സുപ്രീംകോടതിയെ വിമർശിച്ച ബി.ജെ.പി എം.പിക്കെതിരെ കോൺഗ്രസ്; കോടതിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാൻ ശ്രമം, കേസെടുക്കണമെന്ന് കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ മോശം പരാമർശം നടത്തിയ ബി.ജെ.പി എം.പി നിഷികാന്ത് ദുബെയെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ദുബൈയുടേത് ഭരണഘടനാ വിരുദ്ധമായ പ്രസ്താവനയാണെന്നും സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. ദുബൈക്കെതിരെ ലോക്സഭ സ്പീക്കർ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. തങ്ങൾക്ക് ഇഷ്ടമില്ലാത്ത തീരുമാനങ്ങൾ വന്നാൽ വിധി പറഞ്ഞ ജഡ്ജിയെ ഭീഷണിപ്പെടുത്തി വില കുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്ന ഗൗരവതരമായ സ്ഥിതിവിശേഷമാണുള്ളത്.

കലാപങ്ങൾക്ക് കാരണം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ വിധിയാണെന്ന് പറഞ്ഞാൽ, ഇനി ഏത് ജഡ്ജിക്ക് വിധി എഴുതാനോ പറയാനോ സാധിക്കുമോ?. വഖഫ് ഭേദഗതി ബില്ലിൽ പാർലമെന്‍റിൽ ചർച്ച നടക്കുമ്പോൾ തന്നെ ആർട്ടിക്കിൾ 26ന്‍റെ ലംഘനമാണെന്ന് പ്രതിപക്ഷം പറഞ്ഞതാണ്. കോടതിയുടെ വരാന്തയിൽ പോലും നിൽക്കാനാവാത്ത കാര്യങ്ങൾ ബില്ലിലുണ്ടെന്നും കോടതിയെ സർക്കാർ ക്ഷണിച്ചു വരുത്തുകയാണെന്നും പ്രതിപക്ഷം പറഞ്ഞു.

പാർലമെന്‍റിന്‍റെ പേര് പറഞ്ഞ് ഏറ്റവും വലിയ ഭരണഘടന പദവിയിൽ ഇരിക്കുന്നവർ പോലും കോടതിയെ ആക്രമിക്കുകയാണ്. പാർലമെന്‍റിൽ ചർച്ചക്ക് പോലുമുള്ള അവസരമുണ്ടോ?. പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവസരമുണ്ടോ?. ഒരു ഭാഗത്ത് പാർലമെന്‍റിന്‍റെ മഹത്വം പറയും മറ്റൊരു ഭാഗത്ത് പാർലമെന്‍റിനെ കാഴ്ചക്കാരാക്കി, ചെറിയ ഭൂരിപക്ഷത്തിൽ നിയമനിർമാണം ബുൾഡോസ് ചെയ്യുകയാണെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.

സുപ്രീംകോടതി പരിധികൾ ലംഘിക്കുകയാണെന്നാണ് ബി.ജെ.പി എം.പി നിഷികാന്ത് ദുബൈ എക്സിലെ പോസ്റ്റിലും എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലും ആരോപിച്ചത്. സുപ്രീംകോടതി നിയമങ്ങളുണ്ടാക്കുകയാണെങ്കിൽ പാർലമെന്റ് പൂട്ടിയിടുന്നതാണ് നല്ലത്. ആർട്ടിക്കൾ 368 പ്രകാരം പാർലമെന്റിന് നിയമങ്ങൾ ഉണ്ടാക്കാനുള്ള അവകാശമുണ്ട്. ഈ നിയമങ്ങൾ വ്യാഖ്യാനിക്കുകയാണ് കോടതി ചെയ്യുന്നത്.

എന്നാൽ, കോടതി രാഷ്ട്രപതിക്കും ഗവർണർക്കും നിയമങ്ങൾ ഉണ്ടാക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ നൽകുകയാണ്. രാമക്ഷേത്രം, കൃഷ്ണജന്മഭൂമി, ഗ്യാൻവ്യാപി എന്നിവ നിങ്ങളുടെ മുന്നിലെത്തുമ്പോൾ രേഖകൾ ആവശ്യപ്പെടും. എന്നാൽ, മുഗളൻമാർ നിർമിച്ച പള്ളികളുടെ കാര്യം വരുമ്പോൾ ഒരു രേഖകളും ആവശ്യപ്പെടില്ലെന്നും ദുബൈ കുറ്റപ്പെടുത്തി.

അതേസമയം, ബി.ജെ.പി പ്രസ്താവനയിൽ നിന്നും അകലം പാലിക്കുകയാണ്. നിഷികാന്ത് ദുബെ സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസിനും എതിരായി നടത്തിയ പ്രസ്താവനയിൽ ബി.ജെ.പിക്ക് ഒന്നും ചെയ്യാനില്ലെന്ന് ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു. ഇത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അതിനെ ബി.ജെ.പി അനുകൂലിക്കുകയോ പ്രതികൂലിക്കുകയയോ ചെയ്തിട്ടില്ല. പ്രസ്താവന തള്ളിക്കളയുകയാണെന്നും നദ്ദ വ്യക്തമാക്കി.

Tags:    
News Summary - Congress takes a dig at Nishikant Dubey over 'controversial' remark against Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.