പ്രതീകാത്മക ചിത്രം (എ.ഐ. നിർമിതം)
റായ്‌പൂർ: ഇ-20 പെട്രോൾ ഉപയോഗിച്ചത് കാരണം കാറിന് തകരാർ സംഭവിച്ചെന്ന പരാതിയിൽ മാരുതി സുസുക്കിക്ക് തിരിച്ചടി. ഉപഭോക്താവിന് വാഹനം മാറ്റി നൽകാനോ, പകരം പൂർണമായ തുക തിരികെ നൽകാനോ കോടതി ഉത്തരവിട്ടു. ഛത്തീസ്ഗഢിലെ റായ്‌പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷനാണ് ഉത്തരവിട്ടത്. ജൂലൈ 14നാണ് കമീഷന്റെ സുപ്രധാന വിധി പുറത്തുവന്നത്.
റായ്‌പൂരിലെ വൃക്കരോഗ വിദഗ്ദ്ധനായ ഡോ. പ്രേംരാജ് ദേവ്തയാണ് പരാതിക്കാരൻ. 2024 ജൂൺ 3നാണ് ഇദ്ദേഹം മാരുതി സുസുക്കിയുടെ 'ഗ്രാൻഡ് വിറ്റാര സ്ട്രോങ്ങ് ഹൈബ്രിഡ് സീറ്റ പ്ലസ്' (Grand Vitara Strong Hybrid Zeta Plus) 18.29 ലക്ഷം രൂപ നൽകി സ്വന്തമാക്കിയത്. എന്നാൽ, വാഹനം വാങ്ങി അഞ്ച് മാസത്തിനുള്ളിൽ തന്നെ എൻജിനിൽ തകരാറുകൾ കണ്ടുതുടങ്ങി. വാഹനം പ്രവർത്തിക്കുന്നതിനിടെ വഴിയിൽ വെച്ച് ഓഫാകുന്നതായിരുന്നു പ്രധാന പ്രശ്നം.
സർവീസ് സെന്ററിൽ പലതവണ പരിശോധിച്ചെങ്കിലും ഇന്ധന ടാങ്കിൽ അഴുക്കുണ്ടെന്നും പെട്രോളിൽ മായം കലർന്നിട്ടുണ്ടെന്നും പറഞ്ഞ് നിർമാതാക്കൾ തടിയൂരുകയായിരുന്നെന്ന് പ്രേംരാജ് ദേവ്ത പറഞ്ഞു. എന്നാൽ, പെട്രോളിൽ എഥനോൾ കലർന്നതിനാലാണ് ഇത്തരത്തിൽ വാഹനത്തിന് തകരാർ സംഭവിക്കുന്നതെന്ന് ലാബ് പരിശോധനയിൽ തെളിഞ്ഞു. 2023 ജനുവരിയിൽ നിർമിച്ച വാഹനമാണ് പ്രേംരാജ് ദേവ്ത സ്വന്തമാക്കിയത്. ഇ-20 ഇന്ധനത്തിന് അനുയോജ്യമായ എഞ്ചിൻ ആയിരുന്നില്ല വാഹനത്തിൽ ഉണ്ടായിരുന്നതെന്നും ഇക്കാര്യം ഉപഭോക്താവിനെ അറിയിക്കാതെ വാഹനം വിറ്റത് വലിയ വീഴ്ചയാണെന്നും കോടതി നിരീക്ഷിച്ചു.
ഇടക്കിടെ തകരാർ സംഭവിക്കുന്നതിനാൽ 45 ദിവസത്തിനുള്ളിൽ പുതിയ ഇ-20 ഇന്ധനത്തിന് അനുയോജ്യമായ വാഹനം നൽകണം എന്ന് കോടതി ഉത്തരവിട്ടു. പുതിയ വാഹനം നൽകാൻ സാധിച്ചില്ലെങ്കിൽ, കാറിന്റെ വിലയായ 18,29,000 രൂപ, ആർ.ടി.ഒ ചെലവുകൾ (1,86,850 രൂപ), ഇൻഷുറൻസ് പ്രീമിയം (34,644 രൂപ) എന്നിവയുൾപ്പെടെ 20,50,494 രൂപ ഉപഭോക്താവിന് നൽകണമെന്നും കമീഷൻ ഉത്തരവിൽ പറയുന്നു. ഇവക്ക് പുറമെ മാനസിക ബുദ്ധിമുട്ടിന് ഒരു ലക്ഷം രൂപയും, നിയമനടപടികൾക്കായി 10,000 രൂപയും അധികമായും കമ്പനി നൽകണം. നിശ്ചിത സമയത്തിനുള്ളിൽ തുക നൽകിയില്ലെങ്കിൽ, വിധി തീയതി മുതൽ 7 ശതമാനം വാർഷിക പലിശ സഹിതം തുക മാരുതി സുസുകി നൽകേണ്ടി വരും.
പെട്രോളിൽ 20 ശതമാനം എഥനോൾ (Ethanol) ചേർക്കുന്നതിനെയാണ് E20 ഇന്ധനം എന്ന് വിളിക്കുന്നത്. പരിസ്ഥിതി മലിനീകരണം കുറക്കാനായും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറക്കാനായും കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച പദ്ധതിയാണിത്. എന്നാൽ, പഴയ വാഹനങ്ങളുടെ എഞ്ചിനുകളിലും ട്യൂബുകളിലും എഥനോൾ തുരുമ്പും തകരാറും ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ, E20 ഇന്ധനം ഉപയോഗിക്കാൻ പ്രത്യേകമായി രൂപകൽപ്പന ചെയ്ത എഞ്ചിനുകൾ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.