അന്ന് ‘ട്രാവൽ വ്ലോഗ്’ എന്ന് പരിഹസിച്ചു; ഇന്ന് രാഹുൽ ഗാന്ധിയുടെ സഹായം തേടി സി.ജെ.പി: ചർച്ചയായി അഭിജീത് ദിപ്‌കെയുടെ പഴയ പോസ്റ്റ്

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.പിയുമായ രാഹുൽ ഗാന്ധിയുടെ 2022ലെ 'ഭാരത് ജോഡോ യാത്ര'യെ പരിഹസിച്ചുകൊണ്ട് 'കോക്രോച്ച് ജനത പാർട്ടി' (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്‌കെ നാല് വർഷം മുമ്പ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള വിവിധ പാർട്ടി നേതാക്കളെ ജന്തർ മന്തറിലെ സമരസ്ഥലത്തേക്ക് സി.ജെ.പി നേരിട്ട് ക്ഷണിച്ചതിന് പിന്നാലെയാണ് ദിപ്‌കെയുടെ പഴയ പ്രസ്താവന വീണ്ടും കുത്തിപ്പൊക്കിക്കൊണ്ട് സോഷ്യൽ മീഡിയ രംഗത്തെത്തിയത്.

2022 സെപ്റ്റംബർ എട്ടിന് എക്‌സ് പ്ലാറ്റ്‌ഫോമിൽ ദിപ്‌കെ കുറിച്ച വരികളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ പങ്കുവെച്ച പോസ്റ്റിന് മറുപടിയായി, ആ യാത്ര വെറും ഒരു ‘ട്രാവൽ വ്ലോഗ്’ മാത്രമാണെന്ന് ദിപ്‌കെ പരിഹസിച്ചിരുന്നു. 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും 3,500 കിലോമീറ്ററിലധികം പിന്നിട്ട രാഹുൽ ഗാന്ധിയുടെ പദയാത്രയെ നിസ്സാരവൽക്കരിച്ചുകൊണ്ട് ’രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോയാത്ര ഒരു ട്രാവൽ വ്ലോഗിൽ കൂടുതൽ ഒന്നുമല്ല’ എന്നായിരുന്നു ദിപ്കെ അന്ന് കുറിച്ചത്.

എന്നാൽ, ഇന്ന് നീറ്റ് പരീക്ഷക്രമക്കേടുകൾക്കെതിരെ സി.ജെ.പി നടത്തുന്ന പ്രതിഷേധം 26-ാം ദിവസത്തിലേക്ക് കടക്കുന്ന ഘട്ടത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ പിന്തുണ തേടി സി.ജെ.പി അങ്ങോട്ട് അഭ്യർത്ഥനകൾ അയക്കുമ്പോഴാണ്, മുൻപ് അദ്ദേഹത്തെ പരിഹസിച്ച ദിപ്‌കെയുടെ പോസ്റ്റ് ആളുകൾ ചർച്ചയാക്കുന്നത്.

ഇതോടെ സോഷ്യൽ മീഡിയയിൽ ദിപ്‌കെക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ‘ഒരാളെ വിമർശിക്കുന്നത് വളരെ എളുപ്പമാണ്, പക്ഷേ അതേ സാഹചര്യം നിങ്ങൾക്ക് നേരിടേണ്ടി വരുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകുന്നത്’ എന്ന് ഒരു ഉപയോക്താവ് കുറിച്ചു. ബി.ജെ.പിയെ നേരിടാൻ 3,750 കിലോമീറ്റർ നടന്ന രാഹുൽ ഗാന്ധിയുടെ പോരാട്ടത്തെ പരിഹസിച്ചവർക്ക് ഇപ്പോൾ അദ്ദേഹത്തിന്റെ സഹായം തേടാൻ എന്ത് അർഹതയാണുള്ളതെന്ന ചോദ്യവും ഉയരുന്നുണ്ട്. സമരത്തിന്റെ പരാജയഭീതിയിൽ രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്താൻ നോക്കുകയാണോ സി.ജെ.പി എന്ന പരിഹാസവും കമന്റുകളിൽ നിറയുന്നു.

അതേസമയം, സമരം നടത്തുന്ന സോനം വാങ്‌ചുക്കിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക തുടരുകയാണ്. സോനം വാങ്ചുക്കിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രത്തിന് ഹൈകോടതി നിർദേശം നൽകിയിട്ടുണ്ട്. സമരത്തെ തുടർന്ന് വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്ക ഉയർന്നതായും ശരീരഭാരം ഗണ്യമായി കുറഞ്ഞതായും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ആരോഗ്യനില മോശമായെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

ഇതിനിടെ മമത ബാനർജി, അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയ പ്രമുഖ നേതാക്കൾ വാങ്‌ചുക്കിനോട് സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചിരുന്നു. സി.ജെ.പി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച കെജ്‌രിവാൾ ഇന്ന് വാങ്‌ചുക്കിനെ സന്ദർശിക്കുമെന്നാണ് വിവരം. 

Tags:    
News Summary - Dipke's 4-year-old post on Rahul Gandhi's ‘Bharat Jodo Yatra’ goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.