ന്യൂഡൽഹി: ബംഗ്ലാദേശ് പൗരന്മാരെന്ന് സംശയിക്കുന്നവരെ മനുഷ്യത്വവിരുദ്ധമായ രീതിയിൽ പുറത്താക്കുന്നത് അപലപനീയമാണെന്നും രാജ്യത്ത് നിയമവിരുദ്ധമായി കടന്നവരെ വ്യവസ്ഥാപിത നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യണമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ. അനധികൃതകുടിയേറ്റക്കാരെ കണ്ടെത്താൻ മതം മാനദണ്ഡമാക്കരുത്. പഹൽഗാം ഭീകരാക്രമണത്തിനുശേഷം, ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര- സംസ്ഥാന സർക്കാറുകൾ പരിശോധനയൊന്നും കൂടാതെ ബംഗ്ലാദേശിലേക്ക് തള്ളിവിടുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം, യഥാർഥ ഇന്ത്യൻ പൗരന്മാരെയും അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിലേക്ക് തള്ളിവിടുന്നുവെന്നാണ്. വിദേശ ട്രൈബ്യൂണലിന്റെ വിധിക്കെതിരെ അസം ഹൈകോടതിയിലും സുപ്രീംകോടതിയിലും അപ്പീൽ നൽകിയവരെ അടക്കം ബംഗ്ലാദേശിലേക്ക് ബലമായി അയക്കുന്നു. ഇത് അംഗീകരിക്കാനാവില്ല.
തീവ്ര വർഗീയ നയങ്ങൾ നടപ്പാക്കുന്ന അസം സർക്കാർ തദ്ദേശീയരെ സായുധരാക്കാനും തീരുമാനിച്ചു. ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന അപകടകരമായ തീരുമാനമാണിത്. ക്രമസമാധാനം സംരക്ഷിക്കേണ്ടതും നുഴഞ്ഞുകയറ്റം തടയേണ്ടതും സർക്കാറിന്റെ ചുമതലയാണ്. നിയമവിരുദ്ധ മാർഗങ്ങളിലൂടെ രാജ്യത്ത് കടന്നവരെ ന്യായമായ വിചാരണക്ക് വിധേയരാക്കണം. തള്ളിപ്പുറത്താക്കുന്നതും വർഗീയമായി ആയുധമണിയിക്കുന്നതും പരിഹാരമാർഗങ്ങളല്ല. ദുരുദ്ദേശ്യങ്ങളില്ലാതെ രാജ്യത്ത് എത്തിയ ദരിദ്രരും രേഖകൾ ഇല്ലാത്തവരുമായ കുടിയേറ്റക്കാരെ അന്തസ്സായി വിചാരണ ചെയ്യണമെന്നും സി.പി.എം പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.