ഡെറാഡൂൺ: ബജ്റങ് ദൾ പ്രവർത്തകരുടെ അതിക്രമത്തിൽ നിന്ന് മുസ്ലിം വയോധികനെ രക്ഷപ്പെടുത്തിയ ദീപക് കുമാറിന്‍റെ ഉപജീവനമാർഗമായ ജിമ്മിൽ എത്തുന്ന ആളുകളുടെ എണ്ണം കുറയുന്നു. 150 പേരുണ്ടായിരുന്നത് ഇപ്പോൾ 15 ആയി ചുരുങ്ങി എന്ന് ദീപക് 'ദി ഇന്ത്യൻ എക്സ്പ്രസിനോട്' പറഞ്ഞു.
'ആളുകൾക്ക് ഭയമാണെന്ന് എനിക്ക് മനസിലാകും. എന്നാൽ, ജിമ്മിന് പ്രതിമാസം 40,000 രൂപ വാടക അടക്കണം. ഞങ്ങളുടെ കുടുംബത്തിന് ഈയൊരു വരുമാനം മാത്രമേയുള്ളൂ. അടുത്തിടെയാണ് വീട് പണിതത്, 16,000 രൂപയുടെ പ്രതിമാസ വായ്പ ഇപ്പോഴും അടക്കുന്നുണ്ട്. ഉയർന്ന കൊഴിഞ്ഞുപോക്കുണ്ട്. നിങ്ങൾക്ക് ഒരു അംഗത്തെ നഷ്ടപ്പെട്ടാൽ, അവരെ തിരികെ കൊണ്ടുവരാൻ പ്രയാസമാണ്' -ദീപക് പറഞ്ഞു.
ജനുവരി 26 നാണ് പാർക്കിൻസൺസ് രോഗം ബാധിച്ച 70 വയസ്സുള്ള മുസ്ലിം കടയുടമയെ ശല്യപ്പെടുത്തിയ ബജ്റങ് ദൾ പ്രവർത്തകരെ ദീപക് നേരിട്ടത്. കടയുടെ പേരിൽ നിന്ന് 'ബാബ' എന്ന വാക്ക് ഒഴിവാക്കാണമെന്നായിരുന്നു അവരുടെ ആവശ്യം. ബാബ’ എന്നത് ഹിന്ദു നാമമാണെന്നും ഇത് മുസ്‍ലിം സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നുമായിരുന്നു ഇവരുടെ വാദം. ഇതിനിടയിലാണ് ദീപക് തർക്കത്തിൽ ഇടപെടുന്നത്. എല്ലാവരും ഉപയോഗിക്കുന്ന ‘ബാബ’ എന്ന പേര് എന്തുകൊണ്ട് അഹമ്മദിന്റെ കടക്ക് നൽകിക്കൂടെന്നായി ദീപക്. 30 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പേര് എന്തിന് മാറ്റണമെന്നും അദ്ദേഹം ചോദിച്ചു.
ഉത്തരമില്ലാതായ ബജ്റങ് ദൾ പ്രവർത്തകർ പേര് ചോദിച്ചുകൊണ്ട് ദീപകിനെതിരെ തിരിഞ്ഞു. ‘എന്റെ പേര് മുഹമ്മദ് ദീപക്..’ എന്നായി മറുപടി. ഏതാനും പേർ ചേർന്ന് ദീപകിനെ നേരിടാൻ ശ്രമിച്ചപ്പോൾ, അദ്ദേഹവും ചെറുത്തു നിന്നു. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. നിരവധി പേരാണ് ‘മേരാ നാം മുഹമ്മദ് ദീപക്’ എന്ന ഹാഷ് ടാഗുമായി ദീപകിന് പിന്തുണയുമായെത്തിയത്. അതേസമയം, ഭീഷണിയും കൊലവിളിയും മറുപക്ഷത്തു നിന്നും ഉയരുകയും ചെയ്തു.
ജനുവരി അവസാന വാരം നടന്ന സംഭവം സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞതോടെ ബ്ജറങ് ദൾ പ്രവർത്തകർ കൂട്ടം ചേർന്ന് ദീപകിനെതിരെ ആക്രമണ ആഹ്വാനവുമായി രംഗത്തെത്തുകയായിരുന്നു. വിവിധ സാമൂഹിക മാധ്യമങ്ങളിലെ ഹിന്ദുത്വ പേജുകൾ കൊലവിളിയും ഉയർത്തി. ഡെറാഡൂൺ, ഹരിദ്വാർ തുടങ്ങിയ വിവിധ നഗരങ്ങളിൽ നിന്നും സംഘടിച്ചെത്തിയ ബജ്റങ് ദൾ പ്രവർത്തർ ദീപകിന്റെ വീടിനു മുന്നിലും ജിംനേഷ്യം പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുന്നിലും ഭീഷണി മുദ്രാവാക്യങ്ങൾ മുഴക്കി. കടയുടമയെ ഭീഷണിപ്പെടുത്തിയതിനും ദീപക് കുമാറിന്റെ വീടിനു മുന്നിൽ സംഘടിച്ച് ഭീഷണിപ്പെടുത്തിയതിനും വിവിധ വകുപ്പുകൾ ചുമത്തി കേസ് എടുത്തു. 40ഓളം ബജ്റങ് ദളുകാർക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.