ന്യൂഡൽഹി: കള്ളപ്പണം തടയൽ നിയമപ്രകാരം പ്രത്യേക കോടതിയുടെ പരിഗണനയിലുള്ള കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോ (ഇ.ഡി) ഉദ്യോഗസ്ഥർക്കോ ഈ നിയമത്തിന്റെ 19ാം വകുപ്പുപ്രകാരം പ്രതിയെ സ്വമേധയാ അറസ്റ്റ്ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി. അറസ്റ്റ്ചെയ്യണമെങ്കിൽ ഇ.ഡി പ്രത്യേക കോടതിയിൽ അപേക്ഷ നൽകണമെന്നും സുപ്രധാന വിധിയിൽ ജസ്റ്റിസുമാരായ അഭയ് എസ്.ഓഖ, ഉജ്ജൽ ഭുയാൻ എന്നിവർ വ്യക്തമാക്കി.
ഇ.ഡിയുടെ അപേക്ഷയിൽ പ്രതിഭാഗത്തെ കൂടി കേട്ടതിനുശേഷം മാത്രമേ ചോദ്യംചെയ്യാൻ കസ്റ്റഡി വേണമോ എന്ന് ഉത്തരവിടാനാവുകയുള്ളൂ. എഫ്.ഐ.ആർ ഫയൽചെയ്യുന്നതുവരെ പ്രതിയെ അറസ്റ്റ്ചെയ്തില്ലെങ്കിൽ പിന്നീട് കോടതി സമൻസാണ് അയക്കുക. ഇത് അറസ്റ്റ് വാറന്റല്ല. പ്രതി ജാമ്യത്തിലാണെങ്കിലും സമൻസ് നൽകാം. സമൻസിനെ തുടർന്ന് പ്രതി കോടതിയിൽ ഹാജരായാൽ അത് കസ്റ്റഡിയായല്ല പരിഗണിക്കേണ്ടത്. അതിനാൽ പ്രതി ജാമ്യാപേക്ഷ നൽകേണ്ട ആവശ്യമില്ല. ക്രിമിനൽ നിയമ ചട്ടത്തിന്റെ 88ാം വകുപ്പ് പ്രകാരം പ്രത്യേക കോടതിക്ക് ബോണ്ട് നൽകാൻ നിർദേശിക്കാം. പ്രതി ഹാജരായില്ലെങ്കിൽ ക്രിമിനൽ നിയമ ചട്ടത്തിന്റെ 70ാം വകുപ്പ് പ്രകാരം വാറന്റ് പുറപ്പെടുവിക്കാം. പ്രത്യേക കോടതി ആദ്യം ജാമ്യം നൽകാവുന്ന വാറന്റാണ് നൽകേണ്ടത്. ഇത് ഫലപ്രദമായില്ലെങ്കിൽ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാമെന്നും സുപ്രീംകോടതി വിധിയിൽ നിർദേശിച്ചു.
കള്ളപ്പണ നിരോധന നിയമപ്രകാരം സമൻസിന്റെ അടിസ്ഥാനത്തിൽ പ്രത്യേക കോടതിയിൽ ഹാജരായ തർസേം ലാൽ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയിൽ ബോണ്ട് സമർപ്പിച്ചെങ്കിലും അറസ്റ്റ് ഭയന്ന് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയായിരുന്നു. എന്നാൽ, ഹൈകോടതി ജാമ്യം നിഷേധിച്ചു. ഹരജിക്കാരൻ ജാമ്യകാലയളവിൽ കുറ്റംചെയ്യില്ലെന്ന് കോടതിക്ക് ബോധ്യമാവണമെന്ന് വ്യക്തമാക്കിയാണ് ഹൈകോടതി ജാമ്യാപേക്ഷ തള്ളിയത്. ഹൈകോടതി ഉത്തരവിനെതിരെയാണ് ഹരജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.