‘ഇത് താണ്ഡവം, ശിവന്റെ നൃത്തം; പദ്ധതിയുടെ ആവശ്യമില്ല’: പ്രതിഷേധ തന്ത്രത്തെക്കുറിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നടത്തുന്ന പ്രതിഷേധത്തിന് പ്രത്യേക തന്ത്രമൊന്നും ആവശ്യമില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. “ഇത് താണ്ഡവമാണ്, ശിവന്റെ നൃത്തമാണ്. ഇതിനായി പദ്ധതിയുടെ ആവശ്യമില്ല” എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടിയിൽ ക്രമക്കേടുകൾ ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്.

“ഞങ്ങൾ തെരുവിന് വേണ്ടിയല്ല പോരാടുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിനും ഹൃദയത്തിനും വേണ്ടിയാണ് പോരാട്ടം. ഇത്തരത്തിലുള്ള ഇന്ത്യ നിങ്ങൾക്ക് അപകടകരമാണെന്ന് ജനങ്ങളോട് പറയുകയാണ്,” വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

പ്രതിഷേധത്തിന്റെ തന്ത്രത്തെക്കുറിച്ച് സഹോദരി പ്രിയങ്ക ഗാന്ധിയുമായി നടത്തിയ സംഭാഷണവും അദ്ദേഹം വിശദീകരിച്ചു. പ്രതിഷേധത്തിന് ഒരു പദ്ധതി വേണമെന്ന് പ്രിയങ്ക പറഞ്ഞപ്പോൾ, “നീ കാര്യം മനസ്സിലാക്കിയിട്ടില്ല. ഇത് താണ്ഡവമാണ്. ഭഗവാൻ ശിവന്റെ നൃത്തമാണ്. ഇതിൽ പദ്ധതിയൊന്നുമില്ല” എന്നാണ് താൻ പറഞ്ഞതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ആകാശവാണി ഭവനിലേക്ക് നടത്തിയ പ്രതിഷേധവും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ബസിൽ പോയി അവിടെ ഇരിക്കുകയും അറസ്റ്റ് ചെയ്യപ്പെടുകയുമായിരുന്നു ആദ്യത്തെ പദ്ധതിയെന്നും എന്നാൽ പൊലീസ് തടഞ്ഞതോടെ പ്രതിഷേധത്തിന്റെ രീതി മാറ്റുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. “ഫലം ലഭിച്ചത് പദ്ധതിയിലൂടെയാണോ, അതോ പദ്ധതിയില്ലാതെ മുന്നോട്ടുപോയതിലൂടെയാണോ? പദ്ധതിയുടെ ആവശ്യമില്ല. ഈ താണ്ഡവം തുടരുകയാണ്,” രാഹുൽ പറഞ്ഞു.

കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിപക്ഷം നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് ആകാശവാണി ഭവൻ വളപ്പിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പ്രതിഷേധം നടന്നത്.

എസ്.ഐ.ആർ നടപടിക്കെതിരായ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇൻഡ്യ സഖ്യം സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയെയും അദ്ദേഹം പരാമർശിച്ചു. “ഭാരത് ജോഡോ യാത്രയിൽ രാജാവുണ്ടായിരുന്നില്ല. എല്ലാവരും ഒരുമിച്ചാണ് നടന്നത്. ഇന്ത്യയിലെ ജനങ്ങൾ പരസ്പരം ചേർന്നുനിന്നു. അതും ഒരു താണ്ഡവമായിരുന്നു, ശിവന്റെ ഘോഷയാത്രയായിരുന്നു,” അദ്ദേഹം പറഞ്ഞു.

ഇന്ത്യ പദ്ധതിയിട്ടുകൊണ്ടല്ല, ഹൃദയംകൊണ്ടാണ് പ്രതിരോധിക്കുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. “പ്രതിരോധം തുടരുകയാണ്, തുടർന്നുകൊണ്ടേയിരിക്കും,” അദ്ദേഹം പറഞ്ഞു. വിവിധ പ്രതിപക്ഷ പ്രതിഷേധങ്ങളെ വ്യത്യസ്ത സമരങ്ങളായി കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എല്ലാ പ്രതിഷേധങ്ങളും ഒരേ പ്രതിഷേധമാണ്. ഭരണഘടനയെ സംരക്ഷിക്കാൻ ആരൊക്കെ മുന്നോട്ട് വരുന്നു, അവർക്കൊപ്പം ഞങ്ങളുണ്ടാകും. അവരെ സഹായിക്കുകയും പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യും,” രാഹുൽ പറഞ്ഞു.

ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യുന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും സ്ഥാനങ്ങളിൽനിന്ന് നീക്കണമെന്നാണ് പ്രതിഷേധത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ പിന്മാറില്ല,” രാഹുൽ ഗാന്ധി വ്യക്തമാക്കി.

സർക്കാർ തന്നെ നേരിട്ട് സമീപിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന്, തനിക്കു നേരിട്ട് ആരും ബന്ധപ്പെട്ടിട്ടില്ലെന്നായിരുന്നു മറുപടി. എന്നാൽ തനിക്ക് ചുറ്റുമുള്ള നിരവധി പേരെ സർക്കാർ പ്രതിനിധികൾ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനോടും ജനങ്ങളോടും പറയാനുള്ള കാര്യങ്ങൾ പരസ്യമായാണ് പറയുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Tags:    
News Summary - 'This is Tandav, the dance of Shiva; no need for a project,'Rahul Gandhi on protest strategy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.