ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ചും കേന്ദ്ര സർക്കാറിന്‍റെ തൊഴിലാളി-കർഷക ദ്രോഹ, ദേശ വിരുദ്ധ നയങ്ങൾക്കുമെതിരെ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 12ന് രാജ്യവ്യാപക പണിമുടക്ക് നടത്തും. ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു എന്നിവ ഉൾപ്പെടെയുള്ള പത്ത് കേന്ദ്ര ട്രേഡ് യൂനിയനുകളുടെയും, സ്വതന്ത്ര മേഖലാ ഫെഡറേഷനുകൾ, അസോസിയേഷനുകൾ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിലാണ് പണിമുടക്ക്.
നാല് ലേബർ കോഡുകളും ചട്ടങ്ങളും റദ്ദാക്കുക, ആണവോർജം സംബന്ധിച്ച പുതിയ നിയമം, ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപത്തിനുള്ള തീരുമാനം എന്നിവ പിൻവലിക്കുക, പുതിയ നിയമം റദ്ദാക്കി മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് പ്രധാനമായി ഉന്നയിക്കുന്നതെന്ന് എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജീത് കൗർ, എ.ഐ.യു.ടി.യു.സി ജനറൽ സെക്രട്ടറി ശങ്കർദാസ് ഗുപ്ത എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൊഴിലാളി സമൂഹത്തിന്‍റെ അടിസ്ഥാന അവകാശങ്ങളും രാജ്യത്തിന്‍റെ ജനാധിപത്യ, മതേതര അടിത്തറയും സംരക്ഷിക്കാൻ പണിമുടക്കിന് പിന്തുണയും ഐക്യദാർഢ്യവും നൽകി മുന്നോട്ടുവരണമെന്ന് പ്രതിപക്ഷ പാർട്ടികളോടും യുവാക്കളോടും വിദ്യാർഥികളോടും ഇവർ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.