ഡൽഹി സ്ഫോടനം: സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം അമിത് ഷാ ഏറ്റടുക്കുമോ ?; ഉത്തരം കിട്ടാത്ത ഏഴ് ചോദ്യങ്ങളുമായി സാഗരിക ഘോഷ് എം.പി

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹി സ്ഫോടനത്തിനു പിന്നാലെ രാജ്യ തലസ്ഥാനത്തെ വൻ സുരക്ഷാ വീഴ്ചയും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവാദിത്തവും ചോദ്യം ചെയ്ത് രാജ്യസഭാംഗവും മുതിർന്ന മാധ്യമ പ്രവർത്തകയുമായ സാഗരിക ഘോഷ്.

13 പേർ കൊല്ലപ്പെടാനും, 24 പേർക്ക് പരിക്കേൽക്കാനുമിടയായ ചെങ്കോട്ടക്ക് മുന്നിലെ സ്ഫോടനത്തി​ന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വരുന്നതിനിടെയാണ് അതീവ സുരക്ഷയുള്ള ന്യൂഡൽഹിയിൽ ആഭ്യന്തര മന്ത്രാലത്തിന്റെയും പൊലീസിന്റെയും വലിയ വീഴ്ച തുറന്നു കാട്ടുന്ന ഒരു കൂട്ടം ചോദ്യങ്ങളുമായി തൃണമൂൽ കോൺഗ്രസ് എം.പി രംഗത്തെത്തിയത്.

വൻസുരക്ഷയും പരിശോധനയും തുടരുന്ന സാഹചര്യത്തിൽ സ്ഫോടക വസ്തുക്കൾ വഹിച്ച് ഒരു കാർ എങ്ങിനെ എത്തിയെന്നും ഫരീദാബാദിൽ വൻ സ്ഫോടക ശേഖരം പിടികൂടിയതിനു പിന്നാലെ തലസ്ഥാന നഗരിയിൽ ഇത്തരമൊരു സുരക്ഷാ വീഴ്ച എങ്ങനെയെണ്ടായെന്നും സാഗരിക ഘോഷ് ചോദിക്കുന്നു.

ത​ന്റെ എക്സ് പോസ്റ്റിലൂടെയായിരുന്നു മുൻ മാധ്യമ പ്രവർത്തക പൗരന്മാ​രുടെ ​ഉത്തരംകിട്ടാത്ത ​ഏഴ് ചോദ്യങ്ങൾ എന്ന തലക്കെട്ടിൽ സർക്കാറിനോടായി ചോദിച്ചത്. രാജ്യത്തെ ഞെട്ടിച്ച സ്ഫോടനത്തിൽ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രി അമിത്ഷാക്ക് ആണെന്നും, പൊട്ടിത്തെറിയുടെ ചോരപ്പാട് ഉണങ്ങും മുമ്പേ തിരക്ക് പിടിച്ച ഭൂട്ടാൻ സന്ദർശനത്തിനായി പറഞ്ഞ പ്രധാനമന്ത്രിയുടെ ധാർമികതയെയും അവർ ചോദ്യം ചെയ്തു. പൗരന്മാർ ചോദിക്കേണ്ട ഉത്തരം കിട്ടാത്ത ഏഴ് ചോദ്യങ്ങൾ എന്ന പേരിലാണ് സാഗരിക ഘോഷം തന്റെ ചോദ്യങ്ങൾ ​പങ്കുവെച്ചത്.

ചാവേർ ആക്രമണമല്ലെന്നും, സ്ഫോടക വസ്തുക്കളുമായി പോയ കാർ പരിഭ്രാന്തിയിൽ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നുമാണ് ഏറ്റവുമൊടുവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതു സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 

പൗരന്മാർ ചോദിക്കേണ്ട ഉത്തരം കിട്ടാത്ത ഏഴ് ചോദ്യങ്ങൾ

1) പരിശോധനകൾ തുടരുന്നതിനിടെ സ്ഫോടക വസ്തുക്കൾ നിറച്ച കാർ എങ്ങനെയാണ് നഗരത്തിലേക്ക് പ്രവേശിച്ചത്.?

2) ഡൽഹിയിൽ നടന്നത് ആസൂത്രിതമായ ആക്രമണമായിരുന്നോ അതോ ‘പരിഭ്രാന്തിയിലുണ്ടായ ആക്രമണ’മോ?

3) ജമ്മു കശ്മീർ പൊലീസ് നേതൃത്വത്തിൽ ഫരീദാബാദിൽ വലിയ ഭീകര സാന്നിധ്യവും, സ്ഫോടക വസ്തു ശേഖരവും കണ്ടെത്തിയ ശേഷവും ഡൽഹി പൊലീസ് ജാഗ്രത പാലിച്ചില്ലേ..​? അതോ, വായു മലിനീകരണത്തിനെതിരെ പ്രതിഷേധിക്കാനിറങ്ങിയ കുട്ടികളെ കസ്റ്റഡിയിലെടുക്കുന്ന തിരിക്കിലായിരുന്നോ ഡൽഹി പൊലീസ്.

4) രാജ്യത്തെ നടുക്കിയ വൻസ്ഫോടനത്തിന്റെ സംഭവ ഗതികൾ വിശദീകരിക്കാൻ ഡൽഹി പൊലീസും, ആഭ്യന്തര മന്ത്രാലയവും വാർത്താ സമ്മേളനം വിളിക്കാത്തത് എന്തുകൊണ്ട്?

5) അതിർത്തി കടന്നുള്ള ഭീകരത​യുടെ നെടുംതൂൺ തകർത്തുവെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെടുന്നു. എന്നാൽ, അതിനു ശേഷവും പഹൽഗാമും, ഇപ്പോൾ ചെങ്കോട്ടയും ആവർത്തിക്കുമ്പോൾ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകൾ ​വെറും ​പൊള്ളയാണെന്ന് തെളിയുകയാണ്. അമിത് ഷാ തന്റെ തോൽവി സമ്മതിക്കുമോ?

6) പഹൽഗാമിലെ വൻ സുരക്ഷാ വീഴ്ചയിൽ ആർക്കും ഉത്തരവാദിത്തം ഉണ്ടായിരുന്നില്ല. രാജ്യ തലസ്ഥാനത്തെ വലിയ വീഴ്ചയിൽ ഉത്തരവാദിത്തം ഏറ്റെടുക്കുമോ?

7) തലസ്ഥാന നഗരിയിലെ സ്ഫോടനത്തിൽ രാജ്യം നടുങ്ങിയിരിക്കു​മ്പോൾ, മണിക്കൂറുകൾക്കകം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ധൃതിപിടിച്ച് ഭൂട്ടാനിൽ എത്തേണ്ട ആവശ്യമുണ്ടായിരുന്നോ?

Tags:    
News Summary - Delhi Blast: Sagarika Ghose raises seven unanswered questions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.