ഭോപാൽ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പിരിച്ച പണം സ്വന്തം ആവശ്യത്തിനുപയോഗിച്ചെന്ന കേസിൽ ആരോപണ വിധേയനായ ജബൽപൂർ ബിഷപ്പ് പി.സി. സിങ്ങിന്റെ ബിഷപ്പ് ഹൗസിൽ നിന്ന് നിരവധി ആഭരണങ്ങൾ, പണം, വിദേശ കറൻസി എന്നിവയടക്കം വൻ ശേഖരം പിടിച്ചെടുത്തു.
ഏകദേശം 1.65 കോടിരൂപയുടെ ഇന്ത്യൻ കറൻസിയും 18,000 യു.എസ് ഡോളറും 118ബ്രിട്ടീഷ് പൗണ്ടും ആണ് ഉള്ളതെന്നും എണ്ണിത്തിട്ടപ്പെടുത്തിയാൽ മാത്രമേ കൃത്യമായ കണക്കുകൾ പറയാനാകൂവെന്നും അധികൃതർ അറിയിച്ചു. 17 അധിക സ്വത്തിെന്റ രേഖകൾ, 48 ബാക് അക്കൗണ്ട്സ്, 80.72 ലക്ഷം രൂപയുടെ ആഭരണങ്ങൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
ജബൽപൂർ രൂപതയുടെ ബോർഡ് ഓഫ് എജ്യുക്കേഷൻ ചെയർമാനായിരിക്കെ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസായി പിരിച്ചെടുത്ത 2.70 കോടി രൂപ തട്ടിയെടുത്ത് മതപരമായ കാര്യങ്ങൾക്കും വ്യക്തിഗത ആവശ്യങ്ങൾക്കും വേണ്ടി ഉപയോഗിച്ചുവെന്നാണ് ബിഷപ്പിനെതിരായ ആരോപണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പിരിച്ച പണം ബിഷപ്പ് പി.സി.സിങ് സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന് പരാതി ലഭിച്ചതായി സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ദേവേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. 2004-05 നും 2011-12 നും ഇടയിൽ 2.70 കോടി രൂപ തട്ടിയെടുത്തതായി അന്വേഷണത്തിൽ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടുണ്ട്.
കേസിൽ പ്രതിയായ പി.സി. സിങ് നിലവിൽ ജർമനിയിലാണെന്ന് കരുതുന്നു. ഉത്തർ പ്രദേശ്, മധ്യ പ്രദേശ്, പഞ്ചാബ്, ഝാർഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ തട്ടിപ്പിന് ഉൾപ്പെടെ 84 ക്രിമിനൽ കേസുകൾ പി.സി. സിങ്ങിന്റെ പേരിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.