ന്യൂഡൽഹി: കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിടുന്നതിൽ കേന്ദ്ര സർക്കാർ പരാജയമാണെന്ന് വ്യാപക ആക്ഷേപമുയരുന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മുൻകാല ട്വീറ്റുകൾക്കും പ്രസംഗങ്ങൾക്കും വൻ പ്രാധാന്യമാണ് കൈവന്നിരിക്കുന്നത്. ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനും 41 ദിവസം മുമ്പ് ഫെബ്രുവരിയിൽ കോറോണ വൈറസ് രാജ്യത്തിനും സമ്പദ്വ്യവസ്ഥക്കും കനത്ത വെല്ലുവിളിയാണെന്നും കേന്ദ്ര സർക്കാർ ഇതിനെ ഗൗരവത്തിൽ എടുക്കുന്നില്ലെന്നും രാഹുൽ ട്വീറ്റ് ചെയ്തിരുന്നു.
ഒരു വർഷം മുമ്പ് തങ്ങൾ സർക്കാറിനെ ഓർമിപ്പിച്ച കാര്യങ്ങളും രാജ്യത്തിന്‍റെ ഇന്നത്തെ സ്ഥിതിയും കൃത്യമായി വരച്ചു കാണിക്കുന്ന രാഹുലിന്‍റെ ഒരു പ്രസംഗമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡാർജിലിങ്ങിൽ രാഹുൽ നടത്തിയ പ്രസംഗമാണ് വൈറലായത്.
'രാജ്യത്ത് ഒരു കൊടുങ്കാറ്റ് ആഞ്ഞടിക്കാൻ പോകുകയാണെന്ന് അന്നേ ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ മൊത്തം തകർക്കാൻ പോന്ന ഒന്നാകും അതെന്നായിരുന്നു അന്ന് പറഞ്ഞത്. രാഹുൽ വെറുതെ ആളുകളെ പരിഭ്രാന്തരാക്കാൻ വേണ്ടി പറയുകയാണെന്നായിരുന്നു മാധ്യമങ്ങളടക്കം അന്ന് പറഞ്ഞത്'- രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയെ കോവിഡ് മഹാമാരി അതിരൂക്ഷമായി ബാധിക്കുമെന്നും രാജ്യത്തെയും അതിന്‍റെ സമ്പദ്വ്യവസ്ഥയെയും രക്ഷിക്കാനും, തൊഴിൽ സംരക്ഷിക്കാനും, ചെറുകിട വ്യവസായികളെയും വ്യാപാരികളെയും സംരക്ഷിക്കാനും വേണ്ട മാർഗങ്ങൾ കൈകൊള്ളാൻ ഞങ്ങൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഒരു വർഷം മുമ്പ് കൃത്യമായി പറഞ്ഞാൽ 2020 ഫെബ്രുവരിയിലായിരുന്നു അത്.
'സഹോദരി സഹോദരൻമാരെ കോറോണ വൈറസ് വരികയാണ് അത് െകാണ്ട് നിങ്ങൾ പാത്രം കൊട്ടൂ. കോറോണ ഓടിപ്പോകും എന്നായിരുന്നു നരേന്ദ്ര മോദി പറഞ്ഞത്. അദ്ദേഹം രാജ്യത്തെ മുഴുവൻ ജനങ്ങളെയും കൊണ്ട് പാത്രം കൊട്ടിപ്പിച്ചു. എന്തുകൊണ്ടാണ് ജനങ്ങൾ പാത്രം കൊട്ടിയതെന്ന് എനിക്കറിയില്ല. അതിന് ശേഷം ജനങ്ങളോട് കൈയടിക്കാനും മണി മുഴക്കാനും ആവശ്യപ്പെട്ടു. ജനങ്ങൾ അതും അനുസരിച്ചു. അതിന് ശേഷം മൊബൈൽ ഫോൺ എടുത്ത് പ്രകാശിപ്പിക്കാൻ പറഞ്ഞു. അദ്ദേഹമാണ് ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി.' -രാഹുൽ പറഞ്ഞു.
രാജ്യം ദുരന്തത്തെ നേരിടുേമ്പാൾ നടപടികൾ കൈകൊള്ളാതെ തകർന്ന് കൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്താൻ ശ്രമിക്കാതെ പലായനം ചെയ്യുന്ന തൊഴിലാളികൾക്ക് സൗജന്യ ബസ്, ട്രെയിൻ ടിക്കറ്റുകൾ നൽകാതെ മോദി സർക്കാർ പൗരൻമാരെ െകാണ്ട് മണി മുഴക്കിപ്പിക്കുകയായിരുന്നുവെന്ന് രാഹുൽ കുറ്റപ്പെടുത്തി.
'എല്ലാ മാധ്യമങ്ങളും 24 മണിക്കൂറും പാത്രം കൊട്ടുന്നതും മണി മുഴക്കുന്നതും സംപ്രേഷണം ചെയ്ത് കൊണ്ടിരുന്നു. ഇപ്പോൾ ഉത്തർപ്രദേശിൽ പോയാൽ മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്ഥലം തികയാതെ വരുന്നു. നരേന്ദ്ര മോദിയും മാധ്യമങ്ങളും ഇതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞോ?' -രാഹുൽ ചോദിച്ചു.
തന്‍റെ പ്രസംഗത്തിനിടെ മാധ്യമങ്ങളെയും രാഹുൽ കടന്നാക്രമിക്കുന്നുണ്ട്. 'കോറോണ വൈറസ് അതിവേഗം പടർന്ന് പിടിക്കുകയാണ്. ലക്ഷക്കണക്കിനാളുകളാണ് മരിച്ചു വീഴുന്നത്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തകിടം മറിഞ്ഞു. പ്രധാനമന്ത്രിയോ മാധ്യമങ്ങളോ ഇതിനെ കുറിച്ച് വല്ലതും മിണ്ടുന്നുണ്ടോ. അവരിൽ നിന്നും ഒരക്ഷരം പുറത്തുവരില്ല. രക്ഷകർത്താക്കളാണല്ലോ. രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കാൻ ചുമതലയുള്ളവരാണിവർ. എന്നാൽ അവരെയെല്ലാം വിലക്കെടുത്തിരിക്കുകയാണ്. 24 മണിക്കൂറും അവർ മോദിയെ കാണിക്കും. ഇത് അനേകം മന്ത്രിമാർ ഉർക്കൊള്ളുന്ന ഒരു സർക്കാരല്ല. ഇത് മോദിയുടെയും മൂന്ന് നാല് സുഹൃത്തക്കളുടെയും മാത്രം സർക്കാറാണ്' -രാഹുൽ പറഞ്ഞു.
രാഹുലും കോൺഗ്രസും മുമ്പ് പറഞ്ഞ പലതും ഇപ്പോൾ സത്യമായി പുലരുകയാണ്. ഒരു വർഷം മുമ്പ് കോവിഡ് ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കുമെന്ന് രാഹുൽ മുന്നറിയിപ്പ് നൽകിയങ്കിലും നരേന്ദ്ര മോദിയും സർക്കാറും അതിനെ മുഖവിലക്കെടുക്കെടുത്തിരുന്നില്ല. ഇപ്പോൾ കോവിഡ് ഒരു കൊടുങ്കാറ്റാണെന്ന് പ്രധാനമന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണ്.
പ്രതിദിനം മൂന്നര ലക്ഷത്തിനടുത്താണ് ഇന്ത്യയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഓക്സിജൻ ക്ഷാമം മൂലം രാജ്യത്തെ ആശുപത്രികളിൽ നിരവധിയാളുകളാണ് മരിച്ചു വീഴുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ ആളുകൾ വരി നിൽക്കുന്ന അവസ്ഥയാണ്. ഈ ഗൗരവതരമായ സാഹചര്യത്തിലും തികഞ്ഞ നിസംഗത മാത്രമാണ് കേന്ദ്ര സർക്കാർ പുലർത്തിപോരുന്നത്.
ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാണ്. യു.പി.എ സർക്കാറിന്‍റെ കാലത്ത് മോദിയിട്ട പല ട്വീറ്റുകളും തിരിഞ്ഞുകൊത്തുേമ്പാൾ കോവിഡിന്‍റെ രൂക്ഷത വിവരിക്കുന്ന രാഹുലിന്‍റെ ട്വീറ്റുകൾക്ക് പ്രാധാന്യം കൈവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.