ന്യൂഡൽഹി: നഗരപ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ അനുയോജ്യമായ ഒരു വാടക വീട് കണ്ടെത്തുന്നത് പലപ്പോഴും വലിയൊരു കടമ്പയാണ്. ആഴ്ചകളോളം നീളുന്ന തിരച്ചിലിനും, വീടുകൾ നേരിട്ട് സന്ദർശിച്ച് വിലപേശലിനും ശേഷം മനസ്സിൽ ആഗ്രഹിച്ച ബജറ്റിൽ ഒരു വീട് ലഭിക്കുമ്പോൾ മിക്ക വാടകക്കാരും ആശ്വസിക്കാറുണ്ട്. എന്നാൽ, വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ ആശ്വാസ നിമിഷത്തിലാണ് പലരും തങ്ങളുടെ ഏറ്റവും വലിയ തെറ്റ് ചെയ്യുന്നത്.
തിരക്കിനിടയിൽ, വാടക കരാറിലെ 'ചെറിയ അക്ഷരങ്ങളിൽ' എഴുതിയിരിക്കുന്ന നിബന്ധനകൾ കൃത്യമായി വായിക്കാതെ വാടകക്കാർ പലപ്പോഴും ഒപ്പുവെക്കുന്നു. വെറും രണ്ടോ മൂന്നോ കാര്യങ്ങൾ അവഗണിക്കുന്നത് പിന്നീട് സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കുന്നതിലുണ്ടാകുന്ന തർക്കങ്ങൾ, അറ്റകുറ്റപ്പണികളുടെ ചെലവ്, അല്ലെങ്കിൽ കാലാവധിക്ക് മുൻപ് വീട് ഒഴിയേണ്ടി വന്നാൽ നൽകേണ്ടി വരുന്ന വലിയ പിഴകൾ എന്നിവക്ക് കാരണമായേക്കാം എന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധരും അഭിഭാഷകരും മുന്നറിയിപ്പ് നൽകുന്നു. പ്രതിമാസ വാടകയെക്കുറിച്ച് മാത്രമാണ് എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും, യഥാർത്ഥ ഭീഷണികൾ കരാറിലെ മറ്റ് ഒളിഞ്ഞിരിക്കുന്ന വ്യവസ്ഥകളിലാണെന്ന് വ്യവസായ പ്രമുഖർ ചൂണ്ടിക്കാട്ടുന്നു.
ഭൂരിഭാഗം ഭൂവുടമ-വാടക തർക്കങ്ങൾക്കും പ്രധാന കാരണം സെക്യൂരിറ്റി ഡെപ്പോസിറ്റാണ്. വീട് ഒഴിഞ്ഞ ഉടൻ തന്നെ ഡെപ്പോസിറ്റ് തുക യാന്ത്രികമായി തിരികെ ലഭിക്കുമെന്ന് വാടകക്കാർ ഒരിക്കലും കരുതരുത്. എത്ര ദിവസത്തിനുള്ളിലാണ് ഭൂവുടമ ഡെപ്പോസിറ്റ് തിരികെ നൽകേണ്ടതെന്നും, ഏതൊക്കെ സാഹചര്യങ്ങളിലാണ് അതിൽ നിന്നും പണം കുറക്കുക എന്നും കരാറിൽ വ്യക്തമായി പറഞ്ഞിരിക്കണം. സാധാരണ തേയ്മാനങ്ങളും കേടുപാടുകളും തമ്മിലുള്ള വ്യത്യാസം കരാറിൽ കൃത്യമായി നിർവചിക്കേണ്ടത് പ്രധാനമാണ്. ഉദാഹരണത്തിന്, ചായം മങ്ങുന്നതോ ചെറിയ അറ്റകുറ്റപ്പണികളോ സാധാരണ തേയ്മാനത്തിന്റെ ഗണത്തിൽ പെടുന്നവയാണ്.
പല വാടകക്കാരും പ്രതിമാസ വാടകയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഡെപ്പോസിറ്റുമായി ബന്ധപ്പെട്ട നിബന്ധനകൾ അവഗണിക്കുന്നു എന്നാണ്. പല ഇന്ത്യൻ നഗരങ്ങളിലും സെക്യൂരിറ്റി ഡെപ്പോസിറ്റ് രണ്ട് മുതൽ ആറ് മാസം വരെയുള്ള വാടകക്ക് തുല്യമായിരിക്കും, ചിലപ്പോൾ അതിലും കൂടുതലായിരിക്കാം. കിഴിവ് നിയമങ്ങളും പണം തിരികെ നൽകുന്ന സമയക്രമവും കരാറിൽ വ്യക്തമായി പ്രതിപാദിച്ചിട്ടില്ലെങ്കിൽ, പണം തിരികെ പിടിക്കുന്നത് നീണ്ടതും ചെലവേറിയതുമായ നിയമപോരാട്ടമായി മാറാം.
സെക്യൂരിറ്റി ഡെപ്പോസിറ്റ്, വസ്തുവിന് സംഭവിക്കുന്ന കേടുപാടുകൾ സംബന്ധിച്ച അവകാശവാദങ്ങൾ, കരാർ അവസാനിപ്പിക്കുന്നതിലെ വിയോജിപ്പുകൾ എന്നിവയെ ചുറ്റിപ്പറ്റിയാണ് വാടക തർക്കങ്ങളിൽ സിംഹഭാഗവും നടക്കുന്നത്. അതിനാൽ, കൃത്യമായ രേഖപ്പെടുത്തലുകൾ അത്യാവശ്യമാണ്.
ഓരോ വാടകക്കാരനും ഒപ്പിടുന്നതിന് മുൻപ് 'ലോക്ക്-ഇൻ' വ്യവസ്ഥ ശ്രദ്ധാപൂർവ്വം വായിക്കണം. വാടകക്കാരൻ നിയമപരമായി എത്ര കാലം അവിടെ താമസിക്കാൻ ബാധ്യസ്ഥനാണ്, ആ കാലയളവിനുള്ളിൽ ഒഴിഞ്ഞുപോയാൽ എന്താണ് സംഭവിക്കുക, എത്ര സമയം മുൻകൂട്ടി അറിയിക്കണം എന്നിവ കരാറിൽ വ്യക്തമായി സൂചിപ്പിച്ചിരിക്കണം. അത്തരമൊരു വ്യവസ്ഥ നിലവിലുണ്ടെങ്കിൽ, നിശ്ചയിച്ചിട്ടുള്ള കാലയളവിനു മുൻപ് വീട് ഒഴിയുന്നത് കരാർ ലംഘനമായി കണക്കാക്കപ്പെടും. ഇത് ബാക്കിയുള്ള ലോക്ക്-ഇൻ കാലയളവിലെ വാടക നൽകാൻ വാടകക്കാരനെ ബാധ്യസ്ഥനാക്കിയേക്കാം.
നോട്ടീസ് പിരീഡ്, കരാർ അവസാനിപ്പിക്കാനുള്ള വ്യവസ്ഥകൾ, വീട് ഒഴിഞ്ഞതിന് ശേഷമുള്ള പരിശോധനാ പ്രക്രിയ, അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്തം, സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകുന്നതിനുള്ള സമയക്രമം എന്നിവ കരാറിൽ കൃത്യമായി നിർവചിച്ചിട്ടുണ്ടെന്ന് വാടകക്കാർ ഉറപ്പാക്കണം. ഇന്ത്യയിലെ അതിവേഗം വളരുന്ന നഗര വാടക വിപണിയും തൊഴിൽപരമായ ആവശ്യങ്ങൾക്കായി മാറിക്കൊണ്ടിരിക്കുന്ന ജനവിഭാഗവും വാടക കരാറുകളെ എന്നത്തേക്കാളും സങ്കീർണ്ണമാക്കിയിട്ടുണ്ട്. അവ്യക്തമായ വാക്കുകൾ സാമ്പത്തിക പിഴകൾക്കും, ഡെപ്പോസിറ്റ് റീഫണ്ട് വൈകുന്നതിനും, അനാവശ്യ നിയമ തർക്കങ്ങൾക്കും കാരണമാകാം.
പ്രതിമാസ വാടക എല്ലാ ചെലവുകളും ഉൾക്കൊള്ളുന്നുണ്ടെന്ന് പല വാടകക്കാരും വിശ്വസിക്കുന്നു. എന്നാൽ അത് എല്ലായ്പ്പോഴും ശരിയായിരിക്കില്ല. ആധുനിക റെസിഡൻഷ്യൽ സൊസൈറ്റികളിൽ മെയിന്റനൻസ് ചാർജ് അഥവാ അറ്റകുറ്റപ്പണികൾക്കായുള്ള തുക വളരെ വലുതായിരിക്കും. ഈ പ്രതിമാസ ചാർജുകൾ ഭൂവുടമയാണോ അതോ വാടകക്കാരനാണോ വഹിക്കേണ്ടതെന്ന് വാടക കരാറുകളിൽ വ്യക്തമായി പരാമർശിക്കണം. ഇത് അവ്യക്തമായി വിടുന്നത് പിന്നീട് ഒഴിവാക്കാവുന്ന തർക്കങ്ങൾക്ക് വഴിവെക്കും.
വലിയ റെസിഡൻഷ്യൽ പ്രോജക്റ്റുകളിലെ പ്രീമിയം അപ്പാർട്ടുമെന്റുകൾ വാടകക്ക് എടുക്കുമ്പോൾ സുതാര്യമായ കരാർ വളരെ പ്രധാനമാണ്. ഇവിടെ സ്വകാര്യ ലോബികൾ, പാർക്കിങ്, പൊതു സൗകര്യങ്ങൾ എന്നിവക്ക് വലിയ അറ്റകുറ്റപ്പണികൾ ആവശ്യമായി വരാറുണ്ട്.
ചർച്ചകൾക്കിടയിൽ വാ ഭൂവുടമ നൽകുന്ന വാക്കാലുള്ള ഉറപ്പുകൾക്ക് കരാറിൽ രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ നിയമപരമായ മൂല്യം വളരെ കുറവാണെന്ന് വിദഗ്ധർ പറയുന്നു. വീട് പെയിന്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണെങ്കിലും, അറ്റകുറ്റപ്പണികൾ, പാർക്കിങ്, ഫർണിച്ചർ, അല്ലെങ്കിൽ വാടക കാലാവധി നീട്ടൽ എന്നിവയാണെങ്കിലും, ഭൂവുടമ നൽകുന്ന ഓരോ വാഗ്ദാനവും രേഖാമൂലം എഴുതിച്ചേർക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.