ഭോപാൽ: രാജ്യത്ത് ഇന്ധന ഉപഭോഗം കുറക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശത്തിന് പിന്നാലെ 100ഓളം വാഹനവ്യൂഹങ്ങളുടെ അകമ്പടിയോടെ യാത്ര ചെയ്ത് ബി.ജെ.പി നേതാവ്. മധ്യപ്രദേശ് ടെക്സ്റ്റ്ബുക് കോർപറേഷന്റെ ചെയർമാനായി നിയമിതനായതിന് പിന്നാലെയായിരുന്നു ബി.ജെ.പി നേതാവ് സൗഭാഗ്യ സിങ് താക്കൂറിന്റെ യാത്ര. നൂറോളം എസ്.യു.വികളുടെയും മറ്റ് വാഹനങ്ങളുടെയും അകമ്പടിയോടെയാണ് അദ്ദേഹം പുതിയ ചുമതലയേൽക്കാനായി ഉജ്ജയിനിൽനിന്ന് ഭോപാലിലേക്ക് തിരിച്ചത്.
ദേശീയപാതയിൽ വലിയൊരു വാഹനവ്യൂഹം കിടക്കുന്നതിന്റെയും താക്കൂറിനെ സ്വീകരിക്കാൻ പലയിടത്തും അനുയായികൾ നിൽക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. വാഹനവ്യൂഹം കടന്നുപോകുന്നതിനാൽ പലയിടത്തും ഗതാഗതം തടസ്സപ്പെടുകയും ഗതാഗതക്കുരുക്കുണ്ടാകുകയും ചെയ്തു.
പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ക്രൂഡ് ഓയിൽ വില ഉയരുന്ന സാഹചര്യത്തിൽ പെട്രോൾ, ഡീസൽ ഉപഭോഗം കുറക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് പരസ്യമായി അഭ്യർഥിച്ചതിന് ഒരു ദിവസം കഴിഞ്ഞപ്പോഴായിരുന്നു ബി.ജെ.പി നേതാവിന്റെ വാഹനപര്യടനം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും വിമർശനം ശക്തമായി. വിഡിയോ വൈറലായതോടെ പ്രധാനമന്ത്രിയുടെ പരസ്യ അഭ്യർഥന സ്വന്തംപാർട്ടിയിലെ നേതാക്കൾ പിന്തുടരുന്നുണ്ടോ എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
ഞായറാഴ്ച തെലങ്കാനയിൽ നടന്ന ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അനാവശ്യ ഇന്ധന ഉപയോഗം കുറക്കാനും പൊതുഗതാഗതം തിരഞ്ഞെടുക്കാനും മെട്രോ സേവനങ്ങൾ ഉപയോഗിക്കാനും കാർപൂളിങ് സ്വീകരിക്കാനും ഇലക്ട്രിക് വാഹനങ്ങളെ കൂടുതലായി ആശ്രയിക്കാനുമാണ് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചത്. കൂടാതെ കോവിഡ് 19 കാലത്തെപ്പോലെ വർക് ഫ്രം ഹോം സംവിധാനം നടപ്പാക്കാനും പ്രധാനമന്ത്രി അഭ്യർഥിച്ചിരുന്നു. അനിവാര്യമല്ലാത്ത വിദേശ യാത്രകളും സ്വർണം വാങ്ങലുകൾ ഉൾപ്പെടെയുള്ള ചെലവുകൾ മാറ്റിവെക്കാനും മോദി ഉപദേശിച്ചിരുന്നു.
അതേസമയം, പ്രധാനമന്ത്രിയുടെ പൊതു അഭ്യർഥന ഭരണ പരാജയത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സർക്കാർ ഉത്തരവാദിത്തം പൗരൻമാരുടെ തലയിലിടുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.