ന്യൂഡൽഹി: ആർ.എസ്.എസിന്റെ കാക്കി ട്രൗസർ കത്തുന്ന ചിത്രസഹിതമുള്ള ട്വീറ്റിന്റെ പേരിൽ ട്വിറ്ററിൽ ബി.ജെ.പി -കോൺഗ്രസ് തർക്കം. ഭാരത് ജോഡോ യാത്ര എന്ന ഹാഷ് ടാഗിൽ കോൺഗ്രസ് പങ്കുവെച്ച ട്വീറ്റാണ് ട്വിറ്റർ യുദ്ധത്തിന് തുടക്കമിട്ടത്.
'രാജ്യത്തെ വിദ്വേഷത്തിന്റെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കാൻ, ബി.ജെ.പി-ആർ.എസ്.എസ് ഉണ്ടാക്കിയ നാശനഷ്ടങ്ങൾ ഇല്ലാതാക്കാൻ. പടിപടിയായി ഞങ്ങൾ ലക്ഷ്യത്തിലെത്തും' എന്നായിരുന്നു ട്വീറ്റ്. 145 ദിവസം കൂടി എന്ന ക്യാപ്ഷനോടൊപ്പം കാക്കി ട്രൗസർ കത്തുന്ന ചിത്ര സഹിതമായിരുന്നു ട്വീറ്റ്.
ട്വീറ്റിനോട് ആദ്യം പ്രതികരിച്ച ബി.ജെ.പി എം.പി തേജസ്വി സൂര്യ ട്വീറ്റ് കോൺഗ്രസ് നിലവാരം കാണിക്കുന്നതാണെന്ന് പറഞ്ഞു.
'ഈ ചിത്രം രാജ്യത്ത് തീ ആളിപ്പടർത്തുന്ന കോൺഗ്രസ് രാഷ്ട്രീയത്തിന്റെ പ്രതീകമാണ്. പണ്ട് അവർ കത്തിച്ച തീയാണ് ഇന്ത്യയിലെ മിക്കയിടങ്ങളിലും അവരെ കത്തിച്ചത്. രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും ശേഷിക്കുന്ന തീക്കനലുകൾ ഉടൻ തന്നെ ചാരമാകും' -തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു.
'1984-ൽ കോൺഗ്രസ് ഡൽഹിയിൽ തീയിട്ടു. 2002-ൽ ഗോധ്രയിൽ 59 കർസേവകരെ ജീവനോടെ ചുട്ടെരിച്ചു. കോൺഗ്രസ് വീണ്ടും അക്രമത്തിന് ആഹ്വാനം ചെയ്യുന്നു. രാഹുൽ ഗാന്ധിക്കൊപ്പം ഇന്ത്യൻ ഭരണകൂടത്തിനെതിരെ പോരാടിയതോടെ, ഭരണഘടനയിൽ വിശ്വാസമില്ലാത്ത രാഷ്ട്രീയ പാർട്ടിയായി കോൺഗ്രസ് അവസാനിച്ചു.' - തേജസ്വി ട്വീറ്റ് ചെയ്തു.
'വിദ്വേഷത്തിന്റെ തീ ആളിക്കത്തിക്കുന്നവർ, മതാന്ധതയുടെയും മുൻവിധിയുടെയും തീ ആളിക്കത്തിക്കുന്നവർ, ചില കാര്യങ്ങൾ അതേ നാണയത്തിൽ തിരിച്ചടിക്കുമ്പോൾ സ്വീകരിക്കാൻ തയാറാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
ബി.ജെ.പിയും ഘടക കക്ഷികളും വിദ്വേഷവും മുൻവിധിയും നുണകളും അസത്യങ്ങളും പടർത്തിയ രീതി നോക്കുമ്പോൾ.. ആർ.എസ്.എസും ബി.ജെ.പിയും നടത്തുന്നതുപോലുള്ള വിദ്വേഷപ്രചാരണങ്ങളൊന്നും കോൺഗ്രസ് നടത്തിയിട്ടില്ല. കോൺഗ്രസ് അത് ചെയ്തിരുന്നെങ്കിൽ ബി.ജെ.പി പിൻമാറേണ്ടി വന്നേനെ' ജയറാം രമേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.