‘ഇനി രാജ്യം മുഴുവൻ ജന്തർ മന്തർ ആകും’: ഡൽഹി പൊലീസിന്റെ ഉത്തരവിനെതിരെ അഭിജീത് ദിപ്കെ
ന്യൂഡൽഹി: ജന്തർമന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പ്രതികരണവുമായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്ത്. രാജ്യം മുഴുവൻ ഇനി പ്രതിഷേധ വേദിയായി മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹി പൊലീസ് ജന്തർമന്തറിനെ പ്രക്ഷോഭ വേദിയായി തുടരുന്നതിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് തിങ്കളാഴ്ച പുതിയ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ എക്സിലൂടെ പ്രതികരിച്ചത്.
"അവർ ജന്തർമന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദിയല്ലാതാക്കി മാറ്റിയിരിക്കുന്നു. ഭീരുവായ ഏകാധിപതി അത് ഒരു യുദ്ധക്കളമാക്കി മാറ്റിയിരുന്നുവല്ലോ. ഇനി പൂരാ ദേശ് ജന്തർമന്തർ ബനേഗാ!" (ഇനി രാജ്യം മുഴുവൻ ജന്തർമന്തർ ആകും) എന്ന് അദ്ദേഹം കുറിച്ചു.
ജൂൺ മാസം മുതൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ യുവജനങ്ങളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു ജന്തർമന്തർ. എന്നാൽ ഡൽഹിയിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് ജന്തർമന്തറിന്റെ പദവി എടുത്തുകളഞ്ഞുകൊണ്ട് ഡൽഹി പൊലീസ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
കൂടാതെ, തലസ്ഥാനത്ത് പ്രകടനങ്ങൾ നടത്തുന്നതിനായി മറ്റ് മൂന്ന് ബദൽ സ്ഥലങ്ങളും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. നിലവിലുള്ള പ്രതിഷേധ വേദിക്ക് പകരം പൗരന്മാർക്ക് പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ മറ്റ് സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു സമിതി രൂപവത്കരിച്ചെന്നും സർക്കുലറിൽ പറയുന്നു. സമിതിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. രാംലീല മൈതാനം, ബുരാരി മൈതാനം, സി.ബി.ഡി മൈതാനം എന്നിവയാണ് പുതിയ പ്രതിഷേധ വേദികൾ.
നീറ്റ് പരീക്ഷ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിയിലേക്ക് നയിച്ച പ്രതിഷേധം നടന്നത് ജന്തർ മന്തറിലായിരുന്നു. 1993 മുതലാണ് ഡൽഹിയിലെ ജന്തർ മന്തർ ഒരു പ്രധാന പ്രതിഷേധവേദിയായി മാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.