേശ് മന്ത്രി ഒാം പ്രകാശ് രാജ് ഭർ. ബജ്റംഗ്ദളിനും വിശ്വഹിന്ദു പരിഷത്തിനും ഇതിൽ പങ്കുണ്ട്.
അതേസമയം, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷ കക്ഷികൾ സർക്കാറിനും സംഘ്പരിവാറിനുമെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.