പുരിയിലെ ജഗന്നാഥ രഥയാത്ര
പുരി (ഭുവനേശ്വർ): ലോകപ്രശസ്തമായ ഒഡിഷയിലെ പുരിയിൽ ഇക്കുറി കനത്തമഴയിൽ ജഗന്നാഥ രഥയാത്ര. ശ്രീജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര ദേവി എന്നിവരുടെ വിഗ്രഹങ്ങൾ ഭീമൻ മരത്തേരുകളിൽ കയറ്റി ശ്രീമന്ദിരത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള ഗുണ്ടിച്ച ക്ഷേത്രത്തിലേക്കാണ് ആചാരപ്രകാരം രഥയാത്ര നീങ്ങിയത്.
കനത്ത മഴയും വെള്ളക്കെട്ടും ഉണ്ടായിട്ടും പതിനായിരക്കണക്കിന് ഭക്തർ രഥയാത്രയിൽ പങ്കെടുത്തു. കഴിഞ്ഞ 45 മണിക്കൂറിനിടെ 200 മില്ലിമീറ്ററിലധികം മഴയാണ് പ്രദേശത്ത് ലഭിച്ചത്. കനത്ത മഴക്കും മിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രഥയാത്രയുടെ സുരക്ഷക്കായി പുരിയിൽ 12,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ബി.എസ്.എഫ്, സി.ആർ.പി.എഫ്, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, എൻ.എസ്.ജി കമാൻഡോകൾ, ആന്റി-ഡ്രോൺ യൂനിറ്റുകൾ, സ്‌നൈപ്പർമാർ എന്നിവർ സുരക്ഷാ ചുമതലയുടെ ഭാഗമായി. തീരപ്രദേശത്ത് കോസ്റ്റ് ഗാർഡും മറൈൻ പൊലീസും പട്രോളിങ് നടത്തി.
ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ ഈസ്റ്റ് കോസ്റ്റ് റെയിൽവേ പ്രത്യേക ട്രെയിൻ സർവിസ് നടത്തി. പുരി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്കായി കാത്തിരിപ്പ് കേന്ദ്രങ്ങൾ, കുടിവെള്ള സൗകര്യങ്ങൾ, ശുചിമുറികൾ, കുളിമുറികൾ, മെഡിക്കൽ സെന്ററുകൾ എന്നിവ ഒരുക്കിയിരുന്നു. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക വാഹനങ്ങളും വീൽചെയറുകളും അധികൃതർ ലഭ്യമാക്കി. എ.ഐ സജ്ജമായ സി.സി.ടി.വി കാമറകളും ഡ്രോൺ പ്രതിരോധ സംവിധാനവും ഉപയോഗിച്ച് ഉത്സവം നിരീക്ഷിച്ചു.
രഥയാത്രയോട് അനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭക്തർക്ക് ആശംസകൾ നേർന്നു. ഭക്തരും ഭഗവാനും തമ്മിലുള്ള അപൂർവ സംഗമത്തിന്റെ പ്രതീകമാണ് പുരിയിലെ രഥയാത്രയെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ ആത്മീയ, സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമാണ് പുരി ഉത്സവമെന്ന് പ്രധാനമന്ത്രിയും സമൂഹ മാധ്യമത്തിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.