ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) മുൻ ചെയർമാൻ ഇ. അബൂബക്കറിന്റെ മൂന്നാം ജാമ്യാപേക്ഷ ഡൽഹിയിലെ പ്രത്യേക എൻ.ഐ.എ കോടതി തള്ളി. യു.എ.പി.എ ചുമത്തിയ കേസിൽ വിചാരണ നടപടികൾ വൈകുന്നതും, ആരോഗ്യസ്ഥിതിയും ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം തേടിയത്. എന്നാൽ, കോടതി ഈ വാദങ്ങൾ തള്ളിക്കളയുകയായിരുന്നു.
പ്രത്യേക എൻ.ഐ.എ ജഡ്ജി പ്രശാന്ത് ശർമയാണ് ഹരജി പരിഗണിച്ച് ജാമ്യാപേക്ഷ തള്ളിയത്. വിചാരണ വൈകുന്നുവെന്ന വാദം ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്നും, കുറ്റകൃത്യത്തിന്റെ ഗൗരവം, കോടതിയിലെ ജോലിഭാരം, പ്രതികളുടെയും അഭിഭാഷകരുടെയും എണ്ണം തുടങ്ങിയ സാഹചര്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രതിഭാഗം അഭിഭാഷകൻ ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും, അതിനാൽ വിചാരണ വൈകുന്നുവെന്ന വാദം നിലനിൽക്കുന്നതല്ലെന്നും കോടതി വിലയിരുത്തി.
എൻ.ഐ.എക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാഹുൽ ത്യാഗി, ജതിൻ ഖത്രി, അമിത് രോഹില എന്നിവരാണ് ഹാജരായത്. ഇദ്ദേഹത്തിനെതിരെ കുറ്റപത്രത്തിൽ ഗുരുതരമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
അബൂബക്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് തിഹാർ ജയിൽ അധികൃതരും അപ്പോളോ ആശുപത്രിയിലെ ഡോക്ടറും നൽകിയ റിപ്പോർട്ടുകൾ കോടതി പരിശോധിച്ചു. നടക്കാനുള്ള ബുദ്ധിമുട്ട്, സംസാരശേഷിയിലെ തളർച്ച, ഭക്ഷണം കഴിക്കാനുള്ള പ്രയാസം, രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള ഏറ്റക്കുറച്ചിൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അബൂബക്കറിനുണ്ടെങ്കിലും, ജയിലിലും സർക്കാർ ആശുപത്രികളിലും അദ്ദേഹത്തിന് കൃത്യമായ ചികിത്സയും പരിചരണവും ലഭിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
2022 സെപ്റ്റംബർ 22നാണ് അബൂബക്കർ അറസ്റ്റിലായത്. യു.എ.പി.എ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഇദ്ദേഹത്തിനും മറ്റ് പി.എഫ്.ഐ നേതാക്കൾക്കുമെതിരെ ഭീകരവാദ ഗൂഢാലോചന, ഭീകരവാദ ഫണ്ടിങ്, രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
2022 നവംബറിലും 2023 ജൂണിലും സമർപ്പിച്ച ജാമ്യാപേക്ഷകളും കോടതി തള്ളിയിരുന്നു. 2023ലെ വിധി ചോദ്യം ചെയ്ത് അബൂബക്കർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, യു.എ.പി.എ ചുമത്തപ്പെട്ട കേസിലെ കുറ്റപത്രത്തിലെ കണ്ടെത്തലുകൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് നിരീക്ഷിച്ച് ഹൈക്കോടതിയും ഹരജി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.