ലക്നോ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിവാഹ വാർത്ത ഓരോ ഇന്ത്യാക്കാരനും മാധ്യമങ്ങൾക്കും എന്നും പ്രിയപ്പെട്ട വിഷയമാണ്. റായ്ബറേലി എം.എൽ.എ അതിഥി സിങ്ങിനെ രാഹുൽ വിവാഹം കഴിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. കോൺഗ്രസ് കർണാടക തെരഞ്ഞെടുപ്പിന്‍റെ മൂർധന്യത്തിൽ എത്തിനിൽക്കെയാണ് അതിനേക്കാൾ ചൂടിൽ അധ്യക്ഷന്‍റെ വിവാഹ വാർത്തകൾ പ്രചരിക്കുന്നത്.
രാഹുൽ ഗാന്ധിയുടേയും റായ്ബറേലി എം.എൽ.എ അതിഥി സിങ്ങിന്‍റെയും ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മെയിൽ തന്നെ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. റായ്ബറേലിയിൽ നിന്നുള്ള ഏതോ വാട് സ് ആപ് ഗ്രൂപ്പാണ് വാർത്തയുടെ ഉറവിടം.
എന്നാൽ ഈ വാർത്തക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് അതിഥി സിങ് പറഞ്ഞു. രാഹുൽജി എനിക്ക് മൂത്ത സഹോദരനെപ്പോലെയാണ്. ഇത്തരം വാർത്തകൾ എന്നെ സങ്കടപ്പെടുത്തുന്നു. അദ്ദേഹം എന്‍റെ രാഖി സഹോദരനാണ് എന്നും അതിഥി സിങ് വ്യക്തമാക്കി.
സംഗതി സത്യമാണെങ്കിലും ഇല്ലെങ്കിലും വിവാഹ വാർത്ത പരന്ന് നിമിഷങ്ങൾക്കകം പലരും രാഹുൽ ഗാന്ധിക്ക് ആശംസകളുമായെത്തി. സോണിയ ഗാന്ധിയുമൊത്തും പ്രിയങ്ക ഗാന്ധിയുമൊത്തുമുള്ള അതിഥിയുടെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
യു.എസ്.എയിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും മാനേജ്മെന്‍റിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അതിഥി സിങ് റായ് ബറേലിയിൽ നിന്നും 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. റായ് ബറേലിയിൽ അഞ്ച് തവണ എം.എൽ.എയായിരുന്ന അഖിലേഷിന്‍റെ പുത്രിയാണ് അതിഥി. 29 വയസ്സായ അതിഥി പ്രിയങ്ക ഗാന്ധിയുടെ പ്രധാന സഹായികളിലൊരാളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.