അലിഗഢ്: യു.പിയിലെ അലിഗഢിൽ മിനി ട്രക്കിൽ മാംസം കൊണ്ടുപോവുകയായിരുന്ന നാല് മുസ്‍ലിം യുവാക്കളെ ‘പശു സംരക്ഷകരു’ടെ വേഷം ധരിച്ചെത്തിയ ഹിന്ദുത്വ സംഘം ആക്രമിച്ചു. സാരമായി പരിക്കേറ്റ അവരിൽ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരകളുടെ മിനി ട്രക്ക് അലഹ്ദാദാപൂർ ഗ്രാമത്തിൽ തടഞ്ഞുനിർത്തിയാണ് മർദിച്ചത്. ജനക്കൂട്ടം ജയ് ശ്രീ റാം എന്ന് വിളിച്ചതായി പ്രദേശവാസി പറഞ്ഞു. തന്റെ സംഘം ‘കശാപ്പുകാരെയും നിരോധിത ഗോമാംസം വിതരണം ചെയ്യുന്നവരെയും’ തടഞ്ഞുനിർത്തി പൊലീസിന് കൈമാറിയെന്ന് അഖില ഭാരതീയ ഹിന്ദു സേന പ്രസിഡന്‍റ് കിഷൻ പഥക് അവകാശപ്പെട്ടു. എന്നാൽ, തങ്ങൾ പോത്തിറച്ചിയാണ് കൊണ്ടുപോയതെന്നും അത് നിരോധിക്കപ്പെട്ടിട്ടില്ലെന്നും മുസ്‍ലിംകളായ ഇരകൾ പറയുന്നു.
പരിക്കേറ്റ നാലു പേരിൽ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എസ്.പി ജെയിൻ പറഞ്ഞു. മാംസത്തിന്റെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ടെന്നും ആക്രമണം നടന്ന ഗ്രാമത്തിലെ താമസക്കാരോട് ‘ഇരകൾക്കെതിരെ പരാതി സമർപ്പിക്കാൻ‘ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിന്റെ ഉപ വിഭാഗമായ അഖില ഭാരതീയ ഹിന്ദു സേന നടത്തിയെന്ന് അവകാശപ്പെടുന്ന ആക്രമണത്തിൽ അക്രമികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമോ എന്നതിനെ കുറിച്ച് എസ്.പി ഒന്നും പറഞ്ഞില്ല.
അലിഗഢിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള കൗശാമ്പി ജില്ലയിൽ രണ്ടു ദിവസം മുമ്പ് ഒരു മാംസ വ്യാപാരിയെയും എരുമകളെ കൊണ്ടുപോകുകയായിരുന്ന അയാളുടെ രണ്ട് ജീവനക്കാരെയും ബി.ജെ.പി പതാകയും ‘ഗോ സംരക്ഷണ’ സംഘടനയുടെ അടയാളങ്ങളുമായെത്തിയ ഒരു സംഘം ആക്രമിച്ചിരുന്നു. അക്രമികളിൽ രണ്ടുപേരെ പിടിച്ചുപറി, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.