ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട എം.പിമാർക്കും എം.എൽ.എമാർക്കും തെരഞ്ഞെടുപ്പുകളിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണം തടയാൻ ആജീവനാന്ത വിലക്ക് അനിവാര്യമാണെന്ന് കമീഷൻ വ്യക്തമാക്കി.ആജീവനാന്ത വിലക്കിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പുറമെ നിയമ കമീഷനും ശിപാർശ നൽകിയതാണെന്ന് കേന്ദ്ര സർക്കാർ ബോധിപ്പിച്ചു. അതിനാൽ തങ്ങൾ ഇൗ നിർദേശം പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര സർക്കാർ കൂട്ടിച്ചേർത്തു.
എം.പിമാരും എം.എൽ.എമാരും പ്രതികളായ 1581കേസുകളുെട വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടതിന് പിറകെയാണ് ആജീവനാന്ത വിലക്ക് വേണമെന്ന നിർദേശം തെരഞ്ഞെടുപ്പ് കമീഷനും സമർപ്പിച്ചത്. 2014ലെ പൊതു തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിന്ന് ഇൗ വിവരമെടുക്കാനാകുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇത് കൂടാതെ രാജ്യത്തെ രാഷ്ട്രീയ നേതാക്കൾക്കെതിരെ 2014 മുതൽ ഇതുവരെ പുതുതായി രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുടെ വിവരങ്ങളും ശേഖരിക്കാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകി. അതിനിടെ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട ക്രിമിനൽ കേസുകൾ പെെട്ടന്ന് തീർപ്പാക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി സമർപ്പിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു.
ആറാഴ്ചക്കകം ഇതുസംബന്ധിച്ച വിശദാംശങ്ങൾ സുപ്രീംകോടതിക്ക് സമർപ്പിക്കണം. ഡിസംബർ 13ന് കേസിൽ വീണ്ടും വാദം കേൾക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിലവിൽ ക്രിമിനൽ കേസുകളിൽ രണ്ട് വർഷത്തിൽ കുറയാത്ത തടവു ശിക്ഷ ലഭിച്ച രാഷ്ട്രീയക്കാർക്ക് ആറ് വർഷത്തെ വിലക്കാണുള്ളത്. ജയിലിൽനിന്ന് വിട്ടയക്കുന്ന നാൾ തൊട്ടാണ് ഇത് പരിഗണിക്കുക. ജൂലൈ 13ന് കേസ് പരിഗണിച്ചപ്പോൾ ക്രിമിനൽ കേസിൽ കുറ്റക്കാരാണ് എന്ന് കണ്ടെത്തിയ നേതാക്കൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുന്നതിനോട് തെരഞ്ഞെടുപ്പ് കമീഷൻ അനുകൂല സമീപനം കാണിക്കാത്തതിൽ ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ആജീവനാന്ത വിലക്കിെൻറ കാര്യത്തിൽ രണ്ടാലൊരു നിലപാട് കൈക്കൊള്ളാൻ സുപ്രീംകോടതി നിർദേശിക്കുകയും ചെയ്തു.
ജയിൽ ശിക്ഷ അനുഭവിച്ച രാഷ്ട്രീയക്കാർക്ക് തെരഞ്ഞെടുപ്പിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ബി.ജെ.പി നേതാവ് അഡ്വ. അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹരജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.