അന്താരാഷ്ട്ര വിമാന നിരക്ക് കുതിച്ചുയരുന്നു, ഡൽഹി-ലണ്ടൻ ഇക്കോണമി ക്ലാസ് ഫ്ലൈറ്റ് ടിക്കറ്റിന് നാല് ലക്ഷം രൂപ

ന്യൂഡൽഹി: ഇന്ത്യ-ലണ്ടൻ ഇക്കോണമി ക്ലാസ് ടിക്കറ്റിന് നാല് ലക്ഷം രൂപ ഈടാക്കിയെന്ന പരാതിയെ തുടർന്ന് ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷൻ അന്വേഷണം ആരംഭിച്ചു.

കേന്ദ്രസർക്കാരിന് കീഴിലുള്ള ഇന്‍റർ സ്റ്റേറ്റ് കൗൺസിൽ സെക്രട്ടേറിയേറ്റ് സെക്രട്ടറി സഞ്ജീവ് ഗുപ്തയാണ് ബ്രിട്ടീഷ് എയർവേയ്സിന്‍റെ ഡൽഹി-ലണ്ടൻ ഫ്ലൈറ്റിന് തന്‍റെ പക്കൽ നിന്ന് 3.95 രൂപ ഈടാക്കിയതായി പരാതി ഉന്നയിച്ചത്. ശനിയാഴ്ച ട്വിറ്ററിലൂടെയാണ് ഇദ്ദേഹം പരാതിപ്പെട്ടത്. ആഗസ്റ്റ് 26ന് ബുക്ക് ചെയ്ത ടിക്കറ്റിനാണ് ഈ നിരക്ക് ഈടാക്കിയിരിക്കുന്നത്.

വിസ്താര, എയർ ഇന്ത്യ ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് ആഗസ്റ്റ് 26ന് യഥാക്രമം 1.2 ലക്ഷവും 2.3 ലക്ഷവുമാണെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. ബ്രിട്ടനിൽ കോളജ് അഡ്മിഷനുകളുടെ സമയമായതിനാലാണ് വിമാനക്കമ്പനികൾ ഇത്രയും കനത്ത തുക ഈടാക്കുന്നത്. കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി പി.എസ് കരോലയോട് താൻ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞതായും സഞ്ജീവ് ഗുപ്ത പറഞ്ഞു.

തുടർന്നാണ് വിമാനക്കമ്പനികളോട് ആഗസ്റ്റ് മാസത്തിൽ അവർ ഈടാക്കുന്ന ഫ്ലൈറ്റ് ടിക്കറ്റ് നിരക്കിനെക്കുറിച്ച് വിശദമായി അറിയിക്കാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിട്ടത്.

ഇന്ത്യയിലെ ആഭ്യന്തര യാത്രകൾക്ക് ഈടാക്കാവുന്ന കുറഞ്ഞ ടിക്കറ്റ് നിരക്കിനും കൂടിയ നിരക്കിനും പരിധി നിശ്ചയിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര വിമാന യാത്ര നിരക്കുകൾക്ക് ഇതുവരെ പരിധി നിശ്ചയിച്ചിട്ടില്ല.

ഡിമാന്‍റിന് അനുസരിച്ച് എയർ ടിക്കററുകളുടെ നിരക്കിൽ വ്യത്യാസം വരുത്താറുണ്ടെന്ന് വിസ്താര എയർലൈൻസ് അധികൃതർ അറിയിച്ചു. ഇപ്പോൾ യു.കെയിലേക്ക് ഇന്ത്യയിൽ നിന്നും ആഴ്ചയിൽ 15 ഫ്ലൈറ്റുകൾ മാത്രമാണ് ഉള്ളത്. ഫ്ലൈറ്റുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിരക്കും കുറയുമെന്നാണ് വിമാനക്കമ്പനികളുടെ വാദം.

കൊറോണ മഹാമാരിയെ തുടർന്ന് മാർച്ച് 23 മുതൽ അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Tags:    
News Summary - Delhi-London economy class airfares zoom up to Rs 4 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.