കത് വ കേസ് പുറത്തു കൊണ്ടുവന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ നിശ്ചയദാർഢ്യം

ശ്രീനഗർ: രാജ്യത്തെ ഇളക്കിമറിച്ച എട്ടുവയസ്സുകാരിയുടെ ബലാൽസംഗ കൊലപാതകത്തിന്‍റെ ചുരുളഴിച്ചത് സ്വാധീനത്തിന് വഴങ്ങാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ നിശ്ചയദാർഢ്യം. ജമ്മു കശ്മീരിലെ എട്ടുവയസ്സുകാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങിയത് പൊലീസ് സമർപ്പിച്ച ചാർജ് ഷീറ്റിലൂടെയായിരുന്നു. വിചാരണ കോടതിയിൽ സമർപ്പിച്ച കുറ്റപ്പത്രത്തോടൊപ്പം മറ്റ് തെളിവുകളും സമർപ്പിക്കാനായത് സമ്മർദ്ദത്തിന് വഴങ്ങാത്ത പൊലീസ് സംഘത്തിന്‍റെ മികവാണ് തെളിയിക്കുന്നത്.

എട്ടുയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതിന്‍റെയും മയക്കുമരുന്ന് നൽകിയതിന്‍റെയും തുടർച്ചയായി ബലാൽസംഗം ചെയ്തതിന്‍റെയും വിശദാംശങ്ങൾ പൊലീസ് സമർപ്പിച്ച ചാർജ് ഷീറ്റിൽ ഉൾപ്പെടുത്തിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനെതിരെ ഹിന്ദു ഏക്ത മഞ്ച് രംഗത്തെത്തിയിരുന്നു. ജമ്മു-കശ്മീരിലെ ബി.ജെ.പി എം.എൽ.എമാരായ ചൗധരി ലാൽ സിങ്ങും ചന്ദർ പ്രകാശ് ഗംഗയും കുറ്റവാളികളെ അനുകൂലിച്ചുകൊണ്ട് റാലികളിൽ പങ്കെടുത്തിരുന്നു. ബാർ അസോസിയേഷനും കേസ് രജിസ്റ്റർ ചെയ്യുന്നതിനെതിരെ രംഗത്തെത്തി. ഇത്തരത്തിലുള്ള എല്ലാ പ്രതികൂല അവസ്ഥകളേയും അതിജീവിച്ചാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 

ക്രൈബ്രാഞ്ചിലെ സീനിയർ സൂപ്രണ്ടായ രമേഷ് കുമാർ ജല്ലയും സംഘവും റെക്കോർഡ് സമയത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. ഹൈകോടതി അനുവദിച്ച 90 ദിവസത്തിന് 10 ദിവസം ശേഷിക്കെയാണ് ഏപ്രിൽ 9ന് കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. മുസ്ലിം നാടോടി വിഭാഗത്തിൽ പെടുന്ന പെൺകുട്ടിയുടെ കേസ് അന്വേഷണത്തിൽ കശ്മീരി പണ്ഡിറ്റായ രമേഷ് കുമാർ ജല്ല പ്രകടിപ്പിച്ച സത്യസന്ധത ആരേയും അദ്ഭുതപ്പെടുത്തും. 

കേസ് മൂടിവെക്കാൻ ശ്രമിച്ച ഗൂഢാലോചനയിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനും 4 പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നു എന്നതും കേസിന്‍റെ ഗൗരവം വർധിപ്പിക്കുന്നു. അന്വേഷണം ആരംഭിക്കുന്ന ഘട്ടത്തിൽ കേസിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടതായി ജല്ലക്കും അറിവില്ലായിരുന്നു. പ്രതികൾ കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പൊലീസുകാരുടെ പങ്കിനെക്കുറിച്ച് ഇവർ ഒന്നും പറഞ്ഞില്ല. മാത്രമല്ല, പ്രദേശത്തെ ഒരു പയ്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയായിരുന്നു എന്നായിരുന്നു ഇവരുടെ മൊഴി. 

മൃതദേഹം ലഭിച്ച സ്ഥലത്ത് ചെളി ഇല്ലാതിരുന്നിട്ടും പെൺകുട്ടിയുടെ ശരീരത്തിൽ പറ്റിപിടിച്ചിരുന്ന ചെളി മറ്റൊരു പ്രദേശത്തുവെച്ചാണ്  പെൺകുട്ടി കൊല്ലപ്പെട്ടതെന്നതിന് തെളിവായിരുന്നു. എന്നാൽ അന്വേഷണം ഈ വഴിക്ക് നീങ്ങവെ ഫോട്ടോയിലെ ചെളി അപ്രത്യക്ഷമായതാണ്  അന്വേഷണത്തിൽ വഴിത്തിരിവായത്. അതോടെയാണ് പൊലീസ് ഉദ്യോഗസ്ഥർ തന്നെ കേസിൽ ഇടപെടുന്നുണ്ടെന്ന് അന്വേഷണ സംഘത്തിന് മനസ്സിലായത്. തെളിവ് നശിപ്പിക്കാൻ വേണ്ടി പെൺകുട്ടിയുടെ വസ്ത്രങ്ങൾ അലക്കി വെച്ചിരുന്നു എന്നുകൂടി ബോധ്യമായതോടെ കള്ളൻ കപ്പലിൽ തന്നെ എന്ന് അന്വേഷണ സംഘത്തിന് മനസ്സിലായി.

ജല്ലയും സംഘവും അന്വേഷണത്തിനായി ക്ഷേത്രത്തിലെത്തുമ്പോൾ പെൺകുട്ടിയെ അവിടെ ബന്ദിയാക്കി പാർപ്പിച്ചതിന് ഒരു തെളിവും ഉണ്ടായിരുന്നില്ല. കേസിലെ മുഖ്യപ്രതിയായ സഞ്ജി റാമിന്‍റെ പക്കൽ നിന്ന് താക്കോൽ വാങ്ങി തുറന്ന് പരിശോധിച്ചപ്പോൾ ചില മുടിനാരുകൾ കണ്ടെത്താനായി. ഡി.എൻ.എ പരിശോധനയിൽ ഇത് പെൺകുട്ടിയുടേതാണെന്ന് ഉറപ്പിച്ചതോടെയാണ് പെൺകുട്ടിയെ താമസിപ്പിച്ച സ്ഥലം ക്ഷേത്രം തന്നെയാണ് ഉറപ്പാക്കിയത്. 

കേസ് ഒതുക്കിതീർക്കാനായി പ്രതികൾ പൊലീസ് ഉദ്യോഗസ്ഥന് 1,50,000 രൂപ നൽകിയതായും കുറ്റപത്രത്തിൽ പറയുന്നു.

Tags:    
News Summary - Dedicated police team resisted odds to crack Asifa rape case-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.