സി. ജെ.പി നേതാക്കൾ

ഇൻഡ്യ സംഖ്യത്തിന്‍റെ പ്രതിഷേധ മാർച്ചിലേക്ക് സി.ജെ.പിയും; ‘സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ പോരാടാൻ രാജ്യം മുഴുവൻ ഒന്നിക്കും’

ന്യൂഡൽഹി: വോട്ട് മോഷണം ആരോപിച്ച് ഇന്ത്യാ മുന്നണി സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ചിന് കോക്ക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) പിന്തുണ. സി.ജെ.പി നേതാവ് ആശുതോഷ് റാങ്ക പ്രതിഷേധത്തിൽ സംഘടന പങ്കെടുക്കുമെന്ന് അറിയിച്ചു. ഒക്ടോബർ 11ന് ന്യൂഡൽഹിയിൽ വാർത്താ സമ്മേളനത്തിന് ശേഷം സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റാങ്ക എന്നിവർ മാധ്യമങ്ങളെ കണ്ടിരുന്നു.

‘നമ്മൾ എല്ലാവരും, സ്വന്തം നിലയിൽ പോരാടുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി സംഘടനകളും ഐക്യദാർഢ്യത്തിൽ നിൽക്കുന്നു. ഞങ്ങളുടെ ടീം അവിടെ ഉണ്ടാകും. ഈ സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ പോരാടാൻ രാജ്യം മുഴുവൻ ഒന്നിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’ എന്നാണ് ആശുതോഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

തെരഞ്ഞെടുപ്പിലെ ക്രമക്കേട് ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയിലേക്ക് സമാധാനപരമായി മാർച്ച് നടത്തുകയാണ്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നിവേദനം സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വോട്ട് ചോരി ആരോപണങ്ങൾ ഉന്നയിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തുമായി കൂടിക്കാഴ്ച നടത്താൻ രാഹുൽ ഗാന്ധിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും കൂടിക്കാഴ്ച തേടിയിരുന്നു. എന്നാൽ ജസ്റ്റിസ് അത് വിസമ്മതിക്കുകയായിരുന്നു. ഡൽഹി പൊലീസിന് സി.ജെ.പി 24 മണിക്കൂർ അന്ത്യശാസനം നൽകിയിരിക്കുകയാണ്. ജന്തർ മന്തറിൽ പ്രതിഷേധത്തിന് തീയതി നൽകണമെന്നാണ് ആവശ്യം.

നിശ്ചിത സമയപരിധിക്കുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ അടുത്ത നടപടി പ്രഖ്യാപിക്കുമെന്ന് സി.ജെ.പി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘ജന്തർ മന്തർ നിയുക്ത പ്രതിഷേധ സ്ഥലമാണ്, ഞങ്ങൾക്ക് പ്രതിഷേധം നടത്താൻ കഴിയുന്ന തീയതികൾ തേടിയാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്’ ആശുതോഷ് പറഞ്ഞു.

‘10 ദിവസം മുൻകൂട്ടി തങ്ങളെ സമീപിക്കാൻ പൊലീസ് എല്ലാവരോടും പറയുന്നു. ഇപ്പോൾ ഞങ്ങൾ പറയുന്നത്, തീയതിയും സമയവും ഞങ്ങളോട് പറയാൻ അവർക്ക് തിരഞ്ഞെടുക്കാം എന്നാണ്. ഞങ്ങൾ അവർക്ക് 24 മണിക്കൂർ അന്ത്യശാസനം നൽകുന്നു’ സൗരവ് ദാസ് പറഞ്ഞു.

അതേസമയം ഡൽഹിയിൽ വൻ രാഷ്ട്രീയ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. തെരഞ്ഞെടുപ്പ് തട്ടിപ്പും ഭരണഘടനാ സ്ഥാപനങ്ങളുടെ ഒത്തുകളിയും ആരോപിച്ച് ഇന്ത്യാ മുന്നണിയിലെ മുതിർന്ന നേതാക്കൾ തെരുവിലിറങ്ങിയതോടെ അന്തരീക്ഷം സംഘർഷഭരിതമായി. 

ജനങ്ങളെ ഒരുമിച്ചുകൂട്ടി ഒരു പ്രസ്ഥാനം തുടങ്ങുകയാണ്. ഐക്യത്തോടെ നടക്കാൻ രാഹുൽ ഗാന്ധി എല്ലാവരെയും വിളിച്ചു” എന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. ‘ഇത് ജനങ്ങളുടെ പോരാട്ടമാണ്, അത് തുടരും’ എന്ന് സമാജ്‌വാദി പാർട്ടി എം.പി മൊഹിബുള്ള നദ്‌വി പറഞ്ഞു.

മധ്യ ഡൽഹിയിലെ ചരിത്രപരമായ ജന്തർ മന്തർ ഔദ്യോഗികമായി പ്രതിഷേധ വേദി എന്ന പദവിയിൽ നിന്ന് ഡീ-നോട്ടിഫൈ ചെയ്തു. പകരം രാംലീല ഗ്രൗണ്ട്, ബുറാരി ഗ്രൗണ്ട്, കിഴക്കൻ ഡൽഹിയിലെ സി.ബി.ഡി ഗ്രൗണ്ട് എന്നിവയാണ് ഡൽഹി പൊലീസ് പുതിയ പ്രതിഷേധ വേദികളായി പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഉന്നതതല സമിതിയുടെ ശിപാർശ പ്രകാരമാണ് നടപടി.

പുതിയ വേദികളിലെ റാലികൾക്കുള്ള പരിഷ്കരിച്ച എസ്.ഒ.പി പിന്നീട് പുറത്തിറക്കുമെന്ന് ഡൽഹി പൊലീസ് കമീഷണർ അനുരാഗ് കുമാർ അറിയിച്ചു. ഇതിന്റെ ഭാഗമായി മധ്യ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പല സ്ഥലങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചു, ചില മെട്രോ സ്റ്റേഷനുകളുടെ പ്രവേശനവും നിയന്ത്രിച്ചിട്ടുണ്ട്. 

Tags:    
News Summary - INDIA Bloc Marches Against Vote Theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.