മുത്തശ്ശിയുടെ വിയോഗം; ‘എന്നോട് ക്ഷമിക്കൂ’ എന്ന വൈകാരിക കുറിപ്പുമായി അഭിജീത് ദിപ്കെ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ മുത്തശ്ശിയുടെ വിയോഗത്തിൽ വികാരാധീന കുറിപ്പുമായി കോക്ക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. മുത്തശ്ശി സാവിത്രിബായി ദീപ്കെക്ക് ഒപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചുകൊണ്ട് 'എന്നോട് ക്ഷമിക്കൂ' എന്ന വൈകാരിക കുറിപ്പാണ് അദ്ദേഹം ഞായറാഴ്ച ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
മഹാരാഷ്ട്രയിലെ സന്തുക് പിംപ്രി ഗ്രാമത്തിലെ തറവാട്ട് വീട്ടിൽ വെച്ച് ശനിയാഴ്ചയായിരുന്നു സാവിത്രിബായിയുടെ അന്ത്യം. പ്രായാധിക്യത്തെ തുടർന്നുള്ള അസുഖങ്ങളാൽ ഒരു മാസത്തിലേറെയായി അവശതയിലായിരുന്നുവെന്നാണ് വിവരം.
പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയ അഭിജീത് ദിപ്കെ പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മുത്തശ്ശി മരിച്ചത്.
മരണവിവരം അറിയിച്ചപ്പോൾ പൊലീസിന്റെ ഭാഗത്ത് നിന്ന് മനുഷ്യത്വപരമായ സമീപനം ഉണ്ടായില്ലെന്നാണ് സിജെപി സഹ കൺവീനർ അശുതോഷ് റാങ്ക മോചിതനായതിന് പിന്നാലെ ആരോപിച്ചത്. മോചിതനായ ഉടൻ തന്നെ അഭിജീത് ദിപ്കെ തറവാട്ട് വീട്ടിലേക്ക് പോയതായും അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ ആരോപണം ഡൽഹി പോലീസ് തള്ളിക്കളഞ്ഞു. മുത്തശ്ശിയുടെ മരണവിവരം എല്ലാ മാനുഷിക പരിഗണനയോട് കൂടിയാണ് അദ്ദേഹത്തെ അറിയിച്ചിരുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. നിശ്ചയിച്ചിട്ടുള്ള സംസ്കാര ചടങ്ങിന്റെ സമയവും അറിയിച്ചിരുന്നുവെന്നും ജന്മനാട്ടിലേക്ക് പോകാൻ സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ വിസമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് സാമൂഹിക മാധ്യമമായ എക്സിലൂടെ വ്യക്തമാക്കി.
അതിനിടെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിൽ (എസ്.ഐ.ആർ) ക്രമക്കേട് ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധം രണ്ടാം ദിവസവും ശക്തമായി തുടരുകയാണ്. ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടും ഞായറാഴ്ച നിരവധി പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്.
തിങ്കളാഴ്ച പ്രതിപക്ഷത്തിന്‍റെ നേതൃത്വത്തിൽ സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.