ഗുജറാത്ത്: ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നതിനിടെ രാജ്യത്ത് പുതിയ ഇന്ധന പരീക്ഷണം നടത്തി സുസുക്കി മോട്ടോറും ഗുജറാത്തിലെ ബനാസ് ഡയറിയും. പശുവിന്റെ ചാണകത്തിൽ നിന്ന് 'ബയോ-സി.എൻ.ജി' ഇന്ധനം ഉത്പാദിപ്പിച്ച് വാഹനങ്ങളിൽ ഉപയോഗിക്കുന്ന പുത്തൻ പദ്ധതി വിജയകരമായിരിക്കുകയാണ്. ഇരുകമ്പനികളും സംയുക്തമായി ഗുജറാത്തിലെ ബനസ്കന്തയിൽ സ്ഥാപിച്ച പ്ലാന്റിലാണ് നിലവിൽ ഇന്ധനം ഉൽപാദിപ്പിച്ച് നൽകിക്കൊണ്ടിരിക്കുന്നത്. ഈ പദ്ധതിയിലൂടെ നിർമിക്കുന്ന ഇന്ധനം പ്രതിദിനം 600 മുതൽ 700 വരെ വാഹനങ്ങളിൽ നിറയ്ക്കാൻ സാധിക്കുന്നുണ്ടെന്നും കിലോയ്ക്ക് വെറും 80 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നതെന്നും കമ്പനികൾ വ്യക്തമാക്കുന്നു. കാറുകൾക്ക് പുറമെ ഓട്ടോറിക്ഷകളിലും മറ്റ് വാണിജ്യ വാഹനങ്ങളിലും ഈ ഇന്ധനം വിജയകരമായി ഉപയോഗിക്കാൻ സാധിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഗുജറാത്തിലെ പ്ലാന്റിലേക്ക് ആവശ്യമായ ചാണകം പ്രദേശത്തെ 16 ഗ്രാമങ്ങളിൽനിന്ന് ശേഖരിച്ച് പ്രതിദിനം 88 ടൺ ചാണകം ഇവിടെ സംസ്കരിക്കുന്നുണ്ട്. കർഷകരിൽ നിന്ന് ഒരു കിലോ ചാണകത്തിന് ഒരു രൂപ നിരക്കിലാണ് പ്ലാന്റിലേക്ക് വാങ്ങുന്നത്. ഇങ്ങനെ സംസ്കരിച്ച ചാണകമാണ് കംപ്രസ്ഡ് ബയോഗ്യാസാക്കി മാറ്റുന്നത്. നിലവിൽ ഗുജറാത്തിൽ പരീക്ഷിച്ച് വിജയിച്ച പദ്ധതിയിലൂടെ രാജ്യത്തുടനീളം 1000 പുതിയ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇത്തരമൊരു പദ്ധതി കാർഷിക മേഖലയിൽ വലിയ മുന്നേറ്റം നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. ചാണകം വിൽക്കുന്നതിലൂടെ കർഷകർക്ക് അധിക വരുമാനത്തിനും ഇന്ധന ഉത്പാദനത്തിന് ശേഷം ലഭിക്കുന്ന അവശിഷ്ടം മികച്ച ജൈവ വളമായി വിതരണം ചെയ്യാനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. രാസവളങ്ങളുടെ അമിത ഉപയോഗം മൂലം ഫലഭൂയിഷ്ഠത നഷ്ടപ്പെട്ട മണ്ണ് തിരിച്ചുപിടിക്കാൻ ഈ ജൈവവളം സഹായിക്കുന്നതായി കർഷകരും പറയുന്നു. റിലയൻസ് ഇൻഡസ്ട്രീസ്, അദാനി ഗ്രൂപ് തുടങ്ങിയ വൻകിട കമ്പനികളും നിലവിൽ ബയോഗ്യാസ് രംഗത്തേക്ക് കടന്നുവന്നിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര ഊർജ സുരക്ഷ വർധിപ്പിക്കാനും ഈ പദ്ധതി സഹായകരമാകും. നിലവിൽ നഗരങ്ങളിലെ ജൈവമാലിന്യങ്ങളിൽനിന്നും നേപ്പിയർ പുല്ല് പോലുള്ള സസ്യങ്ങളിൽനിന്നും ഇന്ത്യ ബയോ-സി.എൻ.ജി ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ, ഈ ഇന്ധനപരീക്ഷണം വ്യാപകമായി വിജയിച്ചാൽ വാഹനങ്ങൾ ഓടാൻ ഇനി ഡീസലോ പെട്രോളോ വേണ്ട. ചാണക ഗ്യാസ് മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.