ന്യൂഡല്‍ഹി: പ്രശസ്ത ഇസ്ലാമിക പ്രബോധകന്‍ ഡോ. സാകിര്‍ നായികിന്‍െറ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍െറ (ഐ.ആര്‍.എഫ്) പ്രവര്‍ത്തനം നിരോധിച്ചത് ചോദ്യംചെയ്യുന്ന ഹരജിയില്‍ വാദം കേള്‍ക്കല്‍ അടച്ചിട്ട കോടതി മുറിയില്‍ നടത്താന്‍ ഉത്തരവ്. വിചാരണ അടച്ചിട്ട കോടതി മുറിയില്‍ വേണമെന്ന കേന്ദ്ര സര്‍ക്കാറിന്‍െറ ആവശ്യത്തില്‍ പ്രത്യേക ട്രൈബ്യൂണല്‍ അധ്യക്ഷ ഡല്‍ഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് സംഗീത ദിംഗ്റ സെഹ്ഗാളിന്‍േറതാണ് ഉത്തരവ്.
രഹസ്യവിചാരണ ഐ.ആര്‍.എഫ് എതിര്‍ത്തുവെങ്കിലും ട്രൈബ്യൂണല്‍ അംഗീകരിച്ചില്ല. കേസ് മാര്‍ച്ച് 17,18, 20 ദിവസങ്ങളില്‍ ട്രൈബ്യൂണല്‍ പരിഗണിക്കും. രഹസ്യവിചാരണയായതിനാല്‍ കേസുമായി ബന്ധപ്പെട്ടവര്‍ക്കല്ലാതെ കോടതി മുറിയില്‍ പ്രവേശനമുണ്ടാകില്ല. കോടതിയില്‍ വെക്കുന്ന രേഖകളും വാദങ്ങളും മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാനുമാകില്ല. ട്രൈബ്യൂണല്‍ മുമ്പാകെ പരിശോധനക്ക് വെക്കേണ്ട വിവരങ്ങള്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നവയാണെന്നും അതിനാല്‍ രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നുമാണ് രഹസ്യവിചാരണക്ക് ന്യായമായി കേന്ദ്ര സര്‍ക്കാര്‍ ട്രൈബ്യൂണല്‍ മുമ്പാകെ അറിയിച്ചത്.
സംഘടനക്കെതിരെ ആരോപിച്ച കുറ്റം അടിസ്ഥാനരഹിതമാണെന്നും ഐ.ആര്‍.എഫിനും സാകിര്‍ നായികിനുമെതിരെ ഉണ്ടെന്ന് പൊലീസ് പറയുന്ന തെളിവുകളുടെ പൊള്ളത്തരം വിചാരണ വേളയില്‍ പുറത്തുവരുന്നത് തടയാനാണ് രഹസ്യവിചാരണ ആവശ്യപ്പെടുന്നതെന്നുമാണ് ഐ.ആര്‍.എഫ് നിലപാട്. അതിനാല്‍, വിചാരണ തുറന്ന കോടതിയില്‍ നടക്കണമെന്ന് ഐ.ആര്‍.എഫ് ആവശ്യപ്പെട്ടു. നിരോധനത്തിന് ആധാരമായ ‘ ഗുരുതര തെളിവുകള്‍’ കോടതി മുമ്പാകെ വെക്കാന്‍ രഹസ്യവിചാരണതന്നെ വേണമെന്ന് കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയിന്‍ വാദിച്ചു.
തുടര്‍ന്നാണ് ട്രൈബ്യൂണല്‍ അധ്യക്ഷ രഹസ്യവിചാരണക്ക് ഉത്തരവിട്ടത്.2016 നവംബര്‍ 17നാണ് ഐ.ആര്‍.എഫിന്‍െറ പ്രവര്‍ത്തനം നിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്. ഡോ. സാകിര്‍ നായികിന്‍െറ പ്രസംഗവും ഐ.ആര്‍.എഫിന്‍െറ പ്രവര്‍ത്തനവും യുവാക്കളെ തീവ്രവാദത്തിലേക്ക് പ്രചോദിപ്പിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു വിലക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.