സി.ജെ.പി പ്രതിഷേധത്തിനിടെ ബംഗ്ലാ സാഹിബ് ഗുരുദ്വാരയുടെ പ്രവേശന കവാടത്തിന് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നു
ബംഗ്ലാ സാഹിബ് ഗുരുദ്വാരയിൽ പൊലീസ് കയറിയ സംഭവം; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മുൻ തെരഞ്ഞെടുപ്പ് കമീഷണർ അടക്കം പ്രമുഖർ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങൾക്കിടെ ഒക്ടോബർ 10ന് പൊലീസ് സംഘം ബംഗ്ലാ സാഹിബ് ഗുരുദ്വാരയിൽ പ്രവേശിച്ച സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി മുൻ ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും. സംഭവത്തിൽ സമയബന്ധിതമായ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് 17 മുൻ ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും ചേർന്ന് ഡൽഹി ലഫ്റ്റനന്റ് ഗവർണർക്കും പൊലീസ് കമീഷണർക്കും കത്തയച്ചു.
ഡൽഹി മുൻ ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ്, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ ഖുറൈശി, പട്ന ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് ഇഖ്ബാൽ അഹമ്മദ് അൻസാരി തുടങ്ങിയ പ്രമുഖരാണ് 'സിറ്റിസൺസ് ഫോർ ഫ്രാറ്റേണിറ്റി - ഭാരത്' (സി.എഫ്.എഫ്- ഭാരത്) തയാറാക്കിയ കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. കത്തിന്റെ പകർപ്പുകൾ പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, ദേശീയ ന്യൂനപക്ഷ കമീഷൻ അധ്യക്ഷൻ എന്നിവർക്കും അയച്ചിട്ടുണ്ട്.
പൊതു പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ആരാധനാലയങ്ങളെ പൊലീസിന്റെ പ്രവർത്തന മേഖലയാക്കി മാറ്റരുതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങളുടെ പവിത്രതയും സ്വതന്ത്രമായ പ്രവർത്തനവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും സംഭവത്തിൽ വ്യക്തത വരുത്താൻ സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നും പ്രമുഖർ ആവശ്യപ്പെട്ടു.
വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ സമരം ചെയ്തവരെ തടയുന്നതിനിടയിലാണ് പൊലീസ് ഗുരുദ്വാര സമുച്ചയത്തിനുള്ളിൽ പ്രവേശിച്ചത്. ബംഗ്ലാ സാഹിബ് ഗുരുദ്വാരക്ക് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഗുരുദ്വാരക്കുള്ളിൽ പൊലീസ് പ്രവേശിച്ചതിന്റെ സാഹചര്യവും നടപടിയുടെ ആവശ്യകതയും പരിശോധിക്കണമെന്നാണ് കത്തിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.