(ഫയൽ ചിത്രം)

കോടതിയിൽ കറുത്ത റിബൺ അണിഞ്ഞ് പ്രതിഷേധം: ഡൽഹി പൊലീസിന്റെ അതിക്രമങ്ങളിൽ ​പ്രതിഷേധിച്ച് ഹൈകോടതി ബാർ അസോസിയേഷൻ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ അഭിഭാഷകർക്ക് നേരെ പൊലീസ് നടത്തിയ അനാവശ്യ ആക്രമങ്ങളിലും ബലപ്രയോഗത്തിലും പ്രതിഷേധിച്ച് ഡൽഹി ഹൈകോടതി ബാർ അസോസിയേഷൻ. തിങ്കളാഴ്ച നടന്ന കോടതി നടപടികളിൽ ബാർ അസോസിയേഷൻ അംഗങ്ങൾ തിങ്കളാഴ്ച കറുത്ത റിബൺ അണിഞ്ഞാണ് പങ്കെടുത്തത്.

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയിൽ (എസ്.സെ.ആർ) ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി സമരം ചെയ്ത അഭിഭാഷകരെ പൊപോലീസ് ബലമായി കസ്റ്റഡിയിലെടുക്കുകയും മോശമായി പെരുമാറുകയും ചെയ്തതിൽ ബാർ അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വനിതാ അഭിഭാഷകരും മുതിർന്ന അഭിഭാഷകരും അടക്കമുള്ളവരെ പൊലീസ് റോഡിലൂടെ വലിച്ചിഴക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത്തരം അനാദരവോടെയുള്ള പെരുമാറ്റം അഭിഭാഷകരുടെ ആത്മാഭിമാനത്തിനും ഭരണഘടനാപരമായ അവകാശങ്ങൾക്കും മേലുള്ള കടന്നുകയറ്റമാണെന്ന് സംഘടന വ്യക്തമാക്കി.

തങ്ങളോട് കാണിച്ച ക്രൂരതയിൽ പ്രതിഷേധിച്ചും, ആക്രമിക്കപ്പെട്ട സഹപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും തിങ്കളാഴ്ച കറുത്ത റിബൺ ധരിച്ച് കോടതിയിൽ ഹാജരാകാൻ ഞായറാഴ്ച പുറപ്പെടുവിച്ച നോട്ടീസിലൂടെ അസോസിയേഷൻ അംഗങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. പൊലീസ് അതിക്രമങ്ങളെ അപലപിച്ച് പാസാക്കിയ പ്രമേയത്തിന്റെ തുടർച്ചയായാണ് ഞായറാഴ്ച പുതിയ അറിയിപ്പ് പുറത്തിറക്കിയത്. പ്രതിഷേധത്തിനിടെ കൈയേറ്റത്തിനും മോശം പെരുമാറ്റത്തിനും ഇരയായ അഭിഭാഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനൊപ്പം പൊലീസിന്റെ അമിത ബലപ്രയോഗത്തിനെതിരായ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയുമാണ് കറുത്ത റിബൺ ധരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് അറിയിപ്പിൽ പറയുന്നു.

സുപ്രീം കോടതിയിൽ എസ്‌.ഐ.ആർ വിഷയത്തിൽ ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശാദാൻ ഫറസത്ത് ഉൾപ്പെടെയുള്ളവരെ പൊലീസ് കൈയേറ്റം ചെയ്യുകയും കുപ്പായം കീറി ബലമായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് വേണ്ടി ഹാജരായ രാകേഷ് ദ്വിവേദിയുടെ സഹോദരനും മുതിർന്ന അഭിഭാഷകനുമായ ദിനേഷ് ദ്വിവേദിയും കസ്റ്റഡിയിലായവരിൽ ഉൾപ്പെടുന്നു. 

Tags:    
News Summary - Black ribbons in court: Delhi High Court Bar members to protest ‘police excesses’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.