ന്യൂഡൽഹി: 33 ശതമാനം വനിത സംവരണം നടപ്പാക്കാനെന്ന പേരിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 850 ആക്കി ഉയർത്തുന്ന മണ്ഡല പുനർ നിർണയ ബിൽ പാർലമെന്റ് അംഗങ്ങൾക്ക് വിതരണം ചെയ്തു. ബിൽ നിയമമായാൽ ലോക്സഭയിലേക്ക് സംസ്ഥാനങ്ങളിൽനിന്ന് 815ൽ കവിയാത്ത അംഗങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളിൽനിന്ന് 35ൽ കൂടാത്ത അംഗങ്ങളും തെരഞ്ഞെടുക്കപ്പെടും.ഭരണഘടനാ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ ബിൽ, ഡൽഹി, ജമ്മു-കശ്മീർ, പുതുച്ചേരി കേന്ദ്രഭരണ പ്രദേശങ്ങൾക്കായുള്ള പ്രത്യേക ബിൽ എന്നീ മൂന്നു ബില്ലുകളായാണ് മണ്ഡല പുനർനിർണയത്തിനുള്ള നിയമനിർമാണം സർക്കാർ നടത്തുന്നത്.
സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും നിയമസഭാ സീറ്റുകളുടെ പുനർ നിർണയവും മണഡലങ്ങളുടെ അതിർത്തി നിർണയവും ബന്ധപ്പെട്ട കാര്യങ്ങൾക്കുമുള്ളതാണ് മണ്ഡല പുനർനിർണയ ബിൽ-2026 എന്ന് ബില്ലിന്റെ ആമുഖത്തിലുണ്ട്.നിലവിലെ 543 ലോക്സഭാ മണ്ഡലങ്ങളിൽ 33 ശതമാനം വനിതകൾക്ക് സംവരണം ചെയ്യുന്നതിനുപകരം, വനിതകൾക്ക് നൽകാനെന്ന പേരിൽ ആകെ ലോക്സഭ മണ്ഡലങ്ങളുടെ എണ്ണം 850 ആക്കി ഉയർത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ബില്ലുകൾ എം.പിമാർക്ക് നൽകാത്തത് പ്രതിപക്ഷം വിവാദമാക്കിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച ഉച്ചയോടെ മൂന്നു ബില്ലുകളുടെ പകർപ്പുകൾ എം.പിമാർക്ക് നൽകിയത്.
കേന്ദ്ര സർക്കാർ നിയോഗിക്കുന്ന മണ്ഡല പുനർ നിർണയ കമീഷൻ, 2011ലെ സെൻസസ് ആധാരമാക്കിയാണ് മണ്ഡലങ്ങളുടെ വലുപ്പവും അതിർത്തിയും പുനഃക്രമീകരിക്കുക. ഇതിനായി 2026ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തി വനിത സംവരണം നടപ്പാക്കുമെന്ന 2023ലെ നിയമഭേദഗതി തിരുത്തി 2011ലെ സെൻസസ് ആധാരമാക്കി മണ്ഡല പുനർനിർണയം നടത്തുന്നതിനുള്ള ഭേദഗതിയും ബില്ലിലുണ്ട്. ഭരണഘടനയുടെ 81ാം അനുച്ഛേദം ഭേദഗതി ചെയ്യുന്നതിനുള്ളതാണ് ഭരണഘടനാ ഭേദഗതി ബിൽ.
തമിഴ്നാട്, പശ്ചിമ ബംഗാൾ നിയമസഭാ വോട്ടെടുപ്പ് കഴിഞ്ഞ് ഏപ്രിൽ 29നുശേഷം സർവകക്ഷി യോഗം വിളിച്ച് ചർച്ച ചെയ്ത് ഈ ബില്ലുകൾ അവതരിപ്പിച്ചാൽ മതിയെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് സർക്കാർ ഏകപക്ഷീയമായി ഏപ്രിൽ 16ന് പ്രത്യേകം പാർലമെന്റ് വിളിച്ചുചേർത്തിരിക്കുന്നത്. അതിനാൽ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്താൽ ഭരണഘടനാ ഭേദഗതി പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം സർക്കാറിന് ലഭിക്കില്ല. ബി.ജെ.പിക്ക് 2029 ജയിക്കാനുണ്ടാക്കിയ മണ്ഡല പുനർ നിർണയ ബിൽ പരാജയപ്പെടുത്തണമെന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകൻ കൂടിയായ രാജ്യസഭാ എം.പി കപിൽ സിബൽ ആവശ്യപ്പെട്ടപ്പോൾ ഇതിനെതിരെ പ്രക്ഷോഭം നയിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോൺഗ്രസും ഡി.എം.കെയും മുഴുവൻ എം.പിമാർക്കും വിപ്പ് നൽകിക്കഴിഞ്ഞു. തൃണമൂൽ കോൺഗ്രസിനുമേൽ ഇ.ഡിയെ വിട്ട് സമ്മർദം ശക്തമാക്കിയിട്ടുമുണ്ട്.
സ്ഥിരാംഗങ്ങൾ
അസോസിയറ്റ് അംഗങ്ങൾ
ഓരോ സംസ്ഥാനത്തും മണ്ഡല പുനർ നിർണയത്തിന് സഹായത്തിനായി 10 അസോസിയറ്റ് അംഗങ്ങളെ നിയമിക്കാം. ഇവരിൽ അഞ്ച് ലോക്സഭാ എം.പിമാരും അഞ്ച് എം.എൽ.എമാരുമാകും. ലോക്സഭാ, നിയമസഭാ അധ്യക്ഷന്മാർ അവരെ നാമനിർദേശം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.