ഗുസ്തി താരം ഗീത ഫോഗട്ടും ഭർത്താവും പൊലീസ് കസ്റ്റഡിയിൽ

ന്യൂഡൽഹി: ഗുസ്തി താരം ഗീത ഫോഗട്ടും ഭർത്താവും പൊലീസ് കസ്റ്റഡിയിൽ. രണ്ടു പേരെയും കരുതൽ തടങ്കലിലാക്കിയെന്നാണ് ഡൽഹി പൊലീസ് നൽകുന്ന വിശദീകരണം. അതേസമയം, തന്നെയും ഭർത്താവിനേയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തുവെന്ന ട്വീറ്റുമായി ഗീത ഫോഗട്ട് രംഗത്തെത്തി.

ഭർത്താവുമൊത്ത് ജന്തർമന്ദിറിലേക്ക് പോകുന്നതിനിടെയാണ് ഗീത ഫോഗട്ടി​നെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ കാണാൻ അനുവദിക്കാതെ തങ്ങളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഗീത ഫോഗട്ട് പറഞ്ഞു. വഴിയിൽ തടഞ്ഞ പൊലീസ് ഒന്നുകിൽ പൊലീസ് സ്റ്റേഷനിലേക്ക് വരാനോ അല്ലെങ്കിൽ വീട്ടിലേക്ക് പോകാനോ പറഞ്ഞുവെന്ന് ഗീത ഫോഗട്ട് പറഞ്ഞു. ഇത് തീർത്തും അപലപനീയമാണെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗുസ്തി താരങ്ങൾക്കെതിരെ നടപടിയുമായി പൊലീസ് രംഗത്തെത്തിയിരുന്നു

ബുധനാഴ്ച രാത്രി 11 മണിയോടെ സമരപ്പന്തലിലേക്കു കട്ടിലുകൾ എത്തിച്ചതു പൊലീസ് തടഞ്ഞതാണു പ്രശ്നമായത്. ഒരു പൊലീസുകാരൻ രണ്ട് വനിതാ ഗുസ്തിതാരങ്ങളെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പൊലീസും അർധസൈനികരും ചേർന്ന് സമരപ്പന്തലിന് ചുറ്റും യുദ്ധസമാന സന്നാഹങ്ങളുമായി അണിനിരക്കുകയായിരുന്നു. മാധ്യമപ്രവർത്തകർ അടക്കം ആരെയും അങ്ങോട്ട് കടത്തിവിടുന്നില്ല. നിരവധി ബാരിക്കേഡുകൾ ഉയർത്തി വഴി തടഞ്ഞു. നൂറുകണിക്കിന് പൊലീസുകാരും അർധസൈനികരുമാണ് ജന്ദർമന്ദിറിൽ നിലയുറപ്പിച്ചിരിക്കുന്നത്.

ഇന്നലെ പകൽ മഴ പെയ്തതിനാൽ സമരപ്പന്തലിലെ കട്ടിലുകൾ നനഞ്ഞുപോയിരുന്നു. പകരം ഉപയോഗിക്കാനുള്ള കിടക്കകളും മടക്കിവെക്കാവുന്ന കട്ടിലുകളും ആംആദ്മി പ്രവർത്തകർ കൊണ്ടുവരുമ്പോഴാണു പൊലീസ് തടഞ്ഞത്. എ.എ.പി നേതാവ് സോമനാഥ് ഭാരതിയെയും രണ്ട് അനുയായികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ബാരിക്കേഡ് തകർത്ത് അനുമതിയില്ലാതെ സമരസ്ഥലത്തു പ്രവേശിച്ചതിന്റെ പേരിലാണു നടപടി. പൊലീസ് നടപടിയെ ഗുസ്തി താരങ്ങൾ അപലപിച്ചു.


Tags:    
News Summary - Delhi Police arrested me, my husband, claims wrestler Geeta Phogat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.