ഇംഫാൽ: മണിപ്പൂരിൽ വീണ്ടും അക്രമം. ഉഖ്റുൽ ജില്ലയിൽ അക്രമികൾ വീടുകൾക്ക് തീയിട്ടതിനെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ. നാഗ വിഭാഗത്തിൽപെട്ടയാളെ ഒരുസംഘം മർദിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം. സംഘർഷത്തിൽ 21 വീടുകൾ അഗ്നിക്കിരയായി. നാഗ വിഭാഗക്കാരുടെ വീടുകൾക്കുപുറമെ സമീപപ്രദേശത്തെ ചില കുക്കി വിഭാഗക്കാരുടെ വീടുകളും അക്രമിച്ചു.
ഞായറാഴ്ച വൈകീട്ട് ഉഖ്റുൽ ജില്ലയിലെ കുക്കി വിഭാഗത്തിന് ഭൂരിപക്ഷമുള്ള ലിറ്റാൻ സരൈഖോങ് ഗ്രാമത്തിൽ നാഗ-കുക്കി വിഭാഗക്കാർ തമ്മിൽ രൂക്ഷമായ കല്ലേറുണ്ടായി. തുടർന്ന് അധികൃതർ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഞായറാഴ്ച അർധരാത്രിയോടെ ലിറ്റാൻ സരൈഖോങ്ങിൽ നാഗ വിഭാഗക്കാരുടെ നിരവധി വീടുകൾ കുക്കിസംഘം തീയിട്ടു. ഇതിന് പ്രതികാരമായി സമീപപ്രദേശത്തെ ചില കുക്കി വിഭാഗക്കാരുടെ വീടുകൾക്കും തീയിട്ടു.
തിങ്കളാഴ്ച ഉച്ചയോടെ ലിറ്റാൻ സരൈഖോങ് ഗ്രാമത്തിലെ കൂടുതൽ വീടുകൾക്ക് തീയിട്ടതോടെ സംഘർഷം രൂക്ഷമായി. അക്രമികൾ ആകാശത്തേക്ക് വെടിയുതിർത്തതോടെ ഗ്രാമവാസികൾ അത്യാവശ്യ സാധനങ്ങളുമായി അയൽ ജില്ലയായ കാംഗ്പോക്പിയിലേക്ക് പലായനംചെയ്തു.
ശനിയാഴ്ച രാത്രി ലിറ്റാൻ ഗ്രാമത്തിലെ നാഗ വിഭാഗക്കാരനെ എട്ടുപേർ ചേർന്ന് മർദിച്ചതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് ഗ്രാമത്തലവന്മാരുടെ നേതൃത്വത്തിൽ പ്രശ്നം പരിഹരിക്കാൻ യോഗം നിശ്ചയിച്ചിരുന്നു.
എന്നാൽ, ഈ യോഗം നടന്നില്ലെന്ന് മാത്രമല്ല, തൊട്ടടുത്ത ഗ്രാമത്തിൽനിന്നുള്ളവർ ലിറ്റാൻ സരൈഖോങ് ഗ്രാമത്തലവന്റെ വീട് ആക്രമിക്കുകയും വെടിയുതിർക്കുകയും ചെയ്തത് സ്ഥിതി വഷളാക്കി. തുടർന്ന് ഇരുഗോത്രക്കാർ തമ്മിൽ കല്ലേറുണ്ടായതോടെ ഭരണകൂടം നിരോധനാജ്ഞ ഏർപ്പെടുത്തി.
തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ സംഭവമാണിതെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ് വ്യക്തമാക്കി. സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ ഉപമുഖ്യമന്ത്രി എൽ. ദിഖോയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. മേഖലയിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു. കാൽനട പട്രോളിങ്ങും നിരീക്ഷണവും ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.