ഷിരാന്തി രാജപക്സ

അഴിമതി കേസ്; ശ്രീലങ്കൻ മുൻ പ്രഥമ വനിത ഷിരാന്തി രാജപക്സയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

കൊളംബോ: ശ്രീലങ്കൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി മുൻ പ്രഥമ വനിത ഷിരാന്തി രാജപക്സയുടെ അറസ്റ്റ്. മുൻകൂർ ജാമ്യാപേക്ഷ തേടി കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടി. മാലിഗകണ്ട മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച ഹരജി തള്ളി. 73 കാരിയായ ഷിരാന്തി രാജപക്സ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

സിരിലിയ സവിയ അക്കൗണ്ടുമായി ബന്ധപ്പെട്ട കേസിൽ ഫിനാൻഷ്യൽ ക്രൈംസ് ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ (FCID) അറസ്റ്റ് ചെയ്യുന്നത് തടയണമെന്നായിരുന്നു ആവശ്യം.ഒക്ടോബർ 6ന് ഹരജി ആദ്യം പരിഗണിച്ച കോടതി, അന്വേഷണവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സമർപ്പിക്കാൻ ഫിനാൻഷ്യൽ ക്രൈംസ് ഇൻവെസ്റ്റിഗേഷൻ ഡിവിഷന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന് നോട്ടീസ് നൽകിയിരുന്നു.

ഒക്ടോബർ 12ന് ഹാജരായി വിശദീകരണം നൽകാനായിരുന്നു നിർദേശം. വിശദമായ വാദം കേട്ട ശേഷമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായി അഴിമതി കേസിൽ കസ്റ്റഡിയിലാകുന്ന മുൻ പ്രഥമ വനിത എന്ന പേര് ഷിരാന്തി രാജപക്സക്ക് സ്വന്തമായി.

ഷിരാന്തി രാജപക്സയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ജീവകാരുണ്യ സംഘടനയാണ് സിരിലിയ സവിയ. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി തുടങ്ങിയ സംഘടനയാണ് ഇത്. 2010-15 കാലഘട്ടത്തിൽ കൊളംബോയിലെ പ്രശസ്തമായ ലേഡി റിഡ്ജ്‌വേ ചിൽഡ്രൻസ് ഹോസ്പിറ്റലിന് ഒരു അത്യാധുനിക സിടി സ്കാനർ വാങ്ങി നൽകുന്നതിനായി പൊതുജനങ്ങളിൽ നിന്നും വിവിധ സ്ഥാപനങ്ങളിൽ നിന്നുമായി 10 മില്യൺ ശ്രീലങ്കൻ രൂപ (ഏകദേശം 30,251 യുഎസ് ഡോളർ, ഇന്ത്യൻ രൂപയിൽ 25 ലക്ഷത്തിലധികം) സമാഹരിച്ചിരുന്നു.

എന്നാൽ ഈ പണം ഉപയോഗിച്ച് സ്കാനർ വാങ്ങിയില്ലെന്നും, പണം മറ്റാവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്തുവെന്നുമാണ് കണ്ടെത്തൽ. ആശുപത്രിക്ക് സ്കാനർ ലഭിക്കാതെ വന്നതോടെയാണ് പരാതി ഉയർന്നത്. പിന്നീട് നടത്തിയ ഓഡിറ്റിലാണ് ക്രമക്കേട് വ്യക്തമായത്.ഇതിന്റെ അടിസ്ഥാനത്തിലാണ് അഴിമതി വിരുദ്ധ കമീഷനായ CIABOC കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

പൊതു ഫണ്ട് ദുരുപയോഗം ചെയ്തു, പൊതുമുതൽ നിയമം ലംഘിച്ചു തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ചികിത്സക്കായി സിംഗപ്പൂരിൽ പോയ ഷിരാന്തി രണ്ട് ദിവസം മുൻപാണ് ശ്രീലങ്കയിൽ തിരിച്ചെത്തിയത്. തിരിച്ചെത്തിയ ഉടൻ തന്നെ ഉദ്യോഗസ്ഥർ കിരുലപ്പൊനയിലെ വസതിയിലെത്തി മൊഴി രേഖപ്പെടുത്തുകയും, തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വർഷങ്ങളോളം ശ്രീലങ്കൻ രാഷ്ട്രീയത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ കുടുംബമാണ് രാജപക്സ കുടുംബം. മഹിന്ദ രാജപക്സ 2005 മുതൽ 2015 വരെ രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഷിരാന്തി പ്രഥമ വനിതയാകുന്നത്. ഇളയ സഹോദരൻ ഗോതബയ രാജപക്സയും പിന്നീട് പ്രസിഡന്റായി.

എന്നാൽ 2022ൽ രാജ്യം നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഉണ്ടായ വൻ ജനകീയ പ്രക്ഷോഭത്തിൽ ഗോതബയക്ക് രാജിവെച്ച് രാജ്യം വിടേണ്ടി വന്നു. നിലവിൽ അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാജപക്സ കുടുംബത്തിനെതിരായ അഴിമതി അന്വേഷണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

രാജപക്സയുടെ മൂത്ത മകനും പ്രതിപക്ഷ എംപിയുമായ നമൽ രാജപക്സയും നിലവിൽ മറ്റൊരു അഴിമതി കേസിൽ റിമാൻഡ് കസ്റ്റഡിയിലാണ്. ഇതിന് പിന്നാലെയാണ് കുടുംബത്തിലെ മറ്റൊരു അംഗത്തിന്റെ അറസ്റ്റ്. മുൻകൂർ ജാമ്യം തള്ളിയതോടെ ഷിരാന്തി രാജപക്സയെ കോടതി റിമാൻഡ് ചെയ്യാനാണ് സാധ്യത.

Tags:    
News Summary - Court denies Shiranthi Rajapaksa bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.