ലാത്തി കൊണ്ട് സമരത്തെ തടയാനാകില്ല; ഗ്യാനേഷിനെ സംരക്ഷിക്കുന്ന മോദിക്കും ഷാക്കും അധികനാൾ തുടരാനാകില്ലെന്നും എം.എ. ബേബി
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തെ അടിച്ചമർത്താനാകില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. രാജ്യത്തിന്റെ മുഴുവൻ പിന്തുണയും സമരത്തിനുണ്ട്. ലാത്തിയും ബാരിക്കേഡുകളും പെല്ലറ്റ് ഗണ്ണുകളും കൊണ്ട് സമരത്തെ തടയാനാകില്ലെന്ന് നരേന്ദ്ര മോദിയും അമിത് ഷായും തിരിച്ചറിയണം. സാധ്യമായ എല്ലാവരുമായും സഹകരിച്ച് സമരം ശക്തമായി തുടരാനാണ് പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ തീരുമാനമെന്നും ബേബി പറഞ്ഞു.
ഡൽഹി എ.കെ.ജി ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദഹം. ഗ്യാനേഷിന്റെ രാജിക്കായി സമാധാനപരമായി സമരം ചെയ്യാനെത്തുന്നവരെ ക്രൂരമായി തല്ലിച്ചതച്ചു. ട്രെയിനുകൾ റദ്ദാക്കിയും മെട്രോ അടച്ചും ഇന്റർനെറ്റ് വിച്ഛേദിച്ചും ജനജീവിതം സ്തംഭിപ്പിച്ചു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ കേന്ദ്ര സർക്കാർ തടഞ്ഞിരിക്കുകയാണ്. സുപ്രീംകോടതി നിർദേശങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് ഈ നടപടികൾ. എന്നാൽ ഈ വിലക്കുകൾകൊണ്ടൊന്നും പ്രക്ഷോഭം അവസാനിക്കില്ല. രാജ്യത്ത് നൂറുകണക്കിന് ജന്തർ മന്തറുകളുണ്ടാകുകയാണ്. വരുംദിവസങ്ങളിലും സമരം ശക്തമാകും. ഗ്യാനേഷ് കുമാറിനും അദ്ദേഹത്തെ സംരക്ഷിക്കുന്ന മോദിക്കും അമിത് ഷാക്കും അധികനാൾ തുടരാനാകില്ലെന്നും ബേബി പറഞ്ഞു.
മുതിർന്ന സി.പി.എം നേതാവ് ബൃന്ദ കാരാട്ടും പൊലീസിന്റെയും കേന്ദ്ര സേനകളുടെയും അതിക്രമത്തിനിരയായ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കളും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.