ബംഗളൂരു: ഐ.എസ്.ആർഒയില്‍ ഗഗൻയാൻ ഉൾപ്പെടെയുള്ള സുപ്രധാന ദൗത്യങ്ങളിൽ പങ്കാളികളായ പ്രമുഖ ശാസ്ത്രജ്ഞർ കൂട്ടത്തോടെ ജോലി വിടുന്നതായി റിപ്പോർട്ട്. മാസങ്ങൾക്കിടെ ബെംഗളൂരുവിലെ യു.ആർ റാവു സാറ്റലൈറ്റ് സെന്ററില്‍നിന്ന് 80 ഓളം പേരും വി.എസ്.എസ്.സിയില്‍നിന്ന് 20 ഓളം പേരുമടക്കം 120-ലധികം ശാസ്ത്രജ്ഞരാണ് രാജിവെക്കുകയോ സ്വയം വിരമിക്കുകയോ (VRS) ചെയ്തത്. എല്‍വിഎം 3, സ്പാഡെക്സ്, ചന്ദ്രയാൻ 3 തുടങ്ങിയ നിർണായക പദ്ധതികളുടെ പ്രൊജക്ട് ഡയറക്ടർമാരും ഇതിൽ ഉൾപ്പെടുന്നു. മുൻപും ഐ.എസ്.ആർഒയിൽ സമാനമായ രീതിയിൽ കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്ക് തടയാനും പ്രധാന ദൗത്യങ്ങളെ ബാധിക്കാതിരിക്കാനും കേന്ദ്ര ബഹിരാകാശ വകുപ്പ് നിബന്ധനകൾ കർശനമാക്കി പുതിയ ഉത്തരവിറക്കി. ഗഗൻയാൻ പോലുള്ള പദ്ധതികളിലുള്ളവരുടെ രാജി ഇനി സാധാരണ നടപടിക്രമമനുസരിച്ച് സ്വീകരിക്കില്ലെന്നും, പദ്ധതികൾ പൂർത്തിയാകുന്നതുവരെ അപേക്ഷകൾ പരിഗണിക്കേണ്ടെന്നുമാണ് സെന്റർ ഡയറക്ടർമാർക്ക് നൽകിയിട്ടുള്ള നിർദേശം. കൂടാതെ, ഇത്തരം അപേക്ഷകളിൽ സെന്റർ ഡയറക്ടർമാർ സ്വയം തീരുമാനമെടുക്കാതെ അന്തിമ അനുമതിക്കായി കേന്ദ്ര ബഹിരാകാശ വകുപ്പിന് കൈമാറണമെന്നും പുതിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
ആകെ ജീവനക്കാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ രാജി വെക്കുന്നവരുടെ ശതമാനം കുറവാണെങ്കിലും, പ്രധാന ദൗത്യങ്ങളുടെ തലപ്പത്തിരിക്കുന്നവരുടെ കൊഴിഞ്ഞുപോക്കാണ് ആശങ്കയുണ്ടാക്കുന്നത്. എന്നാൽ സ്ഥാപനങ്ങളിൽ ജീവനക്കാർ മാറിപ്പോകുന്നത് സ്വാഭാവികമാണെന്നും, പെട്ടെന്നുള്ള കൊഴിഞ്ഞുപോക്ക് പ്രധാന പദ്ധതികളെ ബാധിക്കാതിരിക്കാനാണ് പുതിയ നീക്കമെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ സ്ഥിരീകരിച്ചു. ചിലർ പോയാൽ പകരം ഉത്തരവാദിത്തം ഏറ്റെടുക്കാൻ മറ്റുള്ളവർ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യമേഖലയിലെ അവസരങ്ങൾ മാത്രമല്ല ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. 2004-2007 കാലയളവിൽ പുതുതായി വന്നവരിൽ പകുതിയോളം പേരും, 2012-2024 കാലയളവിൽ ഏകദേശം 700 ഓളം ജീവനക്കാരും സ്ഥാപനത്തിൽ നിന്ന് രാജിവെച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.