സുപ്രീംകോടതി
ഫോം 6ൽ വരുത്തിയ മാറ്റങ്ങൾ അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല: നിലപാട് വ്യക്തമാക്കി സുപ്രീംകോടതി
ന്യൂഡൽഹി: വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6 ൽ വരുത്തിയ മാറ്റങ്ങൾ സുപ്രീം കോടതി അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഈ വർഷം ആദ്യത്തിൽ ബിഹാറിലെ എസ്.ഐ.ആർ വിഷയം പരിശോധിക്കുമ്പോൾ ഇത്തരമൊരു പരിഷ്കരിച്ച ഫോം നിലവിലുണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വോട്ടർ പട്ടിക പുതുക്കുന്ന എസ്.ഐ.ആർ പ്രക്രിയക്കായി ഫോം 6-ൽ ചേർത്ത പുതിയ സത്യവാങ്മൂലം സുപ്രീം കോടതി ശരിവെച്ചുവെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ അവകാശവാദത്തിനിടെയാണ് കോടതിയുടെ വിശദീകരണം. തങ്ങളുടെ മുൻകാല നിരീക്ഷണങ്ങളെ പരിഷ്കരിച്ച ഫോമിനുള്ള അംഗീകാരമായോ നിഷേധമായോ വ്യാഖ്യാനിക്കരുതെന്നും വിഷയത്തെക്കുറിച്ച് വിശദമായി പരിശോധിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അന്തിമ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി അപേക്ഷകർ തങ്ങളുടെ പൂർവ്വികരുടെ വിവരങ്ങളോ മുൻപത്തെ എസ്.ഐ.ആർ വിവരങ്ങളോ ഇ.സി.ഐ.നെറ്റ് പോർട്ടലിൽ നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്ന മാറ്റങ്ങൾ ജൂലൈ മാസത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ നടപ്പിലാക്കിയത്. ബിഹാറിലെ എസ്.ഐ.ആർ കേസ് കേൾക്കുകയും വിധി പറയുകയും ചെയ്ത സമയത്ത് ഈ പുതിയ ഫോം 6 നിലവിലുണ്ടായിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അഭിപ്രായപ്പെട്ടു. ഈ മാറ്റങ്ങളെ കോടതി അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ലെന്നും, വിഷയത്തെക്കുറിച്ച് വ്യക്തമായി പഠിക്കുമെന്നും അദ്ദേഹം വാക്കാൽ വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന എസ്.ഐ.ആർ പ്രക്രിയകൾക്കിടെ ഫോം 6-ൽ കേന്ദ്രസർക്കാർ വരുത്തിയ മാറ്റങ്ങൾ ചോദ്യം ചെയ്ത് പ്രിയ മിശ്ര നൽകിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ പരാമർശം. ഫോം 6-ലെ മാറ്റങ്ങൾ സുപ്രീം കോടതി അംഗീകരിച്ചിട്ടില്ലെന്ന് ഒക്ടോബർ 5ന് ചീഫ് ജസ്റ്റിസ് വാക്കാൽ വ്യക്തമാക്കിയിരുന്നെങ്കിലും, സുപ്രീം കോടതി ഇത് അംഗീകരിച്ചതാണെന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇപ്പോഴും ഇതിനെ ന്യായീകരിക്കുന്നതെന്ന് ഹരജിക്കാരിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 1960-ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ട്രോഴ്സ് റൂൾസ് അനുസരിച്ച് ഫോം 6-ൽ മാറ്റങ്ങൾ വരുത്തേണ്ടത് നിയമനിർമ്മാണ പ്രക്രിയയിലൂടെയാണെന്നും, അഡ്മിനിസ്ട്രേറ്റീവ് തീരുമാനങ്ങളിലൂടെ ഏകപക്ഷീയമായി മാറ്റം വരുത്താനാകില്ലെന്നുമാണ് ഹരജിയിലെ പ്രധാന വാദം.
നവാഗതരായ അപേക്ഷകർ തങ്ങളോ തങ്ങളുടെ മാതാപിതാക്കളോ മുത്തശ്ശിമാരോ മുൻപത്തെ എസ്.ഐ.ആർ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പുതിയ മാറ്റങ്ങൾ അനുസരിച്ച് വ്യക്തമാക്കേണ്ടതുണ്ട്. കൂടാതെ, ഈ ചോദ്യങ്ങൾക്ക് മറുപടി നൽകിയാൽ മാത്രമേ ഫോം 6 അപേക്ഷകൾ പോർട്ടലിൽ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ എന്ന നിർബന്ധിത വ്യവസ്ഥയും ഇതിലുണ്ട്. എസ്.ഐ.ആർ സംബന്ധിച്ച മറ്റ് ഹരജികൾക്കൊപ്പം ഒക്ടോബർ 27-ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് ബെഞ്ച് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.