ന്യൂഡൽഹി: വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണത്തിലൂടെ (എസ്.ഐ.ആർ) രാജ്യത്തെ ജനാധിപത്യം തകർക്കുകയെന്ന ഗൂഢപദ്ധതിയാണ് തെരഞ്ഞെടുപ്പ് കമീഷൻ നടപ്പാക്കുന്നതെന്നും അതിനെതിരെ തെരുവിലേക്കിറങ്ങുകയാണെന്നും കോൺഗ്രസ്. എസ്.ഐ.ആറിനെതിരെ ഡിസംബർ ആദ്യവാരം ഡൽഹിയിലെ രാംലീലാ മൈതാനിയിൽ മഹാറാലി നടത്തുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറിയും എം.പിയുമായ കെ.സി വേണുഗോപാൽ അറിയിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന എസ്.ഐ.ആർ നടപ്പാക്കുന്ന 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പാർട്ടി നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. രാഹുൽ ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരും പി.സി.സി അധ്യക്ഷന്മാരും പങ്കെടുത്ത യോഗത്തിൽ ദുരുദ്ദേശ്യത്തോടെയുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ ഈ ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പി.സി.സികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ജനാധിപത്യത്തെയും പ്രതിപക്ഷ പാർട്ടികളെയും തകർക്കുകയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ ലക്ഷ്യം. എസ്.ഐ.ആർ പ്രക്രിയ തികച്ചും നിരാശജനകമാണ്. ചില വിഭാഗം വോട്ടർമാരെ ഉന്നമിട്ട് പട്ടികയിൽ നിന്ന് വെട്ടിമാറ്റുകയാണ്. എസ്.ഐ.ആറിനെതിരെ കോൺഗ്രസ് ഒപ്പ് ശേഖരണം നടത്തിവരുകയാണ്. രാജ്യമാകെ ഏകദേശം 50 ദശലക്ഷം പേരിൽ നിന്ന് ഒപ്പുശേഖരണം നടത്തും. തുടർന്നാണ് റാലി നടത്തുക. റാലിയിൽ ലക്ഷക്കണക്കിന് ജനങ്ങൾ പങ്കെടുക്കും. തെരഞ്ഞെടുപ്പ് കമീഷന്റെ ഗൂഢതന്ത്രങ്ങൾ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ എസ്.ഐ.ആർ നടത്താൻ ഇത് ഉചിതമായ സമയമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും വ്യക്തമാക്കിയതാണ്. ബി.ജെ.പി ഒഴികെയുള്ള എല്ലാ പാർട്ടികളുടെയും നിലപാട് അതുതന്നെയാണ്. എന്നിട്ടും അത് കേൾക്കാൻ തയാറാകാത്ത കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിക്ക് വേണ്ടിയും നരേന്ദ്ര മോദിക്കു വേണ്ടിയുമാണ് പ്രവർത്തിക്കുന്നതെന്ന് വേണുഗോപാൽ പറഞ്ഞു. എസ്.ഐ.ആർ നടപടികൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ പാസാക്കിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.