ന്യൂഡൽഹി: സംഭൽ ശാഹി ജമാ മസ്ജിദ് സർവേക്കിടെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് പൊലീസുകാർക്കെതിരെ ചന്ദൗസി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സി.ജെ.എം) കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതിനെതിരെ യു.പി സർക്കാറും പൊലീസ് ഉദ്യോഗസ്ഥരും നൽകിയ ഹരജികളിൽ അലഹബാദ് ഹൈകോടതിയിൽ വാദം കേൾക്കൽ ആരംഭിച്ചു.
സർക്കിൾ ഓഫിസർ അനൂജ് ചൗധരി, ഇൻസ്പെക്ടർ അനൂജ് കുമാർ തോമർ എന്നിവരുൾപ്പെടെ 20 പൊലീസുകാർക്കെതിരെ കേസെടുക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിഭാൻഷു സുധീറാണ് കഴിഞ്ഞ മാസം ഉത്തരവിട്ടത്. ഉത്തരവ് വന്ന് ആഴ്ചകൾ പിന്നിട്ടിട്ടും കേസ് എടുക്കാൻ സർക്കാർ തയാറായിരുന്നില്ല, പകരം ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ ഉത്തരവിട്ട സി.ജെ.എം വിഭാൻഷു സുധീറിനെ സ്ഥലം മാറ്റി.
സംഘർഷത്തിനിടെ പള്ളിക്ക് സമീപമുണ്ടായിരുന്ന തന്റെ മകൻ ആലമിനെ പൊലീസ് വെടിവെച്ചെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസി യാമിൻ സമർപ്പിച്ച പരാതിയിലാണ് പൊലീസുകാർക്കെതിരെ കേസെടുക്കാൻ സി.ജെ.എം ഉത്തരവിട്ടത്.
ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്ന പൊതുപ്രവർത്തകരെ സംരക്ഷിക്കുന്ന വ്യവസ്ഥയിലെ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പരാജയപ്പെട്ടെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. കേസിൽ വാദം കേൾക്കൽ ചൊവ്വാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.