ബഹദൂര്‍പുര എം.എല്‍.എ മുഹമ്മദ് മുബീൻ പ്രതിഷേധത്തിനിടയിൽ
ഹൈദരാബാദില്‍ മസ്ജിദിന്‍റെ ഭാഗം പൊളിച്ചുമാറ്റിയ സംഭവത്തില്‍ വന്‍ പ്രതിഷേധം; എഐഎംഐഎം നേതാക്കള്‍ കസ്റ്റഡിയില്‍
ഹൈദരാബാദ്: ഹൈദരാബാദ് ചിന്തല്‍മേട്ടില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയ സംഭവത്തില്‍ വന്‍ പ്രതിഷേധം. അമ്പലത്തിന്റേതാണെന്ന് ഒരു വിഭാഗം അവകാശപ്പെടുന്ന സ്ഥലത്താണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. സംഭവത്തില്‍ ഹൈദരാബാദില്‍ എ.ഐ.എം.ഐ.എം നേതാക്കള്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് ബഹദൂര്‍പുര എം.എല്‍.എ മുഹമ്മദ് മുബീനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാവിലെ രാജേന്ദ്രനഗര്‍ മണ്ഡലത്തിലെ മസ്ജിദ്-ഇ-മുഹമ്മദിയക്ക് മുന്നിലാണ് റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ജി.എച്ച്.എം.സി) ജീവനക്കാരും എത്തിയത്. തുടര്‍ന്ന് തര്‍ക്കത്തിലുള്ള ഒരു മതില്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. മതിലിന്റെ അവകാശവാദത്തെച്ചൊല്ലി കുറച്ചു ദിവസങ്ങളായി പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
300 ചതുരശ്ര യാഡ് ഭൂമിയില്‍ ഒന്നര വര്‍ഷം മുമ്പാണ് മസ്ജിദ് നിര്‍മിച്ചതെന്ന് എഐഎംഐഎം കോര്‍പ്പറേറ്റര്‍ മുഹമ്മദ് നവാസുദ്ദീന്‍ അഹമ്മദ് 'സിയാസത്ത് ഡോട്ട് കോമിനോട്' പറഞ്ഞു. "ഒന്നര വര്‍ഷം മുമ്പ് അതിരുകള്‍ തിട്ടപ്പെടുത്തിയതാണ്. എന്നാല്‍ എന്‍ഡോവ്‌മെന്റ് വകുപ്പ് ഇപ്പോള്‍ ഇത് കയ്യടക്കാന്‍ ശ്രമിക്കുകയാണ്," അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ഈ അതിര്‍ത്തി തര്‍ക്കം ഉടലെടുത്തത്. തുടര്‍ന്ന് മസ്ജിദിന്റെ ഒരു ഭാഗം തകര്‍ക്കാന്‍ ജെ.സി.ബി യന്ത്രങ്ങള്‍ എത്തിച്ചിരുന്നു. എ.ഐ.എം.ഐ.എം നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് അന്ന് ജെ.സി.ബി പിന്‍വലിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഈ ഭൂമി വഖഫ് ബോര്‍ഡിന്റേതാണെന്നും നിയമപരമായാണ് മസ്ജിദ് നിര്‍മിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹൈദരാബാദ് പൊലീസ് കമീഷണര്‍ക്കും മണ്ഡലം റവന്യൂ ഓഫീസര്‍ക്കും കൈമാറിയിട്ടുണ്ട്. ഭൂമാഫിയകളുമായി എന്‍ഡോവ്‌മെന്റ് വകുപ്പ് ഒത്തുകളിക്കുകയാണെന്നും ചിന്തല്‍മേട് സ്വദേശികളായ ഗുജ്ജര്‍ ഘൗസ്, നസിങ് എന്നിവരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിഷേധത്തിനിടെ എം.എല്‍.എ മുഹമ്മദ് മുബീനെയും അനുയായികളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് രാംഗോപാല്‍പേട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പൊളിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരുമായി എം.എല്‍.എ തര്‍ക്കിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
"നിങ്ങള്‍ സംയുക്ത സര്‍വേ നടത്താമെന്ന് ഉറപ്പ് നല്‍കിയതാണ്. ആ സര്‍വേ നടത്തിയിട്ടുണ്ടോ എന്ന് പറയൂ. സംയുക്ത സര്‍വേ നടത്താതെ എങ്ങനെയാണ് നടപടിയെടുക്കുക? ഞങ്ങളുടെ കൈവശം ആവശ്യമായ രേഖകളുണ്ട്," എം.എല്‍.എ ഉദ്യോഗസ്ഥരോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. പ്രതിഷേധക്കാര്‍ 'പൊലീസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കുക' എന്ന മുദ്രാവാക്യം വിളിക്കുന്നതിനിടയില്‍ കോര്‍പ്പറേറ്റര്‍ നവാസുദ്ദീന്‍ അഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന മറ്റൊരു ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.