ഓം ബിർള

അപകീർത്തി പരാമർശം: സ്പീക്കർക്ക് കോൺഗ്രസ് വനിത എം.പിമാരുടെ കത്ത്

ന്യൂഡൽഹി: ലോക്സഭയുടെ ഭരണഘടനാപരമായ സൂക്ഷിപ്പുകാരനായ സ്പീക്കർ ഭരണകക്ഷിയുടെ സമ്മർദത്തിന് വഴങ്ങി വ്യാജവും അടിസ്ഥാനരഹിതവും അപകീർത്തികരവുമായ പരാമർശങ്ങളാണ് പ്രതിപക്ഷത്തെ വനിത എം.പിമാരായ തങ്ങൾക്കെതിരെ നടത്തിയതെന്ന് അഞ്ച് കോൺഗ്രസ് വനിത എം.പിമാർ സ്പീക്കർ ഓം ബിർളക്ക് കത്തെഴുതി. പ്രധാനമന്ത്രിയുടെ കസേരയുടെ അടുത്തേക്ക് ബാനറുമായി ചെന്നതിന് സ്പീക്കർ വിമർശിച്ചതിനാണ് ജ്യോതി മണി, വർഷ ഗെയ്ക്‍വാദ്, ഡോ. ആർ. സുധ തുടങ്ങിയ എം.പിമാർ കത്തെഴുതിയത്.

‘പാർട്ടി ബന്ധം നോക്കാതെ പാർലമെന്റിന്റെ അന്തസ്സും നീതിയും അംഗങ്ങളുടെ അവകാശവും സംരക്ഷിക്കുകയാണ് സ്പീക്കർ എന്ന ഭരണഘടനാപദവി ചെയ്യേണ്ടത്. എന്നാൽ, പ്രതിപക്ഷ നേതാവിനെ നാലുദിവസമായി സംസാരിക്കാൻ അനുവദിക്കാതിരുന്നത് പാർല​മെന്റിന്റെ ചരിത്രത്തിൽ മുമ്പുണ്ടാകാത്ത ന്യായീകരിക്കാനാകാത്ത പ്രവൃത്തിയാണ്. ഭരണകക്ഷിക്കുവേണ്ടി എട്ട് പ്രതിപക്ഷ എം.പിമാരെ സസ്​പെൻഡ് ചെയ്തപ്പോൾ മറുഭാഗത്ത് മുൻ പ്രധാനമന്ത്രിമാർക്കെതിരെ ആഭാസകരവും അശ്ലീലവുമായ രീതിയിൽ സംസാരിക്കാൻ ബി.ജെ.പി എം.പിയെ അനുവദിക്കുകയും ചെയ്തു.

താങ്കളെ നേരിൽകണ്ട് ആ ബി.ജെ.പി എം.പിയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യ​പ്പെട്ടപ്പോൾ അദ്ദേഹത്തിന് തെറ്റുപറ്റിയെന്ന് താങ്കൾ സമ്മതിച്ചതും നടപടിയുടെ കാര്യത്തിൽ സർക്കാറിന്റെ മറുപടിക്കായി കാത്തുനിൽക്കുകയാണെന്നുമാണ് പറഞ്ഞത്. സഭയുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് താങ്കളല്ല എന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. എന്നാൽ, ചട്ടവിരുദ്ധമായി പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം തീരുമാനിച്ചപ്പോഴാണ് തങ്ങൾ പ്രതിഷേധിച്ചത്.

എന്നാൽ, പ്രധാനമന്ത്രി സഭയിൽ വരാത്തതിനെ ന്യായീകരിക്കാൻ തങ്ങൾക്കെതിരെ പ്രസ്താവന നടത്തുകയാണ് താങ്കൾ ചെയ്തത്. തങ്ങളുടെ ഭീഷണികൊണ്ടല്ല, മറിച്ച് മോദിയുടെ ഭയംകൊണ്ടാണ് അദ്ദേഹം സഭയിൽ വരാതിരുന്നതെന്നും പ്രതിപക്ഷത്തെ സഭയിൽ അഭിമുഖീകരിക്കാനുള്ള ധൈര്യം അദ്ദേഹത്തിനില്ലെന്നും എം.പിമാർ കത്തിൽ തുടർന്നു. തങ്ങളെ ഭയപ്പെടുത്താനാവില്ലെന്നും സുതാര്യത മാത്രമാണ് സഭയുടെ അന്തസ്സും വിശ്വാസവും വീണ്ടെടുക്കാനുള്ള പരിഹാരമെന്നും വനിത എം.പിമാർ കൂട്ടിച്ചേർത്തു.

രാഹുലിനെ സംസാരിക്കാൻ അനുവദിച്ചില്ല; പ്രതിഷേധത്തിൽ സഭ പിരിഞ്ഞു

ലോക്സഭാ സ്പീക്കർ ഓം ബിർളയെ മറ്റു കോൺഗ്രസ് നേതാക്കൾക്കൊപ്പം നേരിൽക്കണ്ട് സംസാരിച്ച ശേഷവും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിലുള്ള പ്രതിഷേധത്തിൽ തിങ്കളാഴ്ച ലോക്സഭ ബജറ്റ് ചർച്ചയിലേക്ക് കടക്കാനാകാതെ ചൊവ്വാഴ്ചത്തേക്ക് പിരിഞ്ഞു. ഏറെ നാളുകൾക്കുശേഷം പ്രധാന പ്രസംഗകനായി പാർലമെ​ന്റ് ചർച്ചക്ക് തുടക്കമിടാൻ കോൺഗ്രസ് ശശി തരൂരിന് അവസരം നൽകിയെങ്കിലും അത് പ്രാവർത്തികമായതുമില്ല.

ഉച്ചക്ക് 12 മണിക്ക് സഭ ചേർന്നപ്പോൾ ചർച്ചക്ക് തുടക്കമിടാൻ ​കോൺഗ്രസ് നിയോഗിച്ച ശശി തരുരിനെ ചെയറിലുണ്ടായിരുന്ന തെലുഗു​ദേശം എം.പി കൃഷ്ണപ്രസാദ് ടെന്നേറ്റി വിളിച്ചപ്പോൾ പ്രതിപക്ഷ നേതാവിന് സംസാരിക്കാനുണ്ടെന്നും അതുകഴിഞ്ഞ് താൻ തുടങ്ങാമെന്നും പറഞ്ഞ് ശശി തരൂർ ഇരിക്കുകയായിരുന്നു. എന്നാൽ, ബജറ്റിലേ സംസാരിക്കാവൂ എന്നാണ് സ്പീക്കർ നൽകിയ നിർദേശം എന്നുപറഞ്ഞ് രാഹുലിനെ സംസാരിക്കാൻ അനുവദിച്ചില്ല. അതോടെ പിരിഞ്ഞ സഭ രണ്ട് മണിക്ക് വീണ്ടും ചേർന്നപ്പോഴും രാഹുൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല.

സ്പീക്കറെ നേരിൽ കണ്ടതാണെന്നും സംസാരിക്കാൻ അനുമതി നൽകിയതാണെന്നും രാഹുലും കെ.സി. വേണുഗോപാലും ആവർത്തിച്ച് പറഞ്ഞിട്ടും ചെയർ സമ്മതിച്ചില്ല. രാഹുലിനെ തടസ്സപ്പെടുത്തിയ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു സ്പീക്കർ അനുമതി നൽകിയെന്നത് ശരിയല്ലെന്ന് അവകാശപ്പെട്ടു.

പി.എം കെയേഴ്സ് ഫണ്ടി​നെക്കുറിച്ച് സഭയിൽ ‘മിണ്ടരുത്’

പി.എം കെയേഴ്സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി, ദേശീയ പ്രതിരോധ നിധി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വിഷയങ്ങളും സഭയിൽ ഉന്നയിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ലോക്സഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചു. ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കോ ശൂന്യവേളയിലെ പരാമർശങ്ങൾക്കോ അനുമതി നൽകരുതെന്നാണ് നിർദേശം

ഈ ഫണ്ടുകളിലെ തുക പൂർണമായും പൊതുജനങ്ങളുടെ സന്നദ്ധ സംഭാവനകളിലൂടെ സമാഹരിച്ചതാണെന്നും ഇന്ത്യയുടെ ഏകീകൃത നിധിയിൽനിന്നുള്ള വിഹിതമല്ലെന്നും ചൂണ്ടിക്കാട്ടി ജനുവരി 30നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ലോക്സഭാ സെക്രട്ടേറിയറ്റിന് കത്ത് നൽകിയിരിക്കുന്നതെന്ന് ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. പി.എം കെയേഴ്സ് ഫണ്ടിന്റെ സുതാര്യതയെക്കുറിച്ച് പ്രതിപക്ഷം വ്യാപക വിമ​ർശനം ഉയർത്തുന്നതിനിടെയാണ് സർക്കാർ നീക്കം.

വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഈ ഫണ്ട് വരില്ലെന്ന് സർക്കാർ നേരത്തേ നിലപാട് എടുത്തിരുന്നു. സി.എ.ജി ഓഡിറ്റിനും ഈ ഫണ്ടുകൾ വിധേയമല്ല.

Tags:    
News Summary - ‘False and defamatory’: Congress women MPs write to Speaker Om Birla over remarks on PM Modi’s absence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.