പഴയ തനിമ ചോരരുത്, മരങ്ങൾ മുറിക്കരുത്! മൻമോഹൻ സിങ് സ്മാരകത്തിന് കർശന നിബന്ധനകളോടെ അനുമതി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ഓർമ്മക്കായി ഡൽഹി രാജ്ഘട്ടിലെ 'രാഷ്ട്രീയ സ്മൃതി സ്ഥലിൽ' സ്മാരകം നിർമ്മിക്കുന്നതിന് ഡൽഹി അർബൻ ആർട്ട് കമ്മീഷൻ തത്വത്തിൽ അനുമതി നൽകി. എന്നാൽ, നിർമ്മാണം നടത്തുമ്പോൾ പരിസ്ഥിതിക്കും നിലവിലുള്ള സ്മാരകങ്ങളുടെ ചരിത്രപരമായ തനിമക്കും യാതൊരുവിധ കോട്ടവും തട്ടരുതെന്ന കർശന നിർദേശങ്ങളോടെയാണ് അംഗീകാരം.

സ്മാരക നിർമ്മാണത്തിനായി പദ്ധതി പ്രദേശത്തുള്ള മരങ്ങൾ ഒന്നുപോലും മുറിച്ചുമാറ്റാൻ പാടില്ലെന്ന് കമ്മീഷൻ വ്യക്തമായി നിർദേശിച്ചിട്ടുണ്ട്. നിലവിലുള്ള മരങ്ങൾക്ക് കേടുപാടുകൾ വരുത്താതെ, അവയുടെ വേരുകളെപ്പോലും സംരക്ഷിച്ചുകൊണ്ട് വേണം സ്മാരകത്തിന്റെ ഡിസൈൻ പൂർത്തിയാക്കാൻ. കൂടാതെ, രാജ്ഘട്ടിലെ മറ്റ് സമാധികളുടെ സ്വാഭാവിക അന്തരീക്ഷത്തിനും ദൃശ്യപരമായ ഭംഗിക്കും മാറ്റം വരാത്ത രീതിയിൽ മാത്രം നിർമ്മാണ സാമഗ്രികൾ ഉപയോഗിക്കാനും നിർദ്ദേശമുണ്ട്. ഉപയോഗിക്കുന്ന മാർബിൾ, ഗ്രാനൈറ്റ്, വർണ്ണങ്ങൾ എന്നിവ നിലവിലുള്ള വാസ്തുവിദ്യയുമായി പൂർണമായി പൊരുത്തപ്പെടുന്നതായിരിക്കണം.

സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് സമർപ്പിച്ച പദ്ധതി നിർദേശത്തിലാണ് ആഗസ്റ്റ് 25-ന് ചേർന്ന കമ്മീഷൻ യോഗം അന്തിമ തീരുമാനമെടുത്തത്. സ്മാരകത്തിന്റെ പുറംമോടിയിലോ ഡിസൈനിലോ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ നിർമ്മാണം തുടങ്ങുന്നതിന് മുമ്പ് കമ്മീഷനിൽ നിന്ന് വീണ്ടും പ്രത്യേക അനുമതി വാങ്ങണം. ഇതിനുപുറമെ സന്ദർശകർക്കായി മഴ നനയാത്ത ഇരിപ്പിടങ്ങളും പാദരക്ഷകൾ സൂക്ഷിക്കാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ലാൻഡ് ആന്റ് ഡെവലപ്‌മെന്റ് ഓഫീസിന്റെ അന്തിമാനുമതി ലഭിക്കുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. 

2004 മുതൽ 2014 വരെയുള്ള രണ്ട് പതിറ്റാണ്ടുകാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിങ്, രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ എറ്റവും സുപ്രധാനമായ ഭരണഘട്ടങ്ങൾക്കാണ് നേതൃത്വം നൽകിയത്. 1991-ൽ ധനമന്ത്രിയെന്ന നിലയിൽ നടപ്പിലാക്കിയ സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളിലൂടെ രാജ്യത്തിന്റെ വികസന വഴി മാറ്റിയെഴുതിയ അദ്ദേഹം, പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ വിവരാവകാശ നിയമം , തൊഴിലുറപ്പ് പദ്ധതി, ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ, ഇൻഡോ-യു.എസ് ആണവ കരാർ തുടങ്ങിയ ചരിത്രപ്രധാനമായ തീരുമാനങ്ങൾക്ക് വഴിയൊരുക്കി. കേവലം ഒരു രാഷ്ട്രീയ നേതാവെന്നതിലുപരി ആഗോളതലത്തിൽ ആദരിക്കപ്പെട്ടിരുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് ഉചിതമായ ആദരവായാണ് തലസ്ഥാനത്ത് ഈ സ്മാരകം നിർമ്മിക്കപ്പെടുന്നത്.

Tags:    
News Summary - Delhi body approves Manmohan Singh’s memorial at Rajghat, sets conditions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.